'ആദ്യത്തെ തവണയും രണ്ടാമത്തെ തവണയും തെറ്റിയതോടെ മമ്മൂക്ക ചൂടായി; ഞാനാണെങ്കില്‍ സിനിമാജീവിതം തീര്‍ന്നു എന്ന് ഉറപ്പിച്ചു; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അനുഭവം പങ്കുവെച്ച് ബ്ലെസി
Malayalam Cinema
'ആദ്യത്തെ തവണയും രണ്ടാമത്തെ തവണയും തെറ്റിയതോടെ മമ്മൂക്ക ചൂടായി; ഞാനാണെങ്കില്‍ സിനിമാജീവിതം തീര്‍ന്നു എന്ന് ഉറപ്പിച്ചു; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അനുഭവം പങ്കുവെച്ച് ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th September 2021, 12:14 pm

ആദ്യമായി നടന്‍ മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവെച്ച് സംവിധായകന്‍ ബ്ലെസി. മമ്മൂട്ടിയുടെ 70ാം ജന്മദിനത്തോടനുബന്ധിച്ച് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുമൊത്തുള്ള തന്റെ ആദ്യ സിനിമാ അനുഭവത്തെ കുറിച്ച് ബ്ലെസി മനസുതുറന്നത്.

1987 ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത നൊമ്പരത്തിപ്പൂവ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ആദ്യമായി താന്‍ മ്മൂക്കയെ കണ്ടതെന്നും ക്ലാപ്പടിക്കാനായി എത്തിയ തന്നോട് ആദ്യത്തെ രണ്ടുതവണയും തെറ്റിപ്പോയെന്നും ഇതോടെ മമ്മൂട്ടി ചൂടാവുകയും തുടര്‍ന്ന് തനിക്ക് പകരം മറ്റൊരാളെത്തി ക്ലാപ്പടിക്കുകായിരുന്നെന്നും ബ്ലെസി പറയുന്നു.

ബ്ലെസിയുടെ വാക്കുകള്‍…

‘മമ്മൂക്കയെ ആദ്യമായി ഞാന്‍ കാണുന്നത് പത്മരാജന്‍ സാറിന്റെ നൊമ്പരത്തിപ്പൂവ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ്. മൂന്നാറിലെ എസ്.എന്‍ ടൂറിസ്റ്റ് ഹോമിന്റെ പിറകിലുള്ള ഒരു മൈതാനത്ത് മമ്മൂക്കയും മാധവിയും കൂടിയുള്ള ഒരു സീനാണ് ആദ്യമായി എടുക്കുന്നത്.

എന്റെ രണ്ടാമത്തെ ചിത്രമാണ്. ഇതില്‍ ക്ലാപ്പ് അടിക്കണം. സീന്‍ നമ്പറും ഷോട്ട് നമ്പറും അനൗണ്‍സ് ചെയ്തിട്ട് വേണം ക്ലാപ്പടിക്കാന്‍. മമ്മൂട്ടിയെന്ന വലിയ നടനെ കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. മാത്രമല്ല അതിന് മുന്‍പ് ഞാന്‍ ചെയ്ത മുന്തിരിത്തോപ്പുകളില്‍ ക്ലാപ്പ് അടിച്ചിട്ടുമില്ലായിരുന്നു. അതില്‍ ക്ലാപ്പ് ബോര്‍ഡ് കാണിച്ചാല്‍ മാത്രം മതിയായിരുന്നു.

എന്നാല്‍ ഇവിടെ ഞാന്‍ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ ഇത് തെറ്റി. ആദ്യത്തെ പ്രാവശ്യം തെറ്റി. രണ്ടാമത്തെ പ്രാവശ്യവും തെറ്റിയതോടെ മമ്മൂക്ക ചൂടായി. വേറാരും ഇല്ലേ ഇവിടെ ക്ലാപ്പടിക്കാന്‍, പുതിയ പിള്ളാരാണോ ഇത് ചെയ്യുന്നത് എന്ന് ചോദിച്ച് ബഹളമായി.

അതോടെ ഞാന്‍ മാറി. പൂജപ്പുര രാധാകൃഷ്ണന്‍ അസിസ്റ്റന്റായി ഉണ്ടായിരുന്നു. അദ്ദേഹം വന്ന് ക്ലാപ്പടിച്ചു. ഉച്ചയായപ്പോഴേക്കും പത്മരാജന്‍ സാര്‍ അടുത്തു വന്നിട്ട് സാരമില്ല പുള്ളി അങ്ങനെ പറഞ്ഞതൊന്നും കാര്യമായി എടുക്കേണ്ടെന്ന് പറഞ്ഞു. ഞാന്‍ അപ്പോഴത്തേക്ക് എന്റെ സിനിമാ ജീവിതം തന്നെ കഴിഞ്ഞു എന്ന മട്ടിലായി.

കാരണം ഒരു സൂപ്പര്‍സ്റ്റാര്‍ ബഹളം വെച്ച് നമ്മളെ പറഞ്ഞുവിടും എന്ന രീതിയിലാണ് ഞാന്‍ അതിനെ കണ്ടത്. അന്നത്തോടെ സിനിമ ജീവിതം തീര്‍ന്നു എന്ന് വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പത്മരാജന്‍ സര്‍ വരുന്നത്. നീ ഒന്നു പ്രാക്ടീസ് ചെയ്തിട്ട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഉച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അത് പ്രാക്ടീസ് ചെയ്ത് ക്ലാപ്പടിച്ചു. അത് ശരിയാവുകയും ചെയ്തു. ‘ ആ ഇങ്ങനെയാണ് ചെയ്യേണ്ടത്’ എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു,” ബ്ലെസി പറഞ്ഞു.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കാഴ്ചയെന്ന ചിത്രം താന്‍ സംവിധാനം ചെയ്തപ്പോള്‍ അതിന് തിരക്കഥയെഴുതാന്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയത് മമ്മൂട്ടിയാണെന്നും അഭിമുഖത്തില്‍ ബ്ലെസി പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Blessy Share His First Experiance with Mammootty