Entertainment
മോഹൻലാൽ നടത്തിയ ഏറ്റവും ധൈര്യപൂര്‍വമായ തീരുമാനമാണ് ആ ചിത്രം, അഭിനന്ദിക്കേണ്ട കാര്യമാണത്: ബിജോയ് നമ്പ്യാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 20, 11:51 am
Wednesday, 20th November 2024, 5:21 pm

മണിരത്‌നത്തിന്റെ അസിസ്റ്റന്റായി കരിയര്‍ തുടങ്ങിയ സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. ദുൽഖർ സൽമാൻ നായകനായി വലിയ ഹൈപ്പിൽ എത്തിയ സോളോ എന്ന ചിത്രത്തിലൂടെയാണ് ബിജോയ് നമ്പ്യാർ മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. ദുൽഖർ, ഇർഫാൻ ഖാൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ കർവാൻ എന്ന ചിത്രവും സംവിധാനം ചെയ്തത് ബിജോയ് ആയിരുന്നു.

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സ്ക്രിപ്റ്റ് സെലക്ഷനെ കുറിച്ച് സംസാരിക്കുകയാണ് ബിജോയ്. ഒരാളുടെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ നല്ലതും മറ്റൊരാളുടേത് മോശമാണെന്നും അഭിപ്രായപ്പെടേണ്ട ആവശ്യമില്ലെന്നും, ഇത്രയും കാലത്തെ കരിയറിനിടയിലും രണ്ട് പേരും വ്യത്യസ്തത പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുമാണെന്നും ബിജോയ് പറഞ്ഞു.

മലൈക്കോട്ടൈ വാലിബന്‍ മോഹൻലാൽ തെരഞ്ഞെടുത്തതിനെ കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇപ്പോഴത്തെ സ്‌ക്രിപ്റ്റ് സെലക്ഷനുകളെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഇതേ കാര്യം നേരെ തിരിച്ച് സംഭവിച്ചിട്ടുണ്ടായിരുന്നു. ലാലേട്ടന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ ഗംഭീരവും മമ്മൂക്കയുടേത് കുറച്ച് പിന്നോട്ടുമായിരുന്നു. ഇപ്പോള്‍ അത് റിവേഴ്‌സില്‍ സംഭവിക്കുന്നെന്ന് മാത്രം. ഇനി നാളെ ചിലപ്പോള്‍ വീണ്ടും മാറിയേക്കാം. രണ്ടുപേരും ഇന്‍ട്രെസ്റ്റിങായ സബ്ജക്ടുകള്‍ ചെയ്യുകയും നല്ല പ്രൊജക്ടുകളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. നാലോ അഞ്ചോ പതിറ്റാണ്ടായി നല്ല ഫിലിംമേക്കേഴ്‌സിന് അവര്‍ രണ്ടുപേരും അവസരം കൊടുക്കുന്നുണ്ട്.

ലാലേട്ടന്‍ എന്നു പറയുന്നത് ഒരു ഫിനോമിനല്‍ ആക്ടറാണ്. അദ്ദേഹം ഈയടുത്ത് നടത്തിയ ഏറ്റവും ധൈര്യപൂര്‍വമായ തീരുമാനമാണ് മലൈക്കോട്ടൈ വാലിബന്‍. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ അവസ്ഥയിലും ഇങ്ങനെയൊരു പരീക്ഷണത്തിന് തയാറാകുക എന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്.

അതുകൂടാതെ അദ്ദേഹം ഒരു സിനിമ സംവിധാനവും ചെയ്യുന്നുണ്ട്. ഇതൊക്കെ ആരും അധികം പരീക്ഷിക്കാത്ത സംഗതിയാണ്,’ ബിജോയ് പറഞ്ഞു

 

Content Highlight: Director Bijoy Nambiar About Mohanlal And Mammootty