| Friday, 13th September 2024, 4:51 pm

ആ മമ്മൂട്ടി ചിത്രത്തിനായി ഞാന്‍ ശ്രീനിയെ കണ്ടു; നിരാശ നല്‍കുന്ന മറുപടിയായിരുന്നു: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമയാണ് കാഴ്ച. 2004ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെയാണ് ബ്ലെസി ഒരു സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. 2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഒടുവില്‍ കേരളത്തില്‍ എത്തുന്ന പവന്‍ എന്ന കുട്ടിയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ.

മലയാളം അറിയാത്ത ഗുജറാത്തി ഭാഷ മാത്രം സംസാരിക്കുന്ന കുട്ടിയായിരുന്നു കൊച്ചുണ്ടാപ്രി എന്ന കഥാപാത്രം. യാഷ് ഗാവ്‌ലിയായിരുന്നു ചിത്രത്തില്‍ പവന്‍ അഥവാ കൊച്ചുണ്ടാപ്രി എന്ന കഥാപാത്രമായി എത്തിയിരുന്നത്. ഇപ്പോള്‍ ശ്രീനിവാസനെ കുറിച്ച് പറയുകയാണ് ബ്ലെസി. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ഞാന്‍ കാഴ്ച സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതി തരണമെന്ന് ആവശ്യപ്പെട്ട് ആദ്യം സമീപിക്കുന്നത് ശ്രീനിയേട്ടനെ ആയിരുന്നു. ആദ്യ സമയങ്ങളില്‍ അദ്ദേഹം സ്‌ക്രിപ്റ്റ് എഴുതാന്‍ തയ്യാറായിരുന്നു. ഞാന്‍ ഇതുമായി വീണ്ടും സമീപിക്കുമ്പോള്‍ ശ്രീനിയേട്ടന്‍ ഉദയനാണ് താരം എന്ന സിനിമയുടെ കഥ എഴുതുന്ന സമയമായിരുന്നു.

കൊച്ചുണ്ടാപ്രിയുടെ ഭാഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍, ആംഗ്യ ഭാഷയില്‍ ഇങ്ങനെ എത്ര സീന്‍ നമുക്ക് എഴുതാന്‍ പറ്റുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ആ സിനിമയില്‍ സീന്‍ ബിള്‍ഡ് ചെയ്യാന്‍ വലിയ പ്രയാസമായിരുന്നു. അതെന്നെ സത്യത്തില്‍ ഒരുപാട് നിരാശനാക്കി.

അവസാനം ഇനി ഇങ്ങനെയൊരു സിനിമയുമായി മുന്നോട്ട് പോകാന്‍ പറ്റുമോയെന്നായി എന്റെ ചിന്ത. അതേസമയം ഞാന്‍ കണ്ടിട്ടുള്ള സിനിമകളൊന്നും സത്യത്തില്‍ ഭാഷ മനസിലാക്കിയിട്ടല്ല കണ്ടിരുന്നത്. ഞാന്‍ കണ്ടിട്ടുള്ള ഒരു സിനിമയും അവര്‍ പറഞ്ഞ ഭാഷ ഏതാണെന്നോ അവര് പറയുന്നത് എന്താണെന്നോ മനസിലാക്കിയിട്ടില്ല.

അങ്ങനെ മനസിലാക്കിയിട്ടല്ല അതിനെ ഞാന്‍ ലോക ക്ലാസിക്കായിട്ട് കൊണ്ടുനടന്നത്. സത്യത്തില്‍ സിനിമക്ക് ഒരു ഭാഷയുണ്ട്, അത് ദൃശ്യ ഭാഷയാണ്. അത് തന്നെയാണ് എനിക്ക് കാഴ്ചയുടെ കഥ എഴുതാനുണ്ടായ ആദ്യ പ്രചോദനവും. കണ്ടാല്‍ മനസിലാകുന്നതാണ് സിനിമ,’ ബ്ലെസി പറയുന്നു.

Content Highlight: Director Blessy Talks About Sreenivasan’s Reply

We use cookies to give you the best possible experience. Learn more