| Saturday, 11th February 2023, 4:35 pm

തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ നിങ്ങള്‍ എന്നെ പഠിപ്പിക്കണ്ടെന്നായി തിലകന്‍, വാക്കുതര്‍ക്കം തല്ലിന്റെ വക്ക് വരെയെത്തി: ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ഫടികം സിനിമ ചെയ്യുന്ന സമയത്തിന് മുമ്പ് താനും തിലകനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ ഭദ്രന്‍. ഡബ്ബിങ്ങിനിടയില്‍ അദ്ദേഹം പറഞ്ഞ തെറ്റ് താന്‍ തിരുത്തികൊടുത്തത് ഇഷ്ടപ്പെട്ടില്ലെന്നും പ്രശ്‌നം കയ്യാങ്കളിയുടെ വക്ക് വരെയെത്തിയെന്നും ഭദ്രന്‍ പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തിലകനുമൊത്തുള്ള അനുഭവങ്ങള്‍ ഭദ്രന്‍ പങ്കുവെച്ചത്.

‘നമുക്കെല്ലാവര്‍ക്കും തിലകന്‍ ചേട്ടനെ അറിയാം. മലയാള സിനിമ കണ്ട ചുരുക്കം ചില നല്ല നടന്മാരില്‍ വളരെ പ്രത്യേകതകളുള്ള, പ്രത്യേക ശബ്ദമുള്ള, പ്രത്യേക മുഖഭാവമുള്ള, പ്രത്യേക ടെക്‌സ്ച്ചറുള്ള, വളരെ വ്യത്യസ്തനായിട്ടുള്ള നടനാണ്. അത് അംഗീകരിച്ചുകൊണ്ട് പറയുകയാണ്. ചിലപ്പോള്‍ സത്യമല്ലാത്ത കാര്യങ്ങള്‍ കുറച്ച് എക്‌സാജറേറ്റ് ചെയ്തു പറയുന്ന സ്വഭാവമുണ്ട് പുള്ളിക്ക്.

സ്ഫടികത്തിലേക്ക് വരുന്നതിന് മുമ്പ് ഞാനും പുള്ളിയുമായി ഒരു വലിയ ഇഷ്യു ഉണ്ടായിരുന്നു. ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന സിനിമക്കിടയില്‍ ഡബ്ബ് സൗണ്ടില്‍ പുള്ളി പറഞ്ഞതിലെ മിസ്റ്റേക്ക് ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. മ്യൂസിക് വിത്ത്ഔട്ട് മെലുഡി എന്ന് പറഞ്ഞിരുന്നു. മെലുഡി അല്ല തിലകന്‍ ചേട്ടാ മെലഡി എന്ന് പറയാന്‍ പറഞ്ഞു. നിങ്ങളെന്നെ ഇംഗ്ലീഷ് പഠിപ്പിക്കണ്ട എന്നായി. അതങ്ങനെ പറഞ്ഞ് ഭയങ്കര വര്‍ത്തമാനമായി, പ്രശ്‌നമായി, ഒച്ചപ്പാടായി, തല്ലിന്റെ വക്ക് വരെയെത്തി. ദൈവാധീനം കൊണ്ട് ഒന്നും സംഭവിച്ചില്ല.

അതിന് ശേഷം ഒരു മൂന്നാലഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു നിമിത്തം പോലെ ഈ സിനിമ തിലകന്‍ ചേട്ടന്‍ കണ്ടു. അപ്പോള്‍ പഴയ സംഭവങ്ങളൊക്കെ അദ്ദേഹത്തിന് ഓര്‍മ വന്നു. ആ രംഗം വീണ്ടും കണ്ടപ്പോള്‍ മെലഡി എന്ന് ക്ലാരിറ്റിയോടെ പറയുന്നില്ല. മെലുഡി എന്നാണ് കിടക്കുന്നത്. അന്ന് തിലകന്‍ ചേട്ടന്‍ അത് പറഞ്ഞപ്പോള്‍ രഹസ്യമായി പിറകില്‍ പോയി നിന്ന് ഞാന്‍ കേട്ടതാണ്. ഒരുപാട് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ അതിന് സാക്ഷികളാണ്.

ഞങ്ങള്‍ പിന്നേയും കണ്ടുമുട്ടാനും സ്‌നേഹിക്കാനുമൊക്കെയാണ് വിധിക്കപ്പെട്ടത്. അത്രയും വലിയ ശത്രുതയില്‍ നില്‍ക്കുമ്പോഴാണ് സ്ഫടികത്തിലേക്ക് തിലകന്‍ ചേട്ടന്‍ വരുന്നത്. വളരെ സ്‌നേഹത്തോടെയാണ് വന്നത്,’ ഭദ്രന്‍ പറഞ്ഞു.

Content Highlight: Director Bhadran says that there were problems between him and Thilakan

We use cookies to give you the best possible experience. Learn more