ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിച്ച നോവലിന് ബ്ലെസി ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോള്‍ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടനടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ചിത്രം നേടിയത്.
ആടുജീവിതം ഓസ്‌കറിന് അയക്കാന്‍ വേണ്ടിയുള്ള നടപടികള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. ആടുജീവിതത്തിന്റെ കുറേ അധികം ഓസ്‌കര്‍ ക്യാംപെയിന്‍ നടന്നുക്കൊണ്ടിരിക്കുകയാണ് എന്ന് ബ്ലെസി പറഞ്ഞു. റീജ്യണല്‍ ഭാഷയില്‍ നിന്നുള്ള സിനിമ അതിന് വേണ്ടി ശ്രമിക്കുന്നത് അപകടമാണെന്നും ഓസ്‌കര്‍ ക്യാംപെയിനെ കുറിച്ച് അറിയുന്നവര്‍ ആരുമില്ലെന്ന് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളരെ ചെലവേറിയ പ്രോസസ്സാണ് ഇതിന് പുറകിലുള്ളതെന്നും ലോസ് ആഞ്ചല്‍സില്‍ ഒരു ഷോ നടത്തുന്നതിന് മാത്രം നാല്പത്തഞ്ച് ലക്ഷത്തോളം ചെലവുവരുമെന്നും ബ്ലെസി പറഞ്ഞു. ക്ലബ് എഫ്.എം ഗെയിം ചെയ്ഞ്ചര്‍ മലയാളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആടുജീവിതത്തിന്റെ കുറേ അധികം ഓസ്‌കര്‍ ക്യാംപെയിന്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഇത്രയും ചെറിയ റീജ്യണല്‍ ഭാഷയില്‍ നിന്നുള്ള സിനിമ അതിന് വേണ്ടി ശ്രമിക്കുന്നതുതന്നെ അപകടമാണ്. കാരണം അതിനെ കുറിച്ച് കൃത്യമായ ധാരണകള്‍ ഉള്ള ആരും തന്നെയില്ല എന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്. കുറഞ്ഞ പക്ഷം അതെങ്കിലും നമുക്ക് മനസിലാക്കാന്‍ പറ്റി.
അത്രയും വലിയ ഒരു പ്രോസസ്സാണ് ഇതിന് പിന്നിലുള്ളത്. വളരെ പൈസ ചിലവുള്ള കാര്യവുമാണ്. എക്‌സ്പന്‍സീവ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്, എല്‍.എയില്‍ (ലോസ് ആഞ്ചല്‍സ്) ചെന്നിട്ട് ഞാന്‍ എന്റെ ആദ്യത്തെ ഷോ നടത്തുന്നത് റോസ് ഹൗസിലാണ്. അവിടെ ഒരു പത്ത് നാല്പത് പേരാണ് സിനിമ കാണാന്‍ വേണ്ടി വരുന്നത്.
അതില്‍ എല്ലാവരും മെംബേര്‍സ് ഒന്നും അല്ല. ആ ഒരു ഷോയ്ക്ക് മാത്രം നമ്മുടെ നാട്ടിലെ നാല്പത്-നാല്പത്തഞ്ച് ലക്ഷം രൂപയാണ്. അത്രയും വലുതൊന്നും നമുക്കൊരിക്കലും ആഗ്രഹിക്കാന്‍ പറ്റുന്നതല്ല, താങ്ങാന്‍ പറ്റുന്നതല്ല എന്നതാണ് സത്യം,’ ബ്ലെസി പറയുന്നു.
Content Highlight: Director Blessy Talks About Oscar campaign Of Aadujeevitham Movie