ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണനയില്‍ എത്തിയ സിനിമകളില്‍ ഭൂരിഭാഗവും നിലവാരം കുറഞ്ഞവയായിരുന്നെന്ന് സബ് ജൂറി ചെയര്‍മാന്‍ സംവിധായകന്‍ ഭദ്രന്‍. കാന്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു ഭദ്രന്‍.
ഇത്തവണ അവാര്‍ഡിനെത്തിയ 80 ചിത്രങ്ങളില്‍ ഫൈനല്‍ ജൂറിയുടെ പരിഗണനയിലെത്തിയത് 28 ചിത്രങ്ങളായിരുന്നെന്നും ഇതില്‍ മൂന്നോ നാലോ സിനിമകളൊഴിച്ച് മറ്റെല്ലാം നിലവാരം കുറഞ്ഞവയും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ദാരിദ്ര്യം അനുഭവപ്പെട്ടവയായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പക്ഷേ നടിമാരുടെ കാര്യത്തില്‍ അന്ന ബെന്‍ തന്നെയായിരുന്നു മുന്നിട്ട് നിന്നതെന്നും മികച്ച നടനെ കണ്ടെത്തുന്നതിലാണ് മത്സരം നടന്നതെന്നും ഭദ്രന്‍ പ്രതികരണത്തില്‍ പറഞ്ഞു.
മികച്ച നടന് വേണ്ടിയുള്ള കാറ്റഗറിയില്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയത് ജയസൂര്യയും ഫഹദ് ഫാസിലുമായിരുന്നു. വെള്ളം, സണ്ണി, സൂഫിയും സുജാതയും എന്നിവയിലെ വേറിട്ട പ്രകടനങ്ങളാണ് മികച്ച നടനായി ജയസൂര്യയെ തെരഞ്ഞെടുക്കാന്‍ കാരണമായത്.
അതേസമയം മാലിക് എന്ന ചിത്രം ആദ്യറൗണ്ടില്‍ തന്നെ തള്ളിപ്പോയിരുന്നെന്നും ട്രാന്‍സ് എന്ന ചിത്രത്തിലെ ഫഹദിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നെങ്കിലും വ്യത്യസ്തമായ പ്രകടനമുള്ള അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം അവസാന റൗണ്ടിലേയ്ക്ക് വന്നിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച ചലച്ചിത്രമായി അവസാന റൗണ്ടിലെത്തിയ മൂന്ന് ചിത്രങ്ങള്‍ സൂഫിയും സുജാതയും, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, തിങ്കളാഴ്ച നിശ്ചയം എന്നിവയായിരുന്നു. വ്യക്തിപരമായി എനിക്ക് ഇഷ്ടപ്പെട്ട ചിത്രം സൂഫിയും സുജാതയുമായിരുന്നു. എന്നാല്‍ മറ്റ് പല ഘടകങ്ങളും പരിഗണിച്ചതില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തുകയായിരുന്നെന്നും ഭദ്രന്‍ പറഞ്ഞു.
സബ് ജൂറി തഴഞ്ഞ ചിത്രമായ സൂഫിയും സുജാതയും ഫൈനല്‍ ജൂറിയുടെ പ്രത്യേകം നിര്‍ദ്ദേശത്തിന്മേലാണ് അവസാന റൗണ്ടിലെത്തിയത്. അതുകൊണ്ട് മാത്രമാണ് അതിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ജയചന്ദ്രന് മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്.
ഏകകണ്ഠമായിരുന്നു ജൂറി തീരുമാനം. ആര്‍ക്കിടയിലും അഭിപ്രായവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടായ ചുരുക്കം ചില കാര്യങ്ങളില്‍ വ്യക്തമായ ചര്‍ച്ചകള്‍ക്കുശേഷം ഏകകണ്ഠമായ തീരുമാനമെടുക്കുകയും ചെയ്‌തെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Director Bhadran Mattel on Kerala State Film Award