മമ്മൂട്ടിയുമൊത്തുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് സംവിധായകൻ സിബി മലയിൽ. മമ്മൂട്ടിക്ക് ഒപ്പമുള്ള മദ്രാസ് യാത്രയെക്കുറിച്ചും അവിടുന്ന് സെക്കന്റ് ഷോ കാണാൻ പോയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. സിനിമയുടെ ഇടയ്ക്ക് വന്ന പരസ്യത്തിൽ ഒരു പെൺകുട്ടിയെ കണ്ടപ്പോൾ മമ്മൂട്ടിക്ക് മകളെ കാണാൻ തോന്നിയെന്നും പടയോട്ടം സിനിമയുടെ ഷൂട്ട് കാരണം അദ്ദേഹത്തിന് മകളെ കാണാൻ കഴിഞ്ഞിരുന്നില്ലെന്നും സിബി മലയിൽ പറഞ്ഞു. മീഡിയ വൺ ലൈവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പടയോട്ടം സിനിമയുടെ അടുത്ത ഷെഡ്യൂളിനുള്ള പാട്ടുകൾ റെക്കോർഡ് ചെയ്യണം, ഷൂട്ട് ചെയ്ത അത്ര പോർഷൻ എഡിറ്റ് ചെയ്യണം. അതിന് വേണ്ടി ഞാനും ജിജോയും മദ്രാസിലേക്ക് പോകുമ്പോൾ മമ്മൂട്ടി പറഞ്ഞു ‘എനിക്കും മദ്രാസിലേക്ക് വരണം ഞാൻ ചെയ്ത സിനിമയുടെ ബാക്കി ചെയ്യാനുണ്ട്’ എന്ന്. അങ്ങനെ അദ്ദേഹം മദ്രാസിലേക്ക് വന്നു.
ജെ.സി. ജോർജ് എന്ന സംവിധായകന്റെ കൊട്ടും കുരവയും എന്ന സിനിമ നിന്ന് പോയിരുന്നു. വീണ്ടും മമ്മൂട്ടി സജീവമാകുന്നതോടുകൂടി സിനിമ രണ്ടാമതും സംഭവിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം അവിടേക്ക് വരുന്നു. അദ്ദേഹം പ്രതീക്ഷിച്ചത് പോലെ നിർമാതാക്കളെ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.
പോകുന്ന വഴിക്ക് എന്നോട് പറഞ്ഞു ‘ഈ ഒരു ഹോട്ടലിൽ നിർത്തിയാൽ മതി, അവിടെ എന്റെ പ്രൊഡ്യൂസറുണ്ട്, എനിക്കവിടെ റൂം ഉണ്ട്’എന്നൊക്കെ.
ഞങ്ങൾ നവോദയയുടെ ഗസ്റ്റ് ഹൗസിലേക്ക് പോയി. ഞാൻ താമസിക്കുന്നത് രാജ് ഹോട്ടലിലാണ്. അത് സഹ സംവിധായകരും ഇടത്തരം അഭിനേതാക്കളും താമസിക്കുന്ന ഒരു മീഡിയം ഹോട്ടലാണ്. അവിടെ ഒരു സിംഗിൾ മുറിയിലാണ് ഞാൻ താമസിക്കുന്നത്.
മമ്മൂട്ടി രാത്രി അവിടേക്ക് വന്നു. ‘അവിടെ ആരുമില്ല എനിക്ക് താമസിക്കാൻ ഇടമില്ല ഞാൻ ഇവിടെ കിടന്നോട്ടെ’ എന്ന് ചോദിച്ചു. ഇത് സിംഗിൾ ബെഡാണ്, അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമെങ്കിൽ കിടക്കാം എന്ന് പറഞ്ഞപ്പോൾ, അതൊന്നും കുഴപ്പമില്ല എന്ന് അദ്ദേഹം പറഞ്ഞു.
ഈ ഒറ്റക്കട്ടിലിൽ നമ്മൾ രണ്ടുപേരും കിടക്കണം അതുകൊണ്ട് ഒരു സെക്കൻഡ് ഷോക്ക് പോകാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് നടന്ന് സഫേർ തിയേറ്ററിൽ പോയി. ഫ്ലഷ് എന്ന ഇംഗ്ലീഷ് സിനിമ കണ്ടു.
ആ സിനിമയുടെ ഒരു ഇടവേളയിൽ ഏതോ ഒരു ബേബി ഫുഡിന്റെ പരസ്യം കാണിക്കുമ്പോൾ ഒരു പെൺകുട്ടിയെ കാണാം. എനിക്ക് മോളെ കാണണം,എനിക്ക് മോളെ കാണാൻ പറ്റിയില്ലല്ലോ എന്ന് മമ്മൂട്ടി എന്നോട് പറഞ്ഞു.
കാരണം പടയോട്ടം സിനിമ ഷൂട്ട് ചെയ്യുന്ന സമയത്താണ് മകൾ സുറുമി ഉണ്ടാകുന്നത്. അതിന്റെയൊക്കെ തിരക്കിൽ മകളുടെ അടുത്ത് കൂടുതൽ സമയം ചെലവഴിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്തൊരു നിഷ്കളങ്കനായ സാധുവായ മനുഷ്യനാണ്. പുറമേ കാണുന്ന ഗൗരവം ഒന്നുമില്ല എന്ന് എനിക്കപ്പോൾ തോന്നി. അഭിനേതാവ് എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലുമല്ലാതെ അതിന്റെ അപ്പുറത്തേക്കൊരു മനുഷ്യൻ എന്ന നിലയ്ക്ക് വല്ലാത്ത സ്നേഹം തോന്നിയ ഒരു സന്ദർഭമാണ് അത്,’ സിബി മലയിൽ പറഞ്ഞു.
Content Highlight: Director CB Malail shares memories with Mammootty