| Wednesday, 20th March 2024, 12:52 pm

അസിസ്റ്റന്റുമാര്‍ മൃഗങ്ങളും പക്ഷികളുമായി, അവരെ വെച്ച് ആ സീനുകള്‍ കൊറിയോഗ്രാഫി ചെയ്തു: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതം എന്ന സിനിമയെ കുറിച്ചും ചിത്രത്തിന് വേണ്ടി എടുത്ത ശ്രമങ്ങളേയും കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തന്റെ മനസില്‍ ആടുജീവിതം ഉണ്ടെന്നും തന്നെപ്പോലെ തന്നെ ഈ സിനിമയിലെ ഓരോ സീനും ഓരോ ഷോട്ടും ആ സെറ്റിലുള്ള ഓരോരുത്തര്‍ക്കും മനപാഠമായിരുന്നെന്നും ബ്ലെസി പറയുന്നു.

മൃഗങ്ങളും പക്ഷികളുമൊക്കെ വരുന്ന ഓരോ സീനില്‍ അവര്‍ക്ക് പകരം അസിസ്റ്റന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുന്ന് ആ സീനുകള്‍ കൊറിയോഗ്രാഫി ചെയ്ത് നോക്കിയിട്ടുണ്ടെന്നും അത്തരത്തില്‍ എടുത്ത എഫേര്‍ട്ടുകളൊക്കെ എന്‍ജോയ് ചെയ്തിരുന്നെന്നും ബ്ലെസി പറയുന്നു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബ്ലെസി.

‘ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ആടുജീവിതം എന്റെ മനസിലുണ്ട്. അതില്‍ ഒരു നിമിഷം പോലും പെട്ടുപോയല്ലോ എന്നോ ഇത് ഒഴിവാക്കാമായിരുന്നു എന്നോ എനിക്ക് തോന്നിയിട്ടില്ല. ഞാനും എന്റെ ടീമും ഓരോ ദിവസവും ഓഫീസില്‍ ഇരിക്കുമ്പോള്‍ നമുക്ക് ഒരു സീന്‍ എങ്ങനെ മനോഹരമാക്കാം എന്ന് ആലോചിക്കും.

ഇത് ഷൂട്ട് ചെയ്ത് എടുക്കുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ്. എന്നെപ്പോലെ തന്നെ എന്റെ അസോസിയേറ്റിനും മറ്റാള്‍ക്കാര്‍ക്കും ഈ സിനിമ കാണാപാഠമാണ്. ലൊക്കേഷനില്‍ ചെല്ലുന്നതിന് മുന്‍പ് തന്നെ നമ്മള്‍ ചില സീനുകള്‍ ആളുകളെ വെച്ച് അഭിനയിപ്പിച്ച് നോക്കിയിട്ടുണ്ട്.

ഇതിനകത്തുള്ള ചില സ്വീകന്‍സുകളുണ്ട്. ഞങ്ങള്‍ ഒരു ടെറസിന്റെ മുകളില്‍ ഇരുന്ന് മൃഗങ്ങളായി ഓരോരുത്തരെ പ്ലേസ് ചെയ്ത് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. ഈ കൊറിയോഗ്രാഫി ഞാന്‍ ദിലീപ് സുബ്ബരാജിന് (ആക്ഷന്‍ കൊറിയോഗ്രാഫര്‍) കൊടുക്കും. ഇങ്ങനെയാണ് ഞാന്‍ മനസില്‍ ഉദ്ദേശിക്കുന്നത് എന്ന് പറയും.

ഈ പ്രോസസ് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഞാന്‍ എന്‍ജോയ് ചെയ്തിട്ടുണ്ട്. ഇതിനകത്ത് ഉള്ള  സീക്വന്‍സുകള്‍, അതില്‍ മൃഗങ്ങളും പക്ഷികളുമാണ് വേണ്ടതെന്നുണ്ടെങ്കില്‍ പക്ഷിയായി അസിസ്റ്റന്റ്‌സ് നിന്ന് ബിഹേവ് ചെയ്ത് ഷൂട്ട് ചെയ്തിട്ടുണ്ട്.

എങ്ങനെയാണ് ഷോട്ട് ഉണ്ടാകുന്നത് എന്നൊക്കെ നോക്കും. അത്തരത്തില്‍ ആ പ്രോസസ് എന്‍ജോയ് ചെയ്തിരുന്നു. ശരിക്കും പറഞ്ഞാല്‍ പതിനൊന്ന് വര്‍ഷം എന്നൊക്കെ പറയുന്നത് ഒരു സ്വപ്‌നം പോലെ അങ്ങ് പോകുകയായിരുന്നു.

ഒരു കഥയില്‍ നിന്ന് എന്തൊക്കെ സിനിമയിലേക്ക് എടുക്കാം, ആടുജീവിതം എന്ന പുസ്തകത്തിന്റെ ഡോക്യുമെന്റേഷനല്ല സിനിമ. ഇതൊരു ആര്‍ട് ഫിലിമാണോ കൊമേഷ്യല്‍ ഫിലിമാണോ എന്നൊക്കെ ചിലര്‍ ചോദിച്ചിരുന്നു. ഇത്രയും വലിയ ബിഗ് ബഡ്ജറ്റില്‍ ചെയ്യുന്ന സിനിമയ്ക്ക് ഏത് ഴോണര്‍ വേണമെന്നാണല്ലോ ആലോചിക്കുക. അത് ഞാനും ആദ്യം തന്നെ ചിന്തിച്ചിരുന്നു. മാത്രമല്ല ഒരാളുടെ ഏകാന്ത ജീവിതം എത്ര സമയം സ്‌ക്രീനില്‍ കാണിക്കാന്‍ പറ്റും. ഇതാക്കെ വെല്ലുവിളിയാണ്,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about a particular scene on aadujeevitham

We use cookies to give you the best possible experience. Learn more