|

റിയല്‍ ഗുണാ കേവ്‌സിലും ഞങ്ങള്‍ രണ്ട് സീന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്, സെറ്റില്‍ മാത്രം ഷൂട്ട് ചെയ്താല്‍ മോശമല്ലേ: ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ നാലാമത്തെ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന സിനിമ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ്, ഗണപതി, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൊടൈക്കനാലിലെ ഗുണാ കേവ്‌സ് സിനിമയുടെ പ്രധാന ലൊക്കേഷനാണ്. ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെട്ടിരുന്ന ഗുഹ 1991ല്‍ കമല്‍ ഹാസന്റെ ഗുണ എന്ന സിനിമ ചിത്രീകരിച്ച ശേഷമാണ് ഗുണാ കേവ്‌സ് എന്നറിയപ്പെട്ടു തുടങ്ങിയത്. അത്യധികം അപകടം നിറഞ്ഞ സ്ഥലമായ ഗുണാ കേവ്‌സിനെ എറണാകുളത്ത് സെറ്റിട്ട് ചിത്രീകരിക്കുകയായിരുന്നു. ഒറിജിനല്‍ ഗുണാ കേവിന്റെ മുകളില്‍ നില്‍ക്കുന്ന തരത്തിലായിരുന്നു അജയന്‍ ചാലിശ്ശേരി എന്ന കലാസംവിധായകന്‍ ഗുണാ കേവ് പുനഃസൃഷ്ടിച്ചത്. എന്നാല്‍ യഥാര്‍ത്ഥ ഗുണാ കേവ്‌സിലും സിനിമ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ചിദംബരം. ജാങ്കോ സ്‌പേസ് ടി.വി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

‘നമ്മള്‍ ഒറിജിനല്‍ ഗുണാ കേവ്‌സിലും ഷൂട്ട് ചെയ്തിട്ടുണ്ട്. ഭാസിയുടെ ഡ്രീം സീക്വന്‍സ് ഷൂട്ട് ചെയ്തത് റിയല്‍ ഗുണാ കേവ്‌സാണ്. ഒരു സീനെങ്കിലും റിയല്‍ ഗുണാ കേവ്‌സില്‍ ഷൂട്ട് ചെയ്തില്ലെങ്കില്‍ മോശമല്ലേ. അതിന്റെയകത്ത് നില്‍ക്കുമ്പോള്‍ നമ്മളൊന്നും ഒന്നുമല്ല എന്ന ഫീലാണ് കിട്ടുന്നത്. കാരണം നമ്മളെക്കാള്‍ എത്രയോ പഴയതാണ് ആ കേവും കേവ് സിസ്റ്റവും. അത്രയും പ്രീ ഹിസ്റ്റോറിക് ആയിട്ടുള്ള സ്ഥലത്ത് നില്‍ക്കുമ്പോള്‍ ശിലായുഗത്തിലേക്ക് കൊണ്ടു പോവുന്ന ഫീലായിരുന്നു ഗുഹയ്ക്കകത്ത് കിട്ടിയത്. ആ സ്ഥലത്തെ അതുപോലെ ഒപ്പിയെടുത്ത് ഇപ്പുറത്തേക്ക് അജയേട്ടന്‍ കൊണ്ടുവന്നിട്ടുണ്ട്,’ ചിദംബരം പറഞ്ഞു.

ചന്തു സലിംകുമാര്‍, അഭിറാം പൊതുവാള്‍, ദീപക് പറമ്പോള്‍, ജോര്‍ജ് മരിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു, പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Director Chidambaram reveals they shoot two scenes in real Guna caves