Entertainment
തലയില്‍ തോര്‍ത്ത് കെട്ടി ഒരു ഭ്രാന്തനെപ്പോലെ സ്വയം ഇല്ലാതെയാവുന്ന അദ്ദേഹത്തിന്റെ ചില നിമിഷങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 03, 09:39 am
Monday, 3rd March 2025, 3:09 pm

സംവിധായകന്‍ പത്മരാജനൊപ്പം സഹ സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2004ലാണ് ബ്ലെസി ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായി എത്തിയ കാഴ്ച എന്ന ആ സിനിമ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയും നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.

അസോസിയേറ്റായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ബ്ലെസി. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പമെല്ലാം അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതൊരു ഭാഗ്യമായി കരുതുന്നുവെന്നും ബ്ലെസി പറയുന്നു.

ലോഹിതദാസ് തിരക്കഥയെഴുതുമ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ അപൂര്‍വം ചിലര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളുവെന്നും തലയില്‍ തോര്‍ത്ത് വരിഞ്ഞു മൂറുക്കി കെട്ടി ഒരു ഭ്രാന്തനെപ്പോലെ സ്വയം സംസാരിച്ചും, നടന്നും, അഭിനയിച്ച് സ്വയം ഇല്ലാതെയാവുന്ന ചില നിമിഷങ്ങള്‍ക്ക് സാക്ഷിയാകുവാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ബ്ലെസി പറഞ്ഞു. മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു ബ്ലെസി.

‘മലയാളത്തിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരോടൊപ്പം അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. പത്മരാജന്‍ സാര്‍ എഴുതുമ്പോള്‍ ഞാന്‍ നോക്കിനിന്നു കൊതിച്ചിട്ടുണ്ട്.

ലോഹിയേട്ടന്‍ തിരക്കഥ എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ അപൂര്‍വം ചിലര്‍ക്ക് മാത്രമേ പ്രവേശനമുള്ളു

ലോഹിയേട്ടന്‍ തിരക്കഥ എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ അപൂര്‍വം ചിലര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. തലയില്‍ തോര്‍ത്ത് വരിഞ്ഞു മൂറുക്കി കെട്ടി ഒരു ഭ്രാന്തനെപ്പോലെ സ്വയം സംസാരിച്ചും, നടന്നും, അഭിനയിച്ച് സ്വയം ഇല്ലാതെയാവുന്ന ചില നിമിഷങ്ങള്‍ക്ക് സാക്ഷിയാകുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

വെറുമൊരു അസിസ്റ്റന്റ് ആയിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഒരു തിരക്കഥ എഴുതുകയെന്നത് പ്രയാസമേറിയ കാര്യമായിരുന്നു. കുറച്ച് പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള അറിവും ഒരു കലാകാരന്‍ ആകണമെന്നും ചലച്ചിത്രകാരന്‍ ആകണമെന്നുമുള്ള ആഗ്രഹത്തില്‍ എഴുതിക്കൂട്ടുന്ന ചില കവിതകളും ചെറിയ കോളജ് നാടകങ്ങള്‍ക്കുമപ്പുറം എനിക്ക് ഒന്നും എഴുതാന്‍ സാധിച്ചിട്ടില്ല. ലോഹിയേട്ടന്‍ ഉള്‍പ്പെടെയുള്ള പലരും എനിക്ക് തിരക്കഥ തരാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊന്നും നടന്നില്ല,’ ബ്ലെസി പറയുന്നു.

Content highlight: Director Blessy talks about Lohithadas