സ്ഫടികത്തില്‍ നിന്ന് സാബു സിറിള്‍ ഇറങ്ങിപ്പോയി, പോണ പോക്കില്‍ സന്തോഷ് ശിവനെയും പിടിച്ചോണ്ട് പോയി: ഭദ്രന്‍
Entertainment news
സ്ഫടികത്തില്‍ നിന്ന് സാബു സിറിള്‍ ഇറങ്ങിപ്പോയി, പോണ പോക്കില്‍ സന്തോഷ് ശിവനെയും പിടിച്ചോണ്ട് പോയി: ഭദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th February 2023, 11:43 pm

ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സ്ഫടികം. തിലകന്‍, നെടുമുടി വേണു, ഉര്‍വശി, കെ.പി.എ.സി. ലളിത എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തത് ജെ. വില്യംസണും, ആര്‍ട്ട് വര്‍ക്ക് ചെയ്തത് വത്സനുമായിരുന്നു.

എന്നാലിവരായിരുന്നില്ല തന്റെ ആദ്യത്തെ ചോയ്‌സെന്നും സാബു സിറിളിനെയും, സന്തോഷ് ശിവനെയുമാണ് ആദ്യം സമീപിച്ചതെന്നും ചിത്രത്തിന്റെ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഇവര്‍ കാരണമില്ലാതെ ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്നും, ആ വാശിയിലാണ് ചിത്രത്തിലേക്ക് വത്സനെ പരിഗണിച്ചതെന്നും കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘സാബു പ്രിയന്റെ കൂടെ ഹിന്ദിയില്‍ പോയി രണ്ട് വര്‍ഷം കഴിഞ്ഞാണ് സ്ഫടികം ചിന്തയില്‍ വരുന്നത്. സ്ഫടികത്തില്‍ സാബുവും സന്തോഷ് ശിവനുമായിരുന്നു ആദ്യത്തെ ചോയ്‌സ്. ക്യാമറമാനായും, ആര്‍ട്ട് ഡയറക്ടറായും. നമ്മള്‍ ഷൂട്ടിങ് പ്ലാന്‍ ചെയ്ത് ഒന്നര മാസത്തേക്ക് ഡിലേ ചെയ്യേണ്ടി വന്നു.

ആ സമയത്ത് ഭദ്രന്‍ സാറ് ആ പടം പോസ്റ്റ്‌പോണ്‍ ചെയ്‌തെന്നും ഇനിയിപ്പോ ഇത് തീരാതെ അടുത്ത ഹിന്ദി പടത്തിനൊന്നും പോവാന്‍ പറ്റില്ല. എന്നൊക്കെ ആരൊക്കെയോ ഇവരോട് പറഞ്ഞെന്നാണ് പറയുന്നത്. പുള്ളി വളരെ തന്മയത്തത്തോടെ അങ്ങ് ഇറങ്ങിപ്പോയി. പോണ പോക്കില്‍ സന്തോഷ് ശിവനെയും പിടിച്ചോണ്ട് പോയി.

അപ്പോള്‍ പിന്നെ എനിക്ക് വാശിയായി. അടുത്ത പടത്തില്‍ പുതിയൊരാളെ കാസ്റ്റും ചെയ്തു. ഇവനെ, ഈ സാബു സിറിളിനെ-വഴിയില്‍ നിന്ന് കൊച്ചു തീപ്പെട്ടിക്കോല് കൊണ്ട് പ്രോപ്പ് ഉണ്ടാക്കി നടന്ന ചെറുക്കനെ പിടിച്ചിട്ട് എന്റെ പടത്തില്‍ കാസ്റ്റ് ചെയ്തവനാണ് ഞാന്‍.

ആ സാബു സിറിള്‍ പില്‍കാലത്ത് പല ഇന്റര്‍വ്യൂവിലും ഇങ്ങനെയൊരു കാര്യം നടന്നതായും പറഞ്ഞ് കാണുന്നില്ല. അങ്ങനെ പറയണമെന്നത് എന്റെ പ്രശ്‌നമല്ല. പകരം ഞാന്‍ പുതിയ ഒരു ആര്‍ട്ട് ഡയറക്ടറെ അങ്ങ് കാസ്റ്റ് ചെയ്തു. സ്ഫടികം സിനിമയില്‍. പരസ്യ കല മാത്രം ചെയ്യുന്ന വത്സന്‍ എന്നയാളെ. കാരണം എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു പുതിയ ഒരാള്‍ തന്നെ വേണമെന്ന്,’ ഭദ്രന്‍ പറഞ്ഞു.

1990ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത അയ്യര്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയാണ് സാബു സിറിള്‍ സ്വതന്ത്ര്യ കലാസംവിധായകനായി രംഗത്തെത്തുന്നത്. പിന്നീട് അദ്ദേഹത്തിന്റെ തന്നെ അങ്കിള്‍ ബണ്‍ എന്ന ചിത്രത്തിലും ഈ കൂട്ടുകെട്ട് ഒരുമിച്ചു.

Content Highlight: Director Bhadran comment on sabu cyril