Advertisement
Movie Day
എന്തൊക്കെ ചെയ്തിട്ടും മമ്മൂക്കയുടെ സൗന്ദര്യം കുറക്കാന്‍ പറ്റുന്നില്ല, അതുകൊണ്ട് കാഴ്ച്ചയില്‍ ആ മാറ്റം വരുത്തി: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 28, 04:28 am
Wednesday, 28th August 2024, 9:58 am

ബ്ലെസി ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് കാഴ്ച. 2004ല്‍ പുറത്തിറങ്ങിയ ഈ ചിത്രം അക്കാലത്തിറങ്ങിയ സിനിമകളില്‍ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ബോക്‌സ് ഓഫീസ് വിജയവും ഒട്ടനവധി നിരൂപക പ്രശംസയും നേടി. ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥയാണ് കാഴ്ച പറയുന്നത്.

സിനിമയിലെ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ച പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ ആ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തി. അതേ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും കാഴ്ചയിലെ പ്രകടനത്തിന് സനുഷക്ക് ലഭിച്ചു. കൂടാതെ മികച്ച സിനിമക്കും സംവിധായകനുമുള്ള ഫിലിം ഫെയര്‍ അവാര്‍ഡും കാഴ്ചക്ക് ലഭിച്ചു.

കാഴ്ചയില്‍ മാധവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു. സാധാരണ കുട്ടനാട്ടുകാരന്‍ മാധവനായി മമ്മൂട്ടിയെ മാറ്റുവാന്‍ പല മേക്ക് ഓവറുകളും നോക്കിയെങ്കിലും മമ്മൂട്ടിയുടെ സൗന്ദര്യം ഒരു കാരണം കൊണ്ടും കുറക്കാന്‍ കഴിഞ്ഞില്ലെന്ന് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസി പറയുന്നു.

സൗന്ദര്യം കുറക്കാന്‍ കഴിയാത്തതുകൊണ്ട് സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്ന ആളായിട്ട് മാധവനെ ചിത്രീകരിക്കുകായായിരുന്നെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

‘ക്രോണിക് ബാച്ചിലര്‍ ഒക്കെ കഴിഞ്ഞിട്ടാണ് ഞാന്‍ മമ്മൂക്കയെ കാഴ്ചയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ഒരു കുട്ടനാട്ടുകാരനായിട്ട് മമ്മൂക്കയെ എങ്ങനെ മാറ്റാം എന്നൊക്കെ നോക്കുന്നതിന്റെ ഭാഗമായി ഫോട്ടോഷോപ്പില്‍ മമ്മൂക്കക്ക് താടിയെല്ലാം വെച്ച് നോക്കി.

പിന്നെയാണ് അദ്ദേഹത്തിന്റെ മഹാനഗരം എന്ന സിനിമ കാണുന്നത്. അതില്‍ മമ്മൂക്ക വെപ്പുതാടി വെച്ചിട്ടായിരുന്നു. അത് അങ്ങനെ ഒട്ടിയിരിക്കുന്നത് അദ്ദേഹത്തിന് അഭിനയത്തില്‍ വളരെ കംഫര്‍ട്ടബിള്‍ അല്ലാത്തപോലെ തോന്നി. അങ്ങനെ മമ്മൂക്ക ഓരോ സിനിമയിലും ചെയ്തിട്ടുള്ള വേഷപകര്‍ച്ച എടുത്ത് നോക്കി. അതിലേതെങ്കിലും സിനിമയുടെ സാമ്യത വരാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

അങ്ങനൊക്കെ നോക്കിയപ്പോഴാണ് അദ്ദേഹത്തിന്റെ സൗന്ദര്യം കുറക്കാന്‍ പറ്റില്ലെന്ന് മനസിലായത്. പിന്നെ ഒരു കുട്ടനാട്ടുകാരന്റെ രൂപത്തിലേക്ക്, മാധവനായിട്ട് മമ്മൂക്കയെ എങ്ങനെ മാറ്റാം എന്ന ആലോചനയിലാണ് മാധവനെ കൂടുതല്‍ സൗന്ദര്യ ബോധമുള്ള ആളായിട്ട് ചിത്രീകരിക്കാം എന്ന തീരുമാനത്തിലെത്തുന്നത്.

സിനിമയില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എങ്കിലും ആകണമെന്ന് പണ്ട് മോഹിച്ചു നടന്ന ആളായിട്ട് മാധവനെ മാറ്റുകയായിരുന്നു. നാട്ടിലാണെന്ന് വെച്ച് സൗന്ദര്യം ഇല്ലാതിരിക്കേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ. അപ്പോള്‍ ഇടക്കെല്ലാം മുടിയെല്ലാം ഒന്ന് ചീകാം, എന്നാല്‍ മുടി ചീകുന്നത് ഇപ്പോഴും കാണിക്കുന്നുമില്ല. പോക്കറ്റില്‍ എപ്പോഴും ചീര്‍പ്പുള്ളതായിട്ട് പല സീനുകളിലും കാണിക്കുന്നുണ്ട്,’ ബ്ലെസി പറയുന്നു.

Content Highlight: Director Blessy Talks about Mammotty’s Character Making in Kaazhcha Movie