സില്‍ക്ക് സ്മിതയുടെ അറുപതാം പിറന്നാളില്‍ അവര്‍ക്കൊപ്പമുള്ള സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ അനുഭവങ്ങള്‍ ഭദ്രന്‍ തുറന്നു പറഞ്ഞത്.
സ്ഫടികത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന്റെ തലേദിവസം സില്‍ക്ക് സ്മിതയുടെ കോസ്റ്റ്യൂമര്‍ നടിക്ക് ധരിക്കേണ്ട വസ്ത്രവുമായി തന്റെ മുറിയില്‍ വന്നപ്പോള്‍ ഞെട്ടിപ്പോയെന്നും ലൈലക്ക് ഒട്ടും ചേരാത്ത വസ്ത്രമായിരുന്നു അതെന്നുമാണ് സംവിധായകന്‍ പറയുന്നത്. സ്ഫടികത്തിലെ സില്‍ക്കിന്റെ കഥാപാത്രമായ ലൈലക്ക് വേണ്ടി താന്‍ മനസ്സില്‍ കണ്ടത് ചെമ്മീനിലെ ഷീലാമ്മ ധരിച്ച പോലുള്ള വസ്ത്രമായിരുന്നെന്നും എന്നാല്‍ കൈലി പോലെ എന്തോ ഒന്നില്‍ വള്ളികള്‍ തൂങ്ങിക്കിടക്കുന്ന പോലത്തെ വസ്ത്രമാണ് കോസ്റ്റ്യൂമര്‍ കൊണ്ടുവന്നതെന്നും
ഭദ്രന്‍ പറഞ്ഞു.
ഞാന്‍ ഉദ്ദേശിച്ചത് ഈ വസ്ത്രമല്ലെന്ന് സ്മിതയോട് പറഞ്ഞപ്പോള്‍ ഡോണ്ട് വറി സര്‍, ഇറ്റ് വില്‍ബി റെഡി സൂണ്‍ എന്നാണ് സ്മിത പറഞ്ഞത്. കുറച്ച് സമയങ്ങള്‍ക്കകം കോസ്റ്റ്യൂമര്‍ എന്റെ മുറിയില്‍ വന്ന് സ്മിത റെഡിയായിട്ടുണ്ടെന്ന് പറഞ്ഞു. സാക്ഷാല്‍ കറുത്തമ്മയെപ്പോലെ കൈലിയും മുണ്ടുമുടുത്ത് സ്മിത നില്‍ക്കുന്നു, ഭദ്രന്‍ പറഞ്ഞു.
പിന്നീട് സില്‍ക്ക് പൂര്‍ണ്ണമായും തന്റെ കഥാപാത്രമായി മാറുകയായിരുന്നുവെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സില്‍ക്ക് എല്ലാവരോടും നന്നായി പെരുമാറുന്ന ഒരാളായിരുന്നുവെന്നും സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പ് സില്‍ക്കുമായി സംസാരിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്തതെന്തിനെന്ന് മനസ്സിലാവുന്നില്ലെന്നും അനുഭവങ്ങള്‍ പങ്കുവെക്കുന്ന കൂട്ടത്തില്‍ ഭദ്രന്‍ പറഞ്ഞു.
ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം സിനിമയില്‍ ചെറിയൊരു വേഷത്തിലാണ് സില്‍ക്ക് സ്മിത എത്തിയതെങ്കിലും പ്രേക്ഷകരുടെ പ്രീതി നേടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. 1995ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. തിലകന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത എന്നിങ്ങനെ പ്രഗത്ഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക