കോഴിക്കോട്: തന്റെ ഓഫീസ് ആക്രമിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണം കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ കണ്ടുപഠിക്കേണ്ട ഒന്നാണെന്ന് സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍. പക്വമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിജുകുമാര്‍ ദാമോദരന്റെ പ്രതികരണം.
‘ഓഫീസ് ആക്രമണ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുട പ്രതികരണം കാണുകയായിരുന്നു. എത്ര പക്വമായ ഒരു പ്രതികരണം. സമകാലിക രാഷ്ട്രീയത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ കണ്ടു പഠിക്കേണ്ട ഒന്ന്. രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ ധിക്കാരവും, അഹങ്കാരവും, തെറിവിളിയും, മണ്ടത്തരവും, ആക്രോശങ്ങളും, ഭീഷണിപ്പെടുത്തലും മാത്രം കൈമുതലായ കുറേ നേതാക്കളെയാണോ കേരള ജനത അര്‍ഹിക്കുന്നത്. സത്യമായും നമ്മള്‍ അല്പം കൂടി മെച്ചപ്പെട്ട നേതാക്കളെ അര്‍ഹിക്കുന്ന ഒരു ജനത അല്ല എന്നുണ്ടോ,’ ബിജുകുമാര്‍ എഴുതി.
വയനാട്ടിലെ തന്റെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടേത് ഉത്തരവാദിത്തമില്ലായ്മയാണെന്നും സംഭവത്തില്‍ ആരോടും ദേഷ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
‘ഇത് എന്റെ ഓഫീസാണ്. എന്റെ ഓഫീസ് എന്നതിനേക്കാള്‍ ഈ ഓഫീസ് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. ഈ ഓഫീസ് വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. ഇവിടെ സംഭവിച്ചതു ദൗര്‍ഭാഗ്യകരമാണ്. അക്രമം പ്രശ്നങ്ങള്‍ പരിഹരിക്കും എന്ന ചിന്തയാണ് എല്ലായിടത്തും. പക്ഷേ അക്രമം പ്രശ്നങ്ങള്‍ പരിഹരിക്കില്ല. ഇതു ചെയ്ത കുട്ടികള്‍, അവര്‍ കുട്ടികളാണ്.അവര്‍ ചെയ്തതു ശരിയായ കാര്യമല്ല. നിരുത്തരവാദപരമായ രീതിയിലാണ് അവര്‍ പ്രവര്‍ത്തിച്ചത്. എനിക്ക് അവരോടു ദേഷ്യമോ പരിഭവമോ ഇല്ല. അവര്‍ ചെയ്തതു നിസാരമാണ്. അതവിടെ വിട്ടേക്കുക. ഇതിന്റെ പരിണിതഫലങ്ങള്‍ മനസിലാക്കിയാണ് അവരിതു ചെയ്തതെന്നു ഞാന്‍ കരുതുന്നില്ല. അതുകൊണ്ടു നമ്മള്‍ അവരോടു ക്ഷമിക്കണം,’ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്.