| Wednesday, 30th November 2022, 8:02 am

സ്ഫടികം വീണ്ടും കണ്ടപ്പോള്‍ ആ ഒരു കാര്യം വല്ലാതെ നൊമ്പരപ്പെടുത്തുന്നു; കഥ കേട്ടതിന് ശേഷം അദ്ദേഹം അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു: ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന സ്ഫടികം 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസ് ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റീല്‍ സംസാരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

സിനിമയുടെ കഥ കേട്ടപ്പോള്‍ എടുക്കാന്‍ വന്ന കമ്പനിക്ക് ഉണ്ടായ സംശയങ്ങളെക്കുറിച്ചും സിനിമ വീണ്ടും കണ്ടപ്പോള്‍ തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ചും പ്രസ് മീറ്റില്‍ ഭദ്രന്‍ സംസാരിച്ചിരുന്നു. മോഹന്‍ലാലിന്റെ വിന്റേജ് ലുക്ക് സിനിമയില്‍ അതിഗംഭീരമായിട്ട് ഇരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വ്യാഴാഴ്ച ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ 28 വര്‍ഷത്തിന് ശേഷം ഇങ്ങനെ ഒരു സുദിനം ഉണ്ടാവുമെന്ന് വിചാരിച്ചതല്ല. ഈ സിനിമ ആദ്യം എടുക്കാന്‍ വന്ന കമ്പനി കഥ കേട്ടതിന് ശേഷം രണ്ട്, മൂന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു.

അതില്‍ പ്രധാനപ്പെട്ടത്, മോഹന്‍ലാലിനെപ്പോലെ ഇത്ര ഇമേജില്‍ നില്‍ക്കുന്ന നടന്‍ തുണി പറച്ച് അടിച്ചാല്‍ ആള്‍ക്കാര്‍ കൂവില്ലെ എന്നായിരുന്നു. കൂടാതെ അപ്പന്റെ കൈ വെട്ടുന്ന മകനെ നമ്മുടെ മലയാളികള്‍ ഉള്‍ക്കൊള്ളുമോ എന്നൊക്കെ ആയിരുന്നു.

ഇതെല്ലാം കേട്ടപ്പോള്‍ ഞാന്‍ മനസില്‍ തീരുമാനിച്ചു എനിക്ക് വേണമെങ്കില്‍ അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യാം. അദ്ദേഹത്തിനെ കണ്‍വിന്‍സ് ചെയ്യാന്‍ എനിക്ക് പറ്റുമെന്ന് അറിയാം അതില്‍ ഞാന്‍ സമര്‍ത്ഥനാണ്. ഞാന്‍ പെട്ടെന്ന് തന്നെ ഫോണില്‍ പ്രൊഡ്യൂസറിനെ വിളിച്ചു. ഈ സിനിമ ബിഗ് സ്‌ക്രീനില്‍ കാണണമെന്ന് പറഞ്ഞു.

ഈ സിനിമയുടെ ആദ്യ കോപ്പി മദ്രാസില്‍ വെച്ച് കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ഒരു പത്ത്, മുപ്പത്തഞ്ച് ഷോട്ട് കൂടി എടുക്കാമായിരുന്നു എന്നായിരുന്നു. അത് നഷ്ടപ്പെട്ടല്ലോ എടുക്കാന്‍ പറ്റിയില്ലല്ലോ എന്നാണ് തോന്നിയത്. അത് ഇപ്പോഴും എന്റെ മനസിനെ നൊമ്പരപ്പെടുത്തുന്നുണ്ട്.

ആദ്യം മുതല്‍ അവസാനം വരെ സിനിമ കണ്ടപ്പോള്‍ എനിക്ക് പോലും വിശ്വസിക്കാനായില്ല ഞാനാണ് ഈ സിനിമ ചെയ്തതെന്ന്. ഇതിലെ മോഹന്‍ലാലെന്ന നടന്‍ ഒരു രക്ഷയുമില്ല. ഇപ്പോള്‍ കാണുന്ന മോഹന്‍ലാല്‍ അല്ലല്ലോ സിനിമയില്‍ ഉള്ളത്. അദ്ദേഹത്തിന്റെ വിന്റേജ് ലുക്ക് സ്ഫടികത്തില്‍ അതിഗംഭീരമായിട്ട് ഇരിക്കുന്നു.

ഈ സിനിമ കാണുന്ന ആരും ഇതെന്ത് സിനിമ എന്ന് ചോദിക്കില്ല. ഇന്നത്തെ പുതിയ ടെക്‌നോളജിയില്‍ ഈ സിനിമ എങ്ങനെ കാണുന്നു എന്നതാണ് അറിയാന്‍ പോകുന്നത്,” ഭദ്രന്‍ പറഞ്ഞു.

2023 ഫെബ്രുവരി ഒമ്പതിനാണ് സ്ഫടികം തിയേറ്ററിലെത്തുക. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k atmos ശബ്ദവിന്യാസത്തിലാണ് ചിത്രം തിയേറ്ററില്‍ വീണ്ടും എത്തുക.

content highlight: director bharathan about spadikam re-release

We use cookies to give you the best possible experience. Learn more