ഡൂള്‍ന്യൂസിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ബിലഹരി. ബിലഹരി സംവിധാനം ചെയ്ത പുതിയ ചിത്രമായ കുടുക്ക് 2025 എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ക്കെതിരെയാണ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
‘ഡൂള്‍ന്യൂസ് എന്ന സൈറ്റ് ഒരു റിവ്യൂ ആദ്യം എഴുതി. ഓക്കേ.. അവര്‍ക്ക് സിനിമ ഇഷ്ടമായില്ല, എന്ന് കരുതി ഞങ്ങളിത് വായിച്ച് വിട്ടുവെന്ന് ബിലഹരി പറയുന്നു. വീണ്ടും സോഷ്യല്‍ മീഡിയയില്‍ അറ്റാക്ക് കിട്ടിയ ചില സിനിമകളുടെ, കഥാപാത്രങ്ങളുടെ എക്‌സാമ്പിള്‍ ഇട്ട് ഒരു പൂശ്. ശരി നമ്മളത് വിട്ടു. ഇതാ വരുന്നു അടുത്തത്,’ ബിലഹരി പറയുന്നു.
തിയേറ്ററില്‍ പൈസ കൊടുത്ത് ആളെ കയറ്റാനോ പരസ്യങ്ങള്‍ ചെയ്യാനോ ഉള്ള സാമ്പത്തികം തങ്ങള്‍ക്കില്ല, സിനിമ എന്ന ഒരു വലിയ വ്യവസായത്തില്‍ കരക്കിരുന്നു ഇങ്ങനെ കല്ലുകളിട്ടു കളിക്കുന്ന കുറെ പേരെ എങ്ങനെ ഡീല്‍ ചെയ്യണം എന്ന് അറിയില്ലന്ന് ബിലഹരി കുറിക്കുന്നു.
ആളുകള്‍ ഒന്ന് വന്നു തുടങ്ങുന്ന സമയത്ത് ഇത്തരം പോസ്റ്റുകളിലൂടെ കേറാന്‍ ഇരിക്കുന്ന ആളുകളെ അകറ്റി നിര്‍ത്തുക, തുടര്‍ച്ചയായ ഡീഗ്രെഡിങ് ഒരു പ്രവണത ആവുകയാണെങ്കില്‍ അത് സിനിമ എന്ന വ്യവസായത്തിന് മൊത്തത്തില്‍ നല്ലൊരു ഭാവി ആയിരിക്കില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബിലഹരി പറയുന്നു.
കുടുക്ക് 2025 സിനിമയുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിച്ച
ഒരു കാര്യവുമില്ലാത്ത ദുരൂഹതയും അപാര ബില്‍ഡപ്പും; 2025ല്‍ നടക്കുന്ന പത്ത് കൊല്ലം മുമ്പത്തെ കഥ
സലാം കശ്മീരിലും ചാവേര്‍പ്പടയിലും ഉപയോഗിച്ച അതേ വിദ്യ; പുതിയ രൂപത്തില്‍ കുടുക്കിലും
അമാനുഷികനായ മാരന്‍; ആ അത്ഭുത സിദ്ധിക്ക് പിന്നിലെ ചുരുളഴിയാത്ത രഹസ്യം
എന്നീ വാര്‍ത്തകള്‍ക്കെതിരെയാണ് ബിലഹരി വിമര്‍ശനമുന്നയിച്ചത്. ഇതുകൂടാതെ
ഭര്‍ത്താവില്‍ നിന്നും കാമുകനില്‍ നിന്നും സ്വകാര്യത ആവശ്യപ്പെടുന്ന പെണ്ണുങ്ങള്‍
എന്ന മറ്റൊരു വാര്‍ത്തയും ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.
കുടുക്ക് 2025 സിനിമയുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍
ത്രികോണ പ്രണയമോ ത്രില്ലറോ? ഒരു 2025ലെ പടം; നിഗൂഢതയുണര്‍ത്തി കുടുക്ക് 2025ന്റെ ടീസര്‍
ചുറ്റും കുടുക്ക്; ത്രില്ലിങ്ങായി കുടുക്ക് ട്രെയ്ലര്‍
പോസ്റ്ററില്‍ തന്നെ വെറൈറ്റി; കുടുക്ക് 2025 റിലീസ് തിയതി പ്രഖ്യാപിച്ചു
ഓഗസ്റ്റ് 25 നാണ് കുടുക്ക് 2025 റിലീസ് ചെയ്തത്. കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ, സ്വാസിക, രാംമോഹന്‍ രവീന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം 2025ല്‍ നടക്കാന്‍ സാധ്യതയുള്ള കഥയാണ് പറഞ്ഞത്. അള്ള് രാമേന്ദ്രന്‍ എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്ത ചിത്രമാണ് കുടുക്ക് 2025.
ബിലഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സഹതാപം ചോദിച്ചൊരു പോസ്റ്റല്ല ഇതെന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. വിഷയം കുടുക്കിനെ കുറിച്ച് തന്നെയാണ്. സിനിമ ഇഷ്ടമാവാതിരിക്കുക, എന്താണ് തോന്നിയതെന്ന് ഓപ്പണ്‍ ആയി പറയുക, ഇഷ്ടമല്ലെങ്കില്‍ അത് കാര്യകാരണ സഹിതം എഴുതുക, പറയുക – ഇതൊക്കെ സാധാരണ ഇവിടെ നടക്കുന്ന കാര്യങ്ങളാണ്. അത്തരം കാര്യങ്ങളെ കുറിച്ചല്ല ഞങ്ങള്‍ക്ക് സംസാരിക്കാനുള്ളതും.
ഡൂള്‍ ന്യൂസ് എന്ന സൈറ്റ് ഒരു റിവ്യൂ ആദ്യം എഴുതി. ഓക്കേ.. അവര്‍ക്ക് സിനിമ ഇഷ്ടമായില്ല, എന്ന് കരുതി ഞങ്ങളിത് വായിച്ച് വിട്ടു. വീണ്ടും ഒരു ആര്‍ട്ടിക്കിള്‍! സോഷ്യല്‍ മീഡിയയില്‍ അറ്റാക്ക് കിട്ടിയ ചില സിനിമകളുടെ, കഥാപാത്രങ്ങളുടെ എക്‌സാമ്പിള്‍ ഇട്ട് ഒരു പൂശ്. ശരി നമ്മളത് വിട്ടു. ഇതാ വരുന്നു അടുത്തത്! ഇത് വല്ല കാശും വാങ്ങി ഉത്തരവാദിത്തത്തോടെ പണിഞ്ഞു കൊടുക്കുന്ന വല്ല പരിപാടിയും ആണെങ്കില്‍ ആദ്യമേ പറയട്ടെ തിയേറ്ററില്‍ പൈസ കൊടുത്ത് ആളെ കയറ്റാനോ, ഹോര്‍ഡിങ്സ് വയ്ക്കാനോ, റോഡ് മൊത്തം പോസ്റ്റര്‍ നിറച്ച് ഒട്ടിക്കാനോ, ചാനലുകളില്‍ അഡ്വര്‍ടൈസ്‌മെന്റോ പത്ര പരസ്യങ്ങളോ ഒന്നും ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റിയിട്ടില്ല. അത് ഞങ്ങളുടെ ഫിനാന്‍ഷ്യല്‍ അവസ്ഥ കൊണ്ടാണ്.
ഞങ്ങള്‍ക്കീ സിനിമ ഒരു ബിസിനസ് ആയിരുന്നില്ല. കൊവിഡ് സമയത്ത് ഞങ്ങള്‍ക്ക് എന്ത് ചെയ്യാം എന്ന ആഗ്രഹത്തിന്റെ പോരാട്ടം ആയിരുന്നു. പല കാരണങ്ങള്‍ കൊണ്ട് സിനിമ റിലീസ് ആവാന്‍ വൈകിപ്പോയി, സമ്മതിച്ചു, പക്ഷെ സിനിമ എന്ന ഒരു വലിയ വ്യവസായത്തില്‍ കരക്കിരുന്നു ഇങ്ങനെ കല്ലുകളിട്ടു കളിക്കുന്ന കുറെ പേരെ എങ്ങനെ ഡീല്‍ ചെയ്യണം എന്ന് ഞങ്ങള്‍ക്കറിയില്ല.
തിയേറ്റര്‍ റെസ്‌പോണ്‍സ് എടുക്കുന്ന വീഡിയോകളില്‍ ചിലയെണ്ണത്തില്‍ ഒക്കെ അഭിപ്രായം അല്ല ചോദിക്കുന്നത്, ഒന്ന് എന്താണ് ഈ പടത്തിന്റെ നെഗറ്റിവ്, രണ്ട് ഫാമിലിക്ക് കേറാന്‍ പറ്റുമോ എന്ന്.. എന്നിട്ടിതൊക്കെ കട്ട് ചെയ്‌തൊരു കൊളാഷ്. ചിലരെ കൊണ്ട് ഒരു മനഃസാക്ഷിയും ഇല്ലാതെ സിനിമയുടെ സ്പോയ്ലര്‍ മുഴുവന്‍ പറയിപ്പിക്കല്‍ ഏതോ വല്യ മാഫിയ ഞങ്ങളെ അങ്ങ് തിരഞ്ഞെടുത്ത് ഇല്ലാതാക്കുകയാണ് എന്ന സമര്‍ത്ഥിക്കലോ, കരച്ചിലോ ഒന്നും അല്ല ഇത്.. ഞങ്ങള്‍ ഇത് നേരിട്ട് കഴിഞ്ഞു.
ഒരു സമയത്ത് തിയേറ്ററില്‍ ജനങ്ങള്‍ കേറുന്നില്ല എന്നായിരുന്നു കരച്ചില്‍.. ആളുകള്‍ ഒന്ന് വന്നു തുടങ്ങുന്ന സമയത്ത് ഇത്തരം പോസ്റ്റുകളിലൂടെ കേറാന്‍ ഇരിക്കുന്ന ആളുകളെ കൂടി അത് കുറച്ചു പേരാണെങ്കിലും അവരെ അകറ്റി നിര്‍ത്തുക. തുടര്‍ച്ചയായ ഡീഗ്രേഡിങ് ഒരു പ്രവണത ആവുകയാണെങ്കില്‍ അത് സിനിമ എന്ന വ്യവസായത്തിന് മൊത്തത്തില്‍ നല്ലൊരു ഭാവി ആയിരിക്കില്ല എന്ന് കൂടി പറഞ്ഞു നിര്‍ത്തുന്നു.
Content Highlight: Director Bilahari criticized Doolnews