| Tuesday, 10th July 2018, 7:41 pm

'ആരെങ്കിലുമൊക്കെ എഴുതിയ വാചകങ്ങള്‍ കാണാതെ പഠിച്ചു പറഞ്ഞു സ്‌ക്രീനില്‍ ഹീറോകളാകുന്നവര്‍ സീറോകള്‍ മാത്രം'; മോഹന്‍ലാലിനെതിരെ ഡോ. ബിജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കുറ്റാരോപിതനായ ദിലീപിനെ എ.എം.എം.എയിലേക്ക് തിരിച്ചെടുത്ത നടപടി ന്യായീകരിച്ചുകൊണ്ടു പത്രസമ്മേളനം നടത്തിയ എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ചു സംവിധായകന്‍ ഡോ.ബിജു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മോഹന്‍ലാലിന്റെ നിലപാടുകളോട് പരോക്ഷമായി പ്രതികരിച്ചത്. മോഹന്‍ലാലിന്റെ പേര് പരാമര്‍ശിക്കാത്ത കുറിപ്പില്‍ ലാലിന്റെ സിനിമകളെയും മറ്റു പ്രവര്‍ത്തനങ്ങളെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.

മറ്റുള്ളവര്‍ ആരെങ്കിലും ഒക്കെ എഴുതിയ വാചകങ്ങള്‍ കാണാതെ പഠിച്ചു പറഞ്ഞു സ്‌ക്രീനില്‍ ഹീറോകളാകുന്ന സീറോകള്‍ മാത്രം..അവരില്‍ നിന്നും കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നവരെ വേണം ആദ്യം ഓടിക്കേണ്ടതെന്ന് ഡോ.ബിജു കുറിപ്പില്‍ പറയുന്നു.

ALSO READ: ‘ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിയത് അപകടരമായ ഡൈവിംഗിലൂടെ’; കുട്ടികളുടെ ആത്മധൈര്യം അത്ഭുതപ്പെടുത്തിയെന്ന് രക്ഷാപ്രവര്‍ത്തകന്‍, വീഡിയോ

“തീര്‍ത്തും ജനാധിപത്യ വിരുദ്ധ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലെ നെടും തൂണായി നിന്ന് ആ സംഘടനയുടെ ചാരിറ്റിയെ പറ്റി വാചാലമാകുന്ന നിഷ്‌കളങ്കത നോക്കൂ…ഗുണ്ടാ സംഘങ്ങളെപ്പോലെ സ്വന്തം ഫാനരന്മാരുടെ സംഘത്തെ വിമര്‍ശകര്‍ക്കും സ്ത്രീകള്‍ക്കു നേരെ സൈബര്‍ ഇടങ്ങളില്‍ അഴിഞ്ഞാടാന്‍ അനുവദിക്കുന്ന ഹൃദയ വിശാലത നോക്കൂ….ആക്രമിക്കപ്പെട്ട സ്ത്രീയേക്കാള്‍ കുറ്റാരോപിതനോടുള്ള അലിവും പ്രാര്‍ത്ഥനയും നോക്കൂ….” എന്നു എഴുതിക്കൊണ്ടാണ് അദ്ദേഹം ദിലീപ് വിഷയത്തിലെ മോഹന്‍ലാലിന്റെ നിലപാടിനെ വിമര്‍ശിക്കുന്നത്.

ഉപജീവനത്തിനും ധനസമ്പാദനത്തിനും വേണ്ടി മാത്രം അഭിനയം തൊഴിലാക്കിയവരില്‍ നിന്നും സാമൂഹ്യ പ്രതിബദ്ധത പ്രതീക്ഷിക്കാനാകില്ലെന്നു പറയുന്ന കുറിപ്പില്‍ അമീര്‍ഖാന്‍, കമല്‍ഹാസന്‍, പ്രകാശ് രാജ് തുടങ്ങിയ കലാകാരന്മാരുടെ പൊതു ബോധവും രാഷ്ട്രീയ ബോധവും സാംസ്‌കാരികതയും നട്ടെല്ലുള്ള നിലപാടുകളും എല്ലാ താരങ്ങള്‍ക്കും ഉണ്ടായിക്കൊള്ളണം എന്ന് കരുതാനാവില്ലല്ലോയെന്നും ഡോ.ബിജു കൂട്ടിച്ചേര്‍ക്കുന്നു.

ALSO READ: സ്വവര്‍ഗരതി നിയമവിധേയമാക്കല്‍: വാദം കേള്‍ക്കല്‍ തുടങ്ങി; പരിശോധിക്കുക നിയമസാധുത

മോഹന്‍ലാല്‍ ചിത്രങ്ങളില്‍ സ്ത്രീവിരുദ്ധതയും ഫ്യൂഡല്‍ മനോഭവും നിറഞ്ഞു നില്‍ക്കുന്നെന്നു പറയുന്ന കുറിപ്പില്‍ ലാല്‍ അഭിനയിക്കുന്ന പരസ്യങ്ങള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കുമെതിരെയും പരാമര്‍ശങ്ങളുണ്ട്.

എവിടെയും മോഹന്‍ലാല്‍ എന്ന പേരു ഉപയോഗിച്ചിട്ടില്ലെങ്കിലും ആനക്കൊമ്പ് വിഷയവും ലാലിസവുമെല്ലാം പറഞ്ഞുകൊണ്ടാണ് ബിജുവിന്റെ കുറിപ്പ.്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അഭിനയിക്കുന്ന ഭൂരിപക്ഷം സിനിമകളുടെ പേരുകളും ഉള്ളടക്കവും നോക്കൂ.അവയുടെ നിരന്തരമായ സ്ത്രീ വിരുദ്ധതയും വംശീയതയും ഫ്യൂഡല്‍ മനോഭാവവും അശ്ലീലതയും നോക്കൂ…ഏതൊക്കെ പ്രതിലോമകരമായ പ്രൊഡക്ടുകള്‍ക്ക് വേണ്ടിയാണ് പ്രൊമോഷന്‍ പരസ്യങ്ങളില്‍ നിന്നു കൊടുക്കുന്നത് എന്നത് നോക്കൂ….ഏത് തരം ടെലിവിഷന്‍ ഷോകളില്‍ ആണ് സാന്നിധ്യം എന്ന് നോക്കൂ …ബ്ലോഗ് എന്ന പേരില്‍ എമ്മാതിരി സാമൂഹ്യ ബോധമില്ലാത്ത എഴുത്തുകള്‍ ആണ് എന്ന് നോക്കൂ…കോടികള്‍ സര്‍ക്കാരില്‍ നിന്നും പ്രതിഫലം വാങ്ങി ഒരു പൊതു ആഘോഷ പരിപാടിയില്‍ ചുണ്ടനക്കി റെക്കോര്‍ഡ് പാട്ട് പാടിയ തട്ടിപ്പ് നോക്കൂ..കലാകാരന്‍ എന്ന നിലയില്‍ ഒരു കാലത്തും ഒരു വിധ ജനകീയ, സാമൂഹിക വിഷയങ്ങളിലും ഒരു വാക്ക് പോലും പ്രതികരിച്ചിട്ടേ ഇല്ലാത്ത നിലപാടില്ലായ്മ നോക്കൂ..ആനക്കൊമ്പിനോടുള്ള സ്നേഹം നോക്കൂ….തീര്‍ത്തും ജനാധിപത്യ വിരുദ്ധ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലെ നെടും തൂണായി നിന്ന് ആ സംഘടനയുടെ ചാരിറ്റിയെ പറ്റി വാചാലമാകുന്ന നിഷ്‌കളങ്കത നോക്കൂ…ഗുണ്ടാ സംഘങ്ങളെപ്പോലെ സ്വന്തം ഫാനരന്മാരുടെ സംഘത്തെ വിമര്‍ശകര്‍ക്കും സ്ത്രീകള്‍ക്കും നേരെ സൈബര്‍ ഇടങ്ങളില്‍ അഴിഞ്ഞാടാന്‍ അനുവദിക്കുന്ന ഹൃദയ വിശാലത നോക്കൂ….ആക്രമിക്കപ്പെട്ട സ്ത്രീയേക്കാള്‍ കുറ്റാരോപിതനോടുള്ള അലിവും പ്രാര്‍ത്ഥനയും നോക്കൂ….സമ്പൂര്‍ണ്ണനാണ് ഞാന്‍ എന്ന് സ്വയം എഴുതി നെറ്റിയില്‍ ഒട്ടിക്കുന്ന ആ അപാര ധൈര്യം നോക്കൂ…ഇന്‍കം ടാക്‌സ് അന്വേഷണം ആവിയായിപ്പോയ കഥ നോക്കൂ..സ്വന്തം ഡ്രൈവറെ മലയാള സിനിമാ ലോകത്തെ ഏറ്റവും വലിയ പ്രൊഡ്യൂസര്‍ ആക്കി മാറ്റിയ ജാലവിദ്യ നോക്കൂ…അപ്പോള്‍ സാംസ്‌കാരിക കേരളമേ ഇമ്മട്ടില്‍ എന്നേ സ്വയം വെളിപ്പെടുത്തിയ അടയാളപ്പെടുത്തിയ ഒരാളില്‍ നിന്നും ഇതിനപ്പുറം എന്താണ് നിങ്ങള്‍ പ്രതീക്ഷിച്ചത്…അമീര്‍ഖാന്‍, കമല്‍ഹാസന്‍, പ്രകാശ് രാജ് തുടങ്ങിയ കലാകാരന്മാരുടെ പൊതു ബോധവും രാഷ്ട്രീയ ബോധവും സാംസ്‌കാരികതയും നട്ടെല്ലുള്ള നിലപാടുകളും എല്ലാ താരങ്ങള്‍ക്കും ഉണ്ടായിക്കൊള്ളണം എന്ന് കരുതാനാവില്ലല്ലോ..അങ്ങനെ പ്രതീക്ഷിക്കുന്നതും ശരിയല്ല..സിനിമ ഒരു കലയുമാണ് വ്യവസായവും ആണ്. ആ വ്യവസായത്തില്‍ ഉപജീവനത്തിനും ധനസമ്പാദനത്തിനും ആയി അഭിനയം തൊഴിലാക്കിയവരെ അങ്ങിനെ തന്നെ കാണാന്‍ ശ്രമിക്കൂ…ആ കലാ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുകയും ഒപ്പം തങ്ങള്‍ ജീവിക്കുന്ന സമൂഹത്തോടും ചുറ്റുമുള്ള മനുഷ്യരോടും പ്രതിബദ്ധതയും മാനവികതയും ഉള്ള നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കലാകാരന്മാരെ നമുക്ക് അംഗീകരിക്കാം..അവരാണ് കലാരംഗത്തെ യഥാര്‍ഥ ഹീറോകള്‍… മറ്റുള്ളവര്‍ ആരെങ്കിലും ഒക്കെ എഴുതിയ വാചകങ്ങള്‍ കാണാതെ പഠിച്ചു പറഞ്ഞു സ്‌ക്രീനില്‍ ഹീറോകളാകുന്ന സീറോകള്‍ മാത്രം..അവരില്‍ നിന്നും കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നവരെ വേണം ആദ്യം ഓടിക്കേണ്ടത്….

We use cookies to give you the best possible experience. Learn more