Advertisement
Entertainment
അയാള്‍ ഇല്ലായിരുന്നെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഉണ്ടാക്കാന്‍ പറ്റില്ലായിരുന്നു, എന്റെ ഭാഗ്യമാണ് പുള്ളി: ചിദംബരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 24, 06:53 am
Monday, 24th February 2025, 12:23 pm

ഭാഷയുടെ അതിര്‍ത്തികള്‍ ഭേദിച്ച് വന്‍ വിജയം കൈവരിച്ച ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റിക്കളഞ്ഞിരുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ഗംഭീരവിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടിയോളം മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കി.

വലിയ സ്റ്റാര്‍കാസ്റ്റില്ലാത്ത ചിത്രം മേക്കിങ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മുന്നിട്ടുനിന്നു. ചിത്രം ഇത്രയും മികച്ചതാകാന്‍ സൗബിന്‍ തന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് പറയുകയാണ് സംവിധായകന്‍ ചിദംബരം. ഇത്രയും ഭ്രാന്തനായ ഒരു നിര്‍മാതാവിനെ കിട്ടിയതില്‍ തനിക്ക് നന്ദിയുണ്ടെന്നും അയാള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാകില്ലായിരുന്നെന്നും ചിദംബരം പറഞ്ഞു.

ഒരു സീനെടുക്കാന്‍ കുറച്ചധികം ചെലവാകുമെന്നും അത് വേണോ എന്ന് ചോദിക്കുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. അത് എന്തായാലും വേണമെന്ന് പറയുന്ന നിര്‍മാതാവായിരുന്നു സൗബിനെന്നും ഒന്നും കുറക്കാന്‍ പറയാതെ എല്ലാം കൂട്ടാന്‍ മാത്രമേ അദ്ദേഹം പറയാറുള്ളൂവെന്നും ചിദംബരം പറയുന്നു. നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ജോര്‍ജ് എന്നിവരോട് വലിയ നന്ദിയുണ്ടെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സായി വേഷമിട്ട എല്ലാവരും തന്റെ കുടുംബത്തെപ്പോലെയാണെന്നും തന്നെ സഹിച്ചതിന് അവരോട് നന്ദിയുണ്ടെന്നും ചിദംബരം പറയുന്നു. ചിത്രത്തിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഉള്ളവര്‍ തന്ന സപ്പോര്‍ട്ടും വളരെ വലുതാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.

‘ഒരു ഭ്രാന്തനായ പ്രൊഡ്യൂസറെ കിട്ടിയതില്‍ എനിക്ക് നന്ദിയുണ്ട്. പുള്ളി ഇല്ലായിരുന്നെങ്കില്‍ ഈ പടം ഇത്ര നന്നായി ഉണ്ടാക്കാന്‍ പറ്റില്ലായിരുന്നു. ഇപ്പോള്‍ ഒരു സീന്‍ എടുക്കുമ്പോള്‍ അതിന് കുറച്ച് ചെലവാകും, അത് വേണോ എന്ന് ചോദിക്കുമ്പോള്‍ ‘അത് എന്തായാലും വേണം’ എന്ന് പറയുന്ന ആളായിരുന്നു സൗബിക്ക. ഷോണ്‍ ജോര്‍ജ്, സൗബിക്ക, ബാബുക്ക എന്നിവരോട് വലിയ നന്ദിയുണ്ട്.

അതുപോലെ ഈ സിനിമയിലെ മഞ്ഞുമ്മല്‍ ബോയ്‌സായി വേഷമിട്ട എല്ലാവരും എന്റെ കുടുംബത്തെപ്പോലെയാണ്. അതില്‍ എനിക്ക് അഭിമാനമുണ്ട്. അതുപോലെ ആ പടത്തിലെ എഡിറ്റിങ്, ക്യാമറ, മ്യൂസിക്, പ്രൊഡക്ഷന്‍ ഡിസൈന്‍ അങ്ങനെ എല്ലാ ടീമിനോടും വലിയ നന്ദി എനിക്കുണ്ട്. നന്ദി പറയേണ്ട ആവശ്യമുണ്ടോ എന്ന് പോലും എനിക്കറിയില്ല,’ ചിദംബരം പറഞ്ഞു.

Content Highlight: Director Chidambaram saying Soubin Shahir never compromised during Manjummel Boys movie shoot