| Monday, 11th March 2024, 1:27 pm

ആ ചായക്കടക്കാരന്‍ റിയല്‍ ക്യാരക്ടറാണ്, അദ്ദേഹത്തിന്റെ മകന് ഗുണ കേവിലെ കുഴിയില്‍ വീണ് മരണപ്പെട്ടതാണ്: ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് സൃഷ്ടിച്ച ഓളം ഇപ്പോഴും അവസാനിച്ചിട്ടില്ല.

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര തിരിച്ച ചെറുപ്പക്കാര്‍ക്ക് നേരിടേണ്ടി വന്ന ഒരു ദുരന്തത്തെ അതേ രീതിയില്‍ ദൃശ്യവത്ക്കരിക്കാന്‍ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ചിദംബരത്തിന് സാധിച്ചിട്ടുണ്ട്.

കേരളത്തിലും പുറത്തുമായി സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. യഥാര്‍ത്ഥ സംഭവമാണ് സിനിമയെന്നതും അത് ദൃശ്യവത്കരിച്ചിരിക്കുന്ന രീതിയും തന്നെയാണ് സിനിമയെ ഇത്രയേറെ പോപ്പുലറാക്കിയത്.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലെ റിയല്‍ ക്യാരക്ടറുകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ചിദംബരം. ചിത്രത്തില്‍ ചായക്കടക്കാരന്‍ റിയല്‍ ക്യാരക്ടറാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ മകന്‍ ഗുണ കേവിലെ കുഴിയില്‍ വീണ് മരണപ്പെട്ടിട്ടുണ്ടെന്നും ചിദംബരം പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.

‘സിനിമയില്‍ കാണിക്കുന്ന ചായക്കടക്കാരന്‍ റിയല്‍ ക്യാരക്ടറാണ്. അദ്ദേഹത്തിന്റെ മൂത്ത മകന്‍ ആ കുഴിയില്‍ പോയിട്ടുണ്ട്. പുള്ളിക്കാരന്റെ മറ്റൊരു മകനെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അവിടെ ചായക്കട നടത്തുന്നുണ്ട്. അത് ആത്മഹത്യയാണോ എന്നൊന്നും അറിയില്ല. എന്റെ അണ്ണന്‍ ആ കുഴിയിലാണ് പോയതെന്ന് എന്നോട് ഈ പുള്ളി പറഞ്ഞിരുന്നു,’ ചിദംബരം പറഞ്ഞു.

നമ്മുടെ നാട്ടില്‍ ഇങ്ങനത്തെ ഒരു സ്ഥലമുണ്ടെങ്കില്‍ രാത്രിയാകുമ്പോള്‍ ആ പ്രദേശത്തുള്ള ചേട്ടന്മാരൊക്കെ ചിലപ്പോള്‍ അവിടെ പോയി ഇരിക്കുമായിരിക്കും. എന്നാല്‍ ഈ ഏരിയയില്‍ ഉള്ളവര്‍ അവിടേക്ക് പോവാറേ ഇല്ല. അവര്‍ക്ക് പേടിയാണ്. കുറേ വിശ്വാസങ്ങളുണ്ട് അവര്‍ക്ക്.

സിനിമയുടെ ഭാഗമായി ഞാന്‍ ആദ്യമായി ഗുണ കേവില്‍ ഇറങ്ങാന്‍ പോവുകയായിരുന്നു. രാവിലെ ഞാന്‍ ഇറങ്ങാന്‍ വേണ്ടി പോകുന്ന സമയത്ത് ഗാര്‍ഡ് വന്നിട്ട് എന്റെ കയ്യില്‍ ഒരു ചെറുനാരങ്ങയും ഇരുമ്പുദണ്ഡും തന്നു. അത് കയ്യില്‍ വെക്കാന്‍ പറഞ്ഞു.

ഇത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അവിടെ നെഗറ്റീവ് എനര്‍ജിയുണ്ടെന്നാണ് അവര്‍ പറയുന്നത്. നാരങ്ങ ഒരു തരത്തില്‍ നല്ലതാണ്. അകത്ത് വവ്വാലിന്റെ മണമുണ്ട്. ആ മണം നമുക്ക് ഹാലൂസിനേറ്റ് ചെയ്യും. അതുകൊണ്ട് കൂടിയാണ് വവ്വാലുള്ള സ്ഥലത്ത് നമുക്ക് പേടിയാകുന്നത്. അതുകൊണ്ടാണ് നാരങ്ങ മണപ്പിക്കുന്നത്. ഗുണ കേവിലേക്ക് ഇറങ്ങുന്നത് ഒട്ടും എളുപ്പമല്ല.

ഒരു ഫ്രീസര്‍ പോലെയാണ് അവിടെ. രണ്ട് പില്ലര്‍ റോക്കിനിടയില്‍ ആണ് ഈ കേവ്. അവിടെ കുരങ്ങന്‍മാര്‍ മരിച്ചുകിടക്കുന്നുണ്ട്. സിനിമയില്‍ കാണിക്കുന്ന ആ തലയോട്ടി അവിടെ ഇറങ്ങിയപ്പോള്‍ എനിക്ക് കിട്ടിയതാണ്.

കുഴിയില്‍ എത്തുമ്പോള്‍ നല്ല ഇരുട്ടായിരുന്നു. ഞാന്‍ ആദ്യം ഇറങ്ങുമ്പോള്‍ കണ്ട സ്വഭാവമല്ല കേവിന് പിന്നീട്. ആദ്യം ഇറങ്ങിയത് ഒരു വേനലിലായിരുന്നു. പിന്നീട് മഴക്കാലത്ത്. മഴക്കാലത്ത് അവിടേക്ക് ഇറങ്ങുക എന്നത് അപകടം പിടിച്ച പണിയാണ്.

അതുപോലെ കൊടൈക്കനാല്‍ നമ്മള്‍ എവിടെ പോയാലും റൂം വേണോ എന്ന് ചോദിച്ച് കുറേ ആള്‍ക്കാര്‍ ഉണ്ടാകും. അതില്‍ ഒരാളെ റെപ്രസന്റ് ചെയ്യണെന്ന് എനിക്ക് തോന്നി. കാരണം അവര്‍ക്കായിരിക്കും ആ പ്രദേശത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ ഉണ്ടാകുക. അവര്‍ കൊടൈയുടെ മക്കളാണ്. അതുകൊണ്ട് തന്നെ അങ്ങനെയുള്ള ഒരു ക്യാരക്ടര്‍ വേണമെന്ന് തോന്നിയതും ഒരു നിര്‍ണായക കഥാപാത്രമായി അത്തരത്തില്‍ ഒരാളെ കൊണ്ടുവന്നതും,’ ചിദംബരം പറഞ്ഞു.

Content Highlight: Director Chidambaram about Real Characters on Manjummel Boys

Latest Stories

We use cookies to give you the best possible experience. Learn more