| Saturday, 11th September 2021, 1:03 pm

'എഴുതി നോക്ക്, കൊള്ളില്ലെങ്കില്‍ അപ്പോള്‍ നോക്കാം, അതും പറഞ്ഞ് മമ്മൂക്ക ഡേറ്റ് തന്നു'; കാഴ്ച സിനിമയുടെ തിരക്കഥ പിറന്നതിനെ കുറിച്ച് ബ്ലെസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നമ്മുടെ ഉള്ളിലുള്ള കഴിവുകളെ തിരിച്ച് നമ്മെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന നടനാണ് മമ്മൂട്ടിയെന്ന് പല സംവിധായകരും തിരക്കഥാകൃത്തുക്കളും പറഞ്ഞുകേട്ടിട്ടുള്ളതാണ്. അസിസ്റ്റന്റായും അസോസിയേറ്റായും പ്രവര്‍ത്തിക്കുന്നവരോട് സ്വന്തമായി സിനിമ ചെയ്യാനും സ്വന്തമായി തിരക്കഥയെഴുതാനും ആവശ്യപ്പെടുന്നയാളുകൂടിയാണ് മമ്മൂട്ടി.

സ്വന്തം കഴിവില്‍ ആത്മവിശ്വാസമില്ലാത്തവരെപ്പോലും പ്രോത്സാഹിപ്പിച്ച് ഉയര്‍ത്തിക്കൊണ്ടുവരാന്‍ മമ്മൂട്ടി ശ്രമിച്ചതിന് ഉദാഹരണങ്ങള്‍ ഏറെയാണ്.

സ്വന്തമായി പേന കയ്യിലെടുത്ത് ഒരു വാചകം പോലും എഴുതാന്‍ ധൈര്യമില്ലാതിരുന്ന തന്നെ കൊണ്ട് കാഴ്ച എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിച്ചത് മമ്മൂക്കയാണെന്ന് പറയുകയാണ് സംവിധായകന്‍ ബ്ലെസി.

മമ്മൂട്ടി നല്‍കിയ ആത്മവിശ്വാസത്തിന്റെ പുറത്താണ് താന്‍ ആ കഥ എഴുതിയതെന്ന് ബ്ലെസി മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

” പത്തുപതിനെട്ട് വര്‍ഷക്കാലം അസിസ്റ്റന്റ് ആയിരിക്കുന്ന ഒരാള്‍ക്ക് ഒരു സിനിമ ചെയ്യുകയെന്നത് അത്ര ബുദ്ധിമുട്ടായിരിക്കില്ല. പക്ഷേ എഴുതാന്‍ പറ്റുമോ എന്ന് എനിക്ക് പോലും തിരിച്ചറിയാന്‍ പറ്റാത്ത കാര്യമായിരുന്നു.

എന്റെ കഥപറച്ചില്‍ രീതിയെന്നത് വളരെ മോശമാണ്. അങ്ങനെ കാഴ്ച എന്ന സിനിമയുടെ കഥ ഞാന്‍ സിയാദ് കോക്കറിന്റെ അടുത്ത് പറഞ്ഞു. എന്റെ ബലഹീനത അറിഞ്ഞതുകൊണ്ട് തന്നെ മമ്മൂക്കയുടെ അടുത്ത് കഥ ഞാന്‍ പറഞ്ഞോളാമെന്ന് സിയാദ്ക്കാ പറഞ്ഞു.

അങ്ങനെ സി.ബി.ഐ ഡയറിക്കുറിപ്പിന്റെ സെറ്റിലേക്ക് ഞങ്ങള്‍ പോയി. സിയാദ്ക്കാ മമ്മൂക്കയുടെ അടുത്ത് കഥ പറഞ്ഞുതുടങ്ങിയപ്പോഴേക്കും ‘ഇയാള്‍ അവിടെ നില്‍ക്ക് അയാള്‍ പറയട്ടെയെന്ന്’ എന്നെ നോക്കി മമ്മൂക്ക പറഞ്ഞു. അപ്പോഴേക്ക് തന്നെ എന്റെ ഗ്യാസൊക്കെ പോയി.

ഞാനിങ്ങനെ തപ്പിതടയുന്നത് കണ്ടതോടെ വാ എന്ന് പറഞ്ഞ് എന്നെ വിളിച്ചു, ആ ഗ്രൂപ്പില്‍ നിന്ന് പുള്ളിയെന്നെ എടുത്ത് വളരെ മാറി ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി അവിടെ രണ്ട് കസേരയും ഇട്ട് ഇരുത്തിച്ചു.

എന്നെ കുറച്ചുകൂടി കംഫര്‍ട്ട് ആക്കുകയായിരുന്നു മമ്മൂക്ക. അങ്ങനെ ഞാന്‍ കഥ പറഞ്ഞു. ഇതിനിടെ പുള്ളി ചോദ്യങ്ങളൊക്കെ ചോദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിലുള്ള അദ്ദേഹത്തിന്റെ താത്പര്യം നമുക്ക് മനസിലാകും.

അങ്ങനെ വളരെ ലാഘവത്തോടെ ആ കഥ മുഴുവന്‍ എന്നെക്കൊണ്ട് പറയിപ്പിച്ചു. അവസാനം ഇത് ആര് എഴുതുമെന്ന് എന്നോട് ചോദിച്ചു. ലോഹിയേട്ടനോട് ചോദിച്ചുനോക്കാമെന്നായി ഞാന്‍. പിന്നേയും കുറിച്ചുപേരുടെ പേരുകള്‍ കൂടി ഞാന്‍ പറഞ്ഞു. എന്നാല്‍ ഈ സിനിമ അവരൊന്നും എഴുതിയാല്‍ ശരിയാവില്ല, നിനക്ക് തന്നെ അങ്ങ് എഴുതിക്കൂടെയെന്നായി അദ്ദേഹം.

ഞാന്‍ ഇതുവരെ എഴുതിയിട്ടില്ലെന്നും പേനയെടുത്തിട്ടില്ലെന്നും പറഞ്ഞപ്പോള്‍ ഇപ്പോള്‍ എന്റെയടുത്ത് കഥ പറഞ്ഞ പോലെയങ്ങ് എഴുതിയാല്‍ മതിയെന്നായി മമ്മൂട്ടി. അത് ശരിയാകുമോയെന്ന് ഞാന്‍ വീണ്ടും സംശയിച്ചപ്പോള്‍ എഴുതി നോക്ക് കൊള്ളില്ലെങ്കില്‍ നമുക്ക് വേറൊരു ആളെ വെച്ച് നോക്കാമെന്ന് പറഞ്ഞ് മമ്മൂക്ക ഡേറ്റും തന്നു.

അങ്ങനെ ഞാന്‍ സ്‌ക്രിപ്റ്റ് എഴുതി വായിച്ചുകേള്‍പ്പിക്കാനായി ചെന്നു. ആദ്യത്തെ രണ്ട് സീന്‍ ഞാന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ‘ആ ഇനി ഇവിടെ വെച്ചോ ഞാന്‍ വായിച്ചോളാം’ എന്ന് പറഞ്ഞു. പിന്നീട് ആ സിനിമയുടെ പുസ്തകം ഇറങ്ങിയ സമയത്ത് അദ്ദേഹം തന്നെ പറയുകയുണ്ടായി അദ്ദേഹം അത് പിന്നീട് വായിച്ചിട്ടില്ലെന്ന്. എന്താണ് അതില്‍ ഉണ്ടാവുകയെന്ന് തനിക്ക് മനസിലാക്കാന്‍ പറ്റുമെന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. ഒരു നടനെന്നുള്ളതിനേക്കാള്‍ ഉപരി അതൊരു ഒബ്‌സര്‍വേഷനാണ്.” ബ്ലെസി അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Blessy About Kazhcha movie and Mammootty

We use cookies to give you the best possible experience. Learn more