അറബിക്കടലിന്റെ അലറുന്ന സിംഹത്തെക്കുറിച്ചു ഞാന്‍ പ്രത്യേകം പറയേണ്ടതില്ലെല്ലോ; മരക്കാറിനെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍
Entertainment news
അറബിക്കടലിന്റെ അലറുന്ന സിംഹത്തെക്കുറിച്ചു ഞാന്‍ പ്രത്യേകം പറയേണ്ടതില്ലെല്ലോ; മരക്കാറിനെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd December 2021, 9:44 pm

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ ദിവസമാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

ചിത്രത്തിന് സമിശ്ര അഭിപ്രായമാണ് കേരളത്തില്‍ നിന്നടക്കം ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

സിനിമയുടെ ഓരോ മേഖലയും മികച്ചു നിന്നെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിമര്‍ശനങ്ങള്‍ മൂലം മുന്‍വിധികള്‍ ഇല്ലാതെയാണ് സിനിമ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് മികച്ച അനുഭവം ആണ് സിനിമ സമ്മാനിച്ചതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തിലെ സംഭാഷണങ്ങളെ ഇകഴ്ത്തി കൊണ്ടുള്ള ഒരുപാട് കമന്റുകള്‍ വായിക്കുകയുണ്ടായി. പക്ഷേ എനിക്ക് മറിച്ചാണ് അനുഭവപ്പെട്ടത്. നല്ല തെളിച്ചമുള്ള അതിഭാവുകത്വം കലരാത്ത സംഭാഷണങ്ങള്‍, അതുപോലെ തന്നെ വളരെ കോംപീറ്റന്റ് ആയ വിഷ്വല്‍സ് ആയിരുന്നു സിനിമ ഉടനീളമെന്നും അദ്ദേഹം പറഞ്ഞു.

ഇതിലെ വി.എഫ്.എക്‌സ് സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വലിയ അനുഭവസമ്പത്ത് ഇല്ലാതെ തന്നെ വളരെ മികച്ചതാക്കി. സിനിമ റിലീസിന് മുമ്പ് കടല്‍ കാണാത്ത കപ്പല്‍ യുദ്ധമെന്ന് പറയേണ്ടിയിരുന്നില്ല. മറിച്ച്, ഇതൊക്കെ കടലിലിറങ്ങി എങ്ങനെ ഷൂട്ട് ചെയ്തു എന്ന് അത്ഭുതപ്പെടുത്തേണ്ടിയിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

ഭദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം,

അച്ഛന് ഒരു മകന്‍ ഉണ്ടായാല്‍ ഇങ്ങനെ ഉണ്ടാവണം! ഞാന്‍ മഹാമാരി ഭയന്ന് തിയറ്ററില്‍ കാണാതെ മരക്കാര്‍ എന്ന ചലച്ചിത്രം പിന്നീട് ഒ.ടി.ടി റിലീസില്‍ എന്റെ ഹോം തിയറ്ററില്‍ കാണുകയുണ്ടായി. വൈകിയാണെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടാവണമല്ലോ. എല്ലാവരും പടച്ച് കോരി വൃത്തികേടാക്കിയ ഒരു സിനിമ മുന്‍വിധികള്‍ക്കു ഒന്നും കീഴ്‌പ്പെടാതെ, ശരാശരി പ്രേക്ഷകന്‍ എന്ന രീതിയിലാണ് കണ്ടത്. ഇത്ര വലിയ ഒരു ഭൂകമ്പം അഴിച്ചുവിട്ടു ഇതിനെ ഇങ്ങനെ മോശം ആക്കേണ്ടിയിരുന്നോ? എന്ന് എനിക്ക് തോന്നിപ്പോയി.

ഈ ചിത്രത്തിലെ സംഭാഷണങ്ങളെ ഇകഴ്ത്തി കൊണ്ടുള്ള ഒരുപാട് കമന്റുകള്‍ വായിക്കുകയുണ്ടായി. പക്ഷേ എനിക്ക് മറിച്ചാണ് അനുഭവപ്പെട്ടത്. നല്ല തെളിച്ചമുള്ള അതിഭാവുകത്വം കലരാത്ത സംഭാഷണങ്ങള്‍, അതുപോലെ തന്നെ വളരെ കോംപീറ്റന്റ് ആയ വിഷ്വല്‍സ് ആയിരുന്നു സിനിമ ഉടനീളം. ഇതിലെ വി.എഫ്.എക്‌സ് സിദ്ധാര്‍ത് പ്രിയദര്‍ശന്‍ വലിയ അനുഭവസമ്പത്ത് ഇല്ലാതെ തന്നെ വളരെ മികച്ചതാക്കി. സിനിമ റിലീസിന് മുമ്പ് കടല്‍ കാണാത്ത കപ്പല്‍ യുദ്ധമെന്ന് പറയേണ്ടിയിരുന്നില്ല. മറിച്ച്, ഇതൊക്കെ കടലിലിറങ്ങി എങ്ങനെ ഷൂട്ട് ചെയ്തു എന്ന് അത്ഭുതപ്പെടുത്തേണ്ടിയിരുന്നില്ലേ???

ഞാനോര്‍ക്കുന്നു, എന്റെ അപ്പന്‍ കാമറോണിന്റെ ടൈറ്റാനിക്ക് സിനിമ കണ്ടേച്ച് കവിത തീയേറ്ററില്‍ നിന്ന് പാലാ വരെ കപ്പലിന്റെ മുമ്പിലൂടെ തുള്ളിച്ചാടി കളിക്കുന്ന ഡോള്‍ഫിനെ കണ്ടു ‘സായിപ്പിനെ സമ്മതിക്കണം, കപ്പലിന്റെ പുറകെ ബോട്ടില്‍ ക്യാമറയുമായി കടലില്‍ എത്ര രാവും പകലും ക്ഷമയോടെ ഉറക്കമിളച്ചു ആയിരിക്കണം ഒപ്പിയെടുത്തത്’. കുറച്ചു നാളുകള്‍ക്കു ശേഷം ഞാന്‍ പറയുമ്പോള്‍ ആണ് അപ്പന്‍ അറിയുന്നത് ‘ദോസ് ഡോള്‍ഫിന്‍സ് വെയര്‍ ആനിമേറ്റഡ്’.                  ( ഡിജിറ്റല്‍ ഇമേജസ് ആണ് അപ്പാ! ) കപ്പലും ഡോള്‍ഫിനും തമ്മില്‍ കണ്ടിട്ടേയില്ല’.

ഇങ്ങനെ ഈ അത്ഭുതപ്പെടുത്തല്‍ ആണ് സിനിമയ്ക്ക് ആവശ്യം. ഒരു മജീഷ്യന്റെ കണ്ണഞ്ചിപ്പിക്കുന്ന മാജിക് പോലെയാവണം സിനിമ. എന്നുവച്ചാല്‍ മുമ്പിലിരുന്ന് കണ്ടാല്‍ മതിയെന്ന് അര്‍ത്ഥം. പുറകില്‍ വന്നാല്‍ പിന്നെ മാജിക് വെടിപ്പുര ആയി. കുഞ്ഞു കുഞ്ഞാലി മറക്കാതെ നില്കുന്നു മനസ്സില്‍ .പ്രണവിന്റെ മെയ്യ്വഴക്കവും, കണ്ണുകളില്‍ അച്ഛനെ പോലെ ഗൂഢമായി ഒളിഞ്ഞിരിക്കുന്ന സ്‌നിഗ്ധ സൗന്ദര്യവും ഒത്തുവന്നപ്പോള്‍ കുഞ്ഞു കുഞ്ഞാലി മികവുറ്റതായി. ഒരു മികച്ച ഹോളിവുഡ് സ്റ്റാന്‍ഡേര്‍ഡ് പ്രൊഡക്ഷന്‍ വാല്യൂ ഉണ്ടാക്കിയ ആന്റണി പെരുമ്പാവൂരിനും, പ്രിയദര്‍ശനും എന്റെ അഭിനന്ദനങ്ങള്‍ അറബിക്കടലിന്റെ അലറുന്ന സിംഹത്തെക്കുറിച്ചു ഞാന്‍ പ്രത്യേകം പറയേണ്ടതില്ലെല്ലോ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Director Bhadran praises Marakkar Arabikadalinte simham Malayalam Movie and Mohanlal priyadarshan