മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ഇന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ചിദംബരം. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ജാന്‍ എ മന്നും ശ്രദ്ധേയമായിരുന്നു. ചിദംബരവും അദ്ദേഹത്തിന്റെ സഹോദരന്‍ ഗണപതിയും സപ്‌നേഷ് വരച്ചാലും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.
സംവിധായകന്‍ ചിദംബരത്തിന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത സിനിമയാണ് ജാന്‍ എ മന്‍. ആദ്യ സിനിമ ഒരു സീരിയസ് സബ്ജക്ട് ആയിരിക്കണമെന്നായിരുന്നു താത്പര്യമെന്നും എന്നാല്‍ ജാന്‍ എ മന്‍ വന്നപ്പോള്‍ ഒഴിവാക്കാന്‍ കഴിയില്ലായിരുന്നെന്നും ചിദംബരം പറയുന്നു.
ഇന്‍സ്റ്റന്റ് നൂഡില്‍സ് പോലെയായിരുന്നു ഈ ചിത്രമെന്നും കാരണം അത്രയും വേഗത്തില്‍ ഉണ്ടായ ചിത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ചിദംബരം.
‘ജാന്‍ എ മന്‍ ഉണ്ടാക്കാന്‍ സത്യത്തില്‍ എളുപ്പമായിരുന്നു. ഞാന്‍ ആ പ്രൊജക്ടിലേക്ക് എത്തിപ്പെട്ടതാണെന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് എന്റെ ഒരു ബര്‍ത്ത്‌ഡേയ്ക്ക് സംഭവിച്ചതാണ് ഇതില്‍ പകുതിയും.
ഞാന്‍ തിരുവനന്തപുരത്തേക്ക് എന്റെ ഹൈസ്‌കൂള്‍ ഫ്രണ്ടിനെ കാണാന്‍ വേണ്ടി പോകുകയായിരുന്നു, അപ്പോള്‍ എന്റെ മുപ്പതാമത്തെ ബര്‍ത്ത്‌ഡേ ആയിരുന്നു. ഞാന്‍ ഓര്‍ത്തു ആ ദിവസം എന്റെ കൂട്ടുകാരുടെ കൂടെ ചെലവഴിക്കാമെന്ന്, അങ്ങനെ എന്റെ പഴയ ഫ്രണ്ട്‌സിനെ എല്ലാം വിളിച്ചു. അവിടെ പാര്‍ട്ടി തുടങ്ങിയപ്പോഴേക്കും അടുത്തവീട്ടിലെ ഒരു അമ്മൂമ്മ മരിച്ച് പോയി.
നമ്മുടെ ഒരു മോറലില്‍ നിന്ന് കൊണ്ട് ഞങ്ങള്‍ പാര്‍ട്ടി ചെയ്യുന്നത് ശരിയാണോ എന്ന് ആ
ലോചിച്ചു. പിന്നെ ഞങ്ങള്‍ പാര്‍ട്ടി ചെയ്യാന്‍ തുടങ്ങി, ഞങ്ങള്‍ അന്താക്ഷരി കളിക്കാന്‍ തുടങ്ങി. ആ മരണത്തെ അപമാനിക്കുന്നതല്ല പക്ഷെ അങ്ങനൊരു സിറ്റിയില്‍ നിങ്ങള്‍ക്ക് അവര്‍ ആരാണെന്ന് അറിയില്ല. കുറച്ച് കഴിയുമ്പോഴേക്കും ആ ഒരു അകലം നിങ്ങള്‍ക്ക് ഫീല്‍ ചെയ്യാന്‍ തുടങ്ങും. അറിയുന്ന ആളുകളുടെ ദുഃഖത്തില്‍ പങ്ക്ചേര്‍ന്നാല്‍ പോരെ എന്നൊരു ചിന്തയൊക്കെ വരും.
അവിടെ നിന്നാണ് എനിക്ക് ജാന്‍ എ മന്‍ എന്ന സിനിമയുടെ ഐഡിയ കിട്ടുന്നത്. ഞാന്‍ കണ്ണൂരില്‍ ഉള്ളപ്പോള്‍ ഇത് അനിയനോട് പറഞ്ഞു. അവനിതൊരു നല്ല കോമഡി പടമായിരിക്കുമെന്ന് പറഞ്ഞു. ഞങ്ങള്‍ പിന്നെ അതങ്ങ് വിട്ടു. പിന്നെ അവന്‍ കൊച്ചിയിലേക്ക് വന്ന് ഈ സിനിമയുടെ നിര്‍മാതാക്കളായ ഗണേഷിനോടും ലക്ഷ്മിയോടും സംസാരിച്ചു. ഗണപതി കഥ പറഞ്ഞപ്പോള്‍ അവര്‍ക്ക് ഇഷ്ടമാകുകയും നമുക്കിത് ചെയ്യാം എന്നും പറഞ്ഞു.
പക്ഷെ ഒരു സീരിയസ് സിനിമ ചെയ്ത് കൊണ്ട് തുടങ്ങണം എന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്, കോമഡി ചെയ്ത് ഫലിപ്പിക്കുക എന്ന് വെച്ചാല്‍ അത് കുറച്ച് റിസ്‌ക് ഉള്ള കാര്യമാണ്. അതുകൊണ്ട് ചെയ്യണോ വേണ്ടയോ എന്നുള്ള ചിന്തയില്‍ ആയിരുന്നു. ഞാന്‍ ആയിരുന്നു സിനിമയുടെ മെയിന്‍ റൈറ്റര്‍. പിന്നെ ഗണപതിയും വേറൊരാളും കൂടെ ഉണ്ടായിരുന്നു. ഞങ്ങള്‍ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് ഒരു മാസത്തിനകത്താണ് ചെയ്ത് തീര്‍ത്തത്. ശരിക്കും ഈ സിനിമ ഒരു ഇന്‍സ്റ്റന്റ് നൂഡില്‍സ് പോലെയാണ്,’ ചിദംബരം പറയുന്നു.
Content Highlight: Director Chidambaram S. Poduval Talks His First Film Jan. E. Man