ആ സിനിമയുടെ ക്ലൈമാക്‌സ് മാറ്റണമെന്ന് മമ്മൂക്കയടക്കമുള്ളവര്‍ പറഞ്ഞു: ബ്ലെസി
Movie Day
ആ സിനിമയുടെ ക്ലൈമാക്‌സ് മാറ്റണമെന്ന് മമ്മൂക്കയടക്കമുള്ളവര്‍ പറഞ്ഞു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th August 2024, 12:30 pm

ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 2004ല്‍ പുറത്തിറങ്ങിയ കാഴ്ച. അതുവരെ മലയാളത്തില്‍ കണ്ടുമടുത്തിരുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് ബ്ലെസി കാഴ്ച്ചയൊരുക്കിയത്. ബോക്‌സ് ഓഫീസ് ഹിറ്റായിരുന്ന ചിത്രം അനവധി നിരൂപക പ്രശംസയും നേടിയിരുന്നു.

അതിവൈകാരികമായാണ് ബ്ലെസി ചിത്രം ഒരുക്കിയത്. ഒരു വന്‍ദുരന്തം ചിലരിലേല്‍പ്പിക്കുന്ന മുറിവുകളും അതില്‍ സഹജീവികള്‍ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ സംവിധായകന്‍ പറഞ്ഞുവയ്ക്കുന്നത്. കാഴ്ച കണ്ടുകഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് നെഞ്ചില്‍ ഭാരം അനുഭവപ്പെടുമെന്നത് തീര്‍ച്ചയാണ്.

എന്നാല്‍ കാഴ്ച്ചയുടെ ക്ലൈമാക്‌സ് മാറ്റുന്നതിനെ സംബന്ധിച്ച് വിവിധ രീതിയിലുള്ള ചര്‍ച്ചകളുണ്ടായിരുന്നുവെന്ന് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസി പറയുന്നു. മമ്മൂട്ടി അടക്കമുള്ളവര്‍ ക്ലൈമാക്‌സ് വേറെ രീതിയില്‍ ആക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നെന്നും എന്നാല്‍ തനിക്ക് ക്ലൈമാക്‌സ് ഇങ്ങനെത്തന്നെ വേണമെന്നായിരുന്നു ആഗ്രഹമെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

‘കാഴ്ചയുടെ അവസാനം ഇങ്ങനെ കൊണ്ട് നിര്‍ത്തുന്നതില്‍ സ്വാഭാവികമായിട്ടും ഒരുപാട് ചര്‍ച്ചകള്‍ വരുമല്ലോ. നിര്‍മാതാക്കളുടെ ഭാഗത്തുനിന്നും അഭിനേതാക്കളുടെ ഭാഗത്തുനിന്നുമെല്ലാം അഭിപ്രായങ്ങള്‍ വന്നിരുന്നു.

കുട്ടിയുമായിട്ട് തിരിച്ച് പോകണം, വീണ്ടും അയാള്‍ തിരിച്ച് വന്ന് കുട്ടിക്കൊരുമ്മ കൊടുത്തിട്ട് പോകണം എന്നിങ്ങനെ കുറെ അഭിപ്രായങ്ങള്‍ വന്നിരുന്നു. മമ്മൂക്കയടക്കം വന്ന് ഇങ്ങനൊക്കെ ആക്കിയാലോ എന്ന് ചോദിച്ചിരുന്നു.

പുറമെനിന്ന് നോക്കുമ്പോള്‍ വളരെ സിമ്പിള്‍ ആയിപ്പോയോ എന്ന് തോന്നുന്നൊരു അവസ്ഥയുണ്ടായിരുന്നു. അങ്ങനെതന്നെ അത് തീര്‍ക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പിന്നീട് ഞാന്‍ ഇതിന്റെ എഡിറ്റിങ്ങും മറ്റ് കാര്യങ്ങളുമൊക്കെയായി ചെന്നൈയില്‍ ഇരിക്കുമ്പോഴാണ് സിനിമയുടെ ക്ലൈമാക്‌സിനെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായവും ആറ്റിറ്റിയുഡും മനസുമെല്ലാം എങ്ങനെ ആയിരിക്കുമെന്ന് ആലോചിക്കുന്നത്.

ഈ സിനിമക്ക് ഒരു എന്‍ഡ് ചെയ്യുമ്പോള്‍ കണ്ടിരിക്കുന്നവനെയും സിനിമയെയും സിനിമയുടെ കഥയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാകണമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. അങ്ങനെയാണ് ഇനിയും നഷ്ട്ടപ്പെട്ടിട്ടില്ലാത്ത മനസുമായി മാധവന്‍, കൂടുതല്‍ നന്മകള്‍ക്കായി നമുക്കും പ്രാര്‍ത്ഥിക്കാം, എന്ന് സിനിമയുടെ അവസാനം കാണിക്കുന്നത്. നമുക്കും പ്രാര്‍ത്ഥിക്കാം എന്ന് പറയുമ്പോള്‍ അത് കാണുന്ന പ്രേക്ഷകരുടെയും ഉത്തരവാദിത്തമായി മാറുന്നുണ്ട്,’ ബ്ലെസി പറയുന്നു.

Content Highlight: Director Blessy Talks About Climax Of His Film Kaazhcha