മണിരത്‌നം സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദളപതി. മമ്മൂട്ടി, രജനികാന്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അരവിന്ദ് സ്വാമിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ്. ഇളയരാജ സംഗീതം നല്‍കിയ സിനിമ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ്. സിനിമ സ്വപ്നം കാണുന്നവരുടെ പാഠ പുസ്തകം എന്ന് പലരും വിശേഷിപ്പിക്കുന്ന ചിത്രം കൂടിയാണ് ദളപതി.
ദളപതി സിനിമയെ കുറിച്ച് സംസാരിക്കുകയാണ് 96 എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ പ്രേം കുമാര്‍. ദളപതി സിനിമ തുടങ്ങുന്നത് തന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണെന്നും രജിനികാന്തിനെ അതുവരെ കാണാത്ത ശൈലിയിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രേം കുമാര്‍ പറയുന്നു. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി നന്നായി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും മമ്മൂട്ടിയെയും രജിനികാന്തിനെയും എതിര്‍ത്ത് സംസാരിക്കുന്ന കലക്ടറിനേയും ഇഷ്ടപ്പെട്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ അഭിനേതാക്കളല്ലാതെ ചിത്രത്തില്‍ പണിയറിയുന്ന ആരോ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മനസിലായെന്നും ചിത്രത്തിന്റെ പോസ്റ്റര്‍ പോയി നോക്കി അതില്‍ അഭിനേതാക്കളല്ലാത്തവരുടെ പേരുകള്‍ മനഃപാഠമാക്കിയെന്നും പ്രേം കുമാര്‍ പറയുന്നു. വേറെ സിനിമയുടെ പോസ്റ്ററില്‍ ദളപതിയുടെ അണിയറപ്രവര്‍ത്തകരുടെ പേര് കണ്ടാല്‍ പോയി കാണാന്‍ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്. എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രേം കുമാര്‍.
‘ദളപതി സിനിമ തുടങ്ങിയപ്പോള്‍ തന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണ് ആരംഭിച്ചത്. രജിനികാന്തിന്റെ സ്‌റ്റൈലില്‍ അല്ലായിരുന്നു ആ സിനിമ. സിഗരറ്റ് സ്‌റ്റൈലായിട്ട് വലിക്കുന്നതൊന്നും അതില്‍ കാണിക്കുന്നില്ല. പക്ഷെ അദ്ദേഹത്തെ ആ ചിത്രത്തില്‍ വളരെ ഇഷ്ടപ്പെട്ടു. മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാറാണ് മമ്മൂട്ടി എന്നറിയാമായിരുന്നു, അവരും അഭിനയിച്ചിട്ടുണ്ട്. അതി മനോഹരമായി അഭിനയിച്ചിട്ടുണ്ട്.
ഇവര്‍ രണ്ടു പേരും അല്ലാതെ മൂന്നാമത് നല്ല ഭംഗിയുള്ളൊരു കലക്ടര്‍ അഭിനയിച്ചിട്ടുണ്ട്. നോക്കുമ്പോള്‍ അദ്ദേഹം മമ്മൂട്ടി സാറിനെയും രജിനി സാറിനെയുമെല്ലാം എതിര്‍ത്ത് സംസാരിക്കുന്നു. അദ്ദേഹത്തെയും നമുക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഈ സിനിമയില്‍ അഭിനേതാക്കളല്ലാതെ പണി അറിയുന്ന ആരോ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മനസിലായി. ഇതിനെല്ലാം പുറകില്‍ ഒരു തലച്ചോറുണ്ടെന്ന് അപ്പോഴാണ് മനസിലായത്.
അങ്ങനെ പുറത്ത് വന്ന് സിനിമയുടെ പോസ്റ്റര്‍ നോക്കി. സംവിധാനം മണിരത്‌നം, ക്യാമറ സന്തോഷ് ശിവന്‍, എഡിറ്റര്‍ ആരാണ് അങ്ങനെ അഭിനേതാക്കള്‍ അല്ലാത്തവരുടെ പേരുകളെല്ലാം മനഃപാഠം ചെയ്തു. വീണ്ടും അവരുടെ പേരുകള്‍ വേറെ ഏതെങ്കിലും സിനിമ പോസ്റ്ററില്‍ കണ്ടാല്‍ ആ സിനിമ അപ്പോള്‍ പോയി കാണണം എന്ന് തീരുമാനിച്ചു,’ പ്രേം കുമാര്‍ പറയുന്നു.
Content Highlight: Director C. Prem Kumar Talks About Thalapathi Movie