കശുമാങ്ങയില്‍ തുടങ്ങി സെറ്റ്‌ടോപ്പ്‌ബോക്‌സ് വരെ ബ്രില്യന്‍സ് ഒളിപ്പിച്ച സിനിമയാണ് ജയ ജയ ജയഹേ. സിനിമയിലെ കൃത്യമായ ഡീറ്റെയ്‌ലിങ്ങിനെ കുറിച്ച് മുമ്പും ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം വീണ്ടും സിനിമയിലെ ഓരോ ബ്രില്യന്‍സും ചികഞ്ഞെടുത്ത് ചര്‍ച്ചയ്ക്ക് വെക്കുകയാണ് സോഷ്യല്‍ മീഡിയ.
മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസ് എന്ന മൂവി ഗ്രൂപ്പില്‍ ജോസ് മോന്‍ വാഴയില്‍ എന്ന പ്രൊഫൈലില്‍ നിന്നുമാണ് ജയ ഹേയിലെ പുത്തന്‍ ബ്രില്യന്‍സിനെ കുറിച്ചുള്ള എഴുത്തുകള്‍ വന്നിരിക്കുന്നത്.
സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ടൈറ്റിലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ‘ജ’യുടെ കുനിപ്പിനുള്ളിലെ കശുവണ്ടിയും, ‘ഹേ’യുടെ ഉള്ളിലെ ജയയുടെ കിടിലന്‍ ചവിട്ടും നമ്മള്‍ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. സിനിമയുടെ തുടക്കം സീനില്‍ നിന്ന് തന്നെ ആരംഭിക്കാം. ചോറും കറിയും വച്ച്, കുളിച്ച് റെഡിയായി, കശുവണ്ടി തല്ലാന്‍ പോകുന്ന സ്ത്രീ വീടിന്റെ വാതില്‍ക്കലൂടെ ഇറങ്ങിപോകുമ്പോള്‍, അതിനൊപ്പം തന്നെ പുതച്ചുമൂടിക്കിടക്കുന്ന ആണൊരുത്തന്റെ കാല് കൂടി കാണിക്കുന്നുണ്ട്. കൂടുതല്‍ നേരം ഉറങ്ങാനുള്ള ആണിന്റെ പ്രിവിലേജാണ് ആ രംഗംകൊണ്ട് സൂചിപ്പിക്കുന്നത്. പിന്നെ നേരത്തെ എണീറ്റ ഏതോ കാരണവര്‍ ഒരാള്‍ അപ്പോഴും ബീഡിയും കത്തിച്ച് നോക്കിയിരിക്കുന്നതും സിനിമയില്‍ കൃത്യമായി തന്നെ കാണിച്ചിട്ടുണ്ട്.
ഇതൊന്നും മാത്രമല്ല കൃത്യമായ ഡീറ്റെയ്‌ലിങ്ങും സിനിമയുടെ പ്രത്യേകതയാണ്. നമ്മള്‍ മുമ്പ് പറഞ്ഞ ആ കാരണവരെ കാണിക്കുന്ന സീനില്‍ ലോങ് ഷോട്ടില്‍, അടുത്തായി തന്നെ കൊല്ലം അര്‍ച്ചനയില്‍ കിന്നാരതുമ്പികള്‍ ഓടുന്നതിന്റെ പരസ്യം കാണുന്നുണ്ട്. വര്‍ഷം 2000 ആണ്, അതായത് ജയ ജനിച്ച വര്‍ഷവും 2000 തന്നെയാണ്. ബസ് സ്റ്റോപ്പിലും വര്‍ഷം 1996 – 2001 എന്ന് കാണാം. 2022 ല്‍ 22 വയസ് എന്നത് പിന്നീട് കോര്‍ട്ട് പേപ്പറില്‍ കാണിക്കുന്നത് ഇതിനോടൊപ്പം കൂട്ടിവായിക്കാം. പിന്നെ ടൈറ്റിലും ക്രെഡിറ്റും എഴുതിക്കാണിക്കുമ്പോള്‍ ഒപ്പം കാണിക്കുന്ന ചില ചിത്രങ്ങളുണ്ട്്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്വതന്ത്രമായി പറന്ന് നടക്കുന്ന തത്ത. ഓപ്പണിങ് ക്രെഡിറ്റ് അവസാനിക്കുമ്പോള്‍ ആ തത്ത കശുമാവിന്റെ കൊമ്പില്‍ എത്തിനില്‍ക്കും. ആ തത്ത ഒരു മെറ്റഫര്‍ ആണ്… അത് ഏതോ രാജേഷിന്റെ കൂട്ടില്‍ നിന്നും രക്ഷപെട്ട് പോരുന്നതാവാം. അതുപോലെ, കൊല്ലത്താണ് കഥ നടക്കുന്നത് എന്നതും കൃത്യമായി ആ വരകളിലെ, ബസ് സ്റ്റാന്‍ഡ്, ക്ലോക്ക് ടവര്‍ എന്നിവയിലൂടെയൊക്കെ കാണിച്ചുതരുന്നുമുണ്ട്.
ജയയുടെ വീട്ടിലെ തൂങ്ങിയാടിക്കിടന്നിരുന്ന ഊഞ്ഞാല്‍ കല്യാണസമയത്ത് പൊക്കികെട്ടിവെച്ചിരിക്കുന്നതായിട്ട് കാണിക്കുന്നത് സത്യത്തില്‍ ജയയുടെ അവസ്ഥ തന്നെയാണ് സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനു മേലേ വീണ കെട്ട്. തുടര്‍ന്നങ്ങോട്ട് രാജേഷിന്റെ വീട്ടിലെ പൊട്ടിയതും ഒട്ടിച്ചതുമായ ഐറ്റംസൊക്കെ എല്ലാവരും ശ്രദ്ധിച്ചുകാണുമല്ലോ. ഒപ്പം തന്നെ മുറ്റത്തും പരിസരത്തും കിടക്കുന്ന കോഴിയെ ഇട്ട് വെക്കുന്ന നെറ്റ്ബോക്സുകളും. അങ്ങനെ സിനിമയില്‍ കാണിക്കുന്ന മുട്ടു സൂചിയില്‍ വരെ കൃത്യമായി ശ്രദ്ധിച്ചിട്ടുണ്ട്.
പിന്നെ കൊല്ലത്ത് നടക്കുന്ന കഥയില്‍ തിയേറ്ററില്‍ പോകുന്നതും കൊല്ലത്തു തന്നെയാവണമല്ലോ. കൊല്ലം പാര്‍ത്ഥ തിയേറ്ററിലാണ് ജയയും രാജേഷും സിനിമക്ക് സാധാരണയായി പോകുന്നത്. രാജേഷിന്റെ അമ്മയുടെ സ്ഥിരം കൈവേദനയുടെ കാരണം ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇടിയപ്പത്തിന് ഞെക്കി ഞെക്കി ആ അവസ്ഥയിലായതാത്രെ.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ കിട്ടിയ കരാട്ടെ ബ്ലാക് ബെല്‍റ്റും ഡ്രെസ്സുമാണ് രാജേഷ് പഴയ പെട്ടിയില്‍ നിന്നും എടുത്ത് ഇട്ട് ഫൈറ്റിനു തയാറാവുന്നത്. അതുകൊണ്ടാണ് വയറും നെഞ്ചും ആ ഡ്രസ്സില്‍ ഒതുങ്ങാതെ ഇരിക്കുന്നത്. പഠിച്ച കാലത്ത് ഡ്രസ്സ് കുറച്ച് ലൂസ് ആയിരുന്നതുകൊണ്ട് അത്രേമെങ്കിലും കയറി.
ഫൈറ്റിന്റെ കാര്യം പറയുമ്പോ ബ്രില്യന്റായി തോന്നിയ മറ്റൊരു കാര്യം കൂടി പറയാം. ആ മുട്ടനടി കഴിഞ്ഞ് റൂമില്‍ ഉണ്ടായിരുന്നതെല്ലാം മാറ്റിക്കഴിഞ്ഞ് ഒഴിഞ്ഞ മുറിയില്‍ നിന്നുകൊണ്ട് രാജേഷ് ചായ കിട്ടുമോ എന്ന് ചോദിക്കുമ്പോള്‍ ഉണ്ടാകുന്ന റൂം എക്കോ, സൂക്ഷ്മതയുടെ മികവ്. അതിനു ശേഷമുള്ള സീനില്‍ രാജേഷിന്റെ പിന്നിലെ അലമാരയില്‍ സെറ്റ് ടോപ് ബോക്സ് വെച്ചിരിക്കുന്നത് കാണാം. പുതിയ ടി.വി വരും വരെ മാത്രമാണ് അത് കാണാന്‍ കഴിയുന്നത്.
സിനിമയില്‍ എല്ലാവരെയും വളരെയേറെ വിഷമിപ്പിച്ച മറ്റൊരു സീനാണ്, തനിക്കിവിടെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞ് ജയ ചേട്ടന് മെസേജ് അയക്കുമ്പോള്‍, മുമ്പെപ്പോഴോ ജയക്ക് അയച്ച അതേ വോയിസ് മെസേജ് തന്നെ ചേട്ടന്‍ ജയന്‍ ഫോര്‍വേഡ് ചെയ്യുന്നതായി കാണിക്കുന്നത്.
ജയക്ക് പിരീഡ്സ് ആണെന്നറിഞ്ഞ ശേഷം രാജേഷ്, അണ്ണന്‍ പറഞ്ഞ് കൊടുത്തതനുസരിച്ച് കലണ്ടറില്‍ കുറിച്ചിടുന്ന ദിവസങ്ങള്‍, പിരീഡ്സിന്റെ അവസാന ദിവസം ഫെബ്രുവരി 15. അതിനു ശേഷം ആറ് ദിവസങ്ങള്‍ക്ക് ശേഷമുള്ള അഞ്ച് ദിവസങ്ങളാണ് കുട്ടികളുണ്ടാവാന്‍ കറക്റ്റായ ടൈം എന്നാണ് പറയുന്നത്.. കാരണം ആ ദിവസങ്ങളില്‍ ആണ് സ്ത്രീകളുടെ ഓവുലേഷന്‍ (അണ്ഡോത്പാദനം) നടക്കുന്ന സമയം. ആ സമയത്ത് ബന്ധപ്പെട്ടാല്‍ കുട്ടികള്‍ ഉണ്ടാവാന്‍ മാക്സിമം ചാന്‍സാണ്. ഇത്തരത്തില്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ കാര്യങ്ങള്‍ വരെ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ജയ വീണതിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭം അലസിപോകുന്നത് ആറ് ആഴ്ച ഗര്‍ഭിണി ആയിരിക്കുമ്പോഴാണ്. അതായത് ഏപ്രില്‍ പകുതിയിലായിരിക്കണം. ബസ് സ്റ്റോപ്പില്‍ ഒട്ടിച്ചിരിക്കുന്ന പാര്‍ട്ടി സമ്മേളന നോട്ടീസുകളില്‍ ജൂണ്‍ ഒന്നിന് നടക്കുന്ന പരിപാടിയെക്കുറിച്ച് പറയുന്നുണ്ട്. എത്ര പേര്‍ ശ്രദ്ധിച്ചു എന്നറിയില്ലാ, തയ്യല്‍ക്കടയോ മറ്റോ തുടങ്ങാനായി ജയയും ചേട്ടനും ബാങ്കില്‍ ചെല്ലുമ്പോള്‍ കൃഷ്ണ ഫാം ഉടമ വേണുവേട്ടനും അവിടെ ഇരിക്കുന്നതായി കാണിക്കുന്നുണ്ട്. അവിടെ വച്ച് വേണുവേട്ടനെ കണ്ടതിന്റെ പശ്ചാത്തലത്തില്‍ ആവണം മാനേജര്‍ പറഞ്ഞ കാര്യങ്ങളുമായി കണക്റ്റ് ചെയ്ത് പെട്ടന്ന് തന്നെ വേണുവേട്ടനിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതും, കൃഷ്ണ ഫാം വാങ്ങാമെന്ന പ്ലാന്‍ ഉണ്ടാവുന്നതും.
അതിനുപുറമെ കൊല്ലം ജില്ല എന്നതില്‍ കൂടുതലായി രണ്ട് പേരുടെയും കൃത്യമായിട്ട് സ്ഥലവിവരങ്ങള്‍ അടക്കം ഡൈവോഴ്സ് പേപ്പറില്‍, രാജേഷിന്റെ മയ്യനാട് എന്നും ജയയുടെ പെരുമ്പുഴ എന്നും കൃത്യമായി കാണിച്ചിട്ടുണ്ട്.
content highlight: director brilliants in jaya jaya jaya jayahe movie