കൊച്ചി: യുവതുര്‍ക്കി എന്ന ചിത്രത്തിന് വേണ്ടി നടന്‍ സുരേഷ് ഗോപിയെ കൊണ്ട് സംവിധായകന്‍ ജീവനുള്ള എലിയെ കടിപ്പിച്ചതായുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ സേതു അടൂരിന്റെ വെളിപ്പെടുത്തല്‍ അടുത്തിടെ ചര്‍ച്ചയായിരുന്നു.
രംഗത്തിനായി കേക്ക് കൊണ്ടുണ്ടാക്കിയ എലിയെ കൊടുത്തെങ്കിലും ഭദ്രന്‍ അത് വാങ്ങി ഒറ്റ ഏറ് കൊടുത്തെന്നും പകരം പച്ച എലിയെ തിന്നാല്‍ മതിയെന്ന് പറയുകയായിരുന്നെന്നുമായിരുന്നു സേതുവിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ ഞാന്‍ സുരേഷ് ഗോപിയെ കൊണ്ട് ജീവനുള്ള എലിയ തീറ്റിച്ചു എന്നായിരുന്നില്ല മാധ്യമങ്ങള്‍ എഴുതേണ്ടതെന്നും പകരം സുരേഷ് ഗോപി കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ജീവനുള്ള എലിയെ കടിക്കാന്‍ തയ്യാറായി എന്നുള്ളതായിരുന്നെന്നുമാണ് ഭദ്രന്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
‘സുരേഷ്‌ഗോപിയെ ഞാന്‍ എലിയെ തീറ്റിച്ചു എന്ന് എഴുതിയ ഒരു ഓണ്‍ലൈന്‍ ന്യൂസ് ഞാന്‍ വായിച്ചു. അത് ശരിയാണ്, അത് ജീവനുള്ള എലി തന്നെയാണ്. പക്ഷേ അത് എഴുതേണ്ടത് അങ്ങനെ അല്ല, ഞാന്‍ തീറ്റിച്ചു എന്നതിലുപരി ആ കലാകാരന്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ജീവനുള്ള എലിയെ കടിക്കാന്‍ പോലും തയ്യാറായി എന്നുള്ളതാണ്.
എലിയെ കഴിക്കുന്ന ഷോട്ട് എടുക്കാന്‍ ആര്‍ട്ട് ഡയറക്ടര്‍ എലിയുടെ ഒരു മോഡല്‍ ഉണ്ടാക്കിക്കൊണ്ടു വന്നു. പക്ഷേ എനിക്ക് അത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. കാരണം എന്റെ മനസ്സിലെ ഷോട്ട് എന്ന് പറയുന്നത് എലിയെ കടിക്കുന്ന ഷോട്ടില്‍ ഫുള്‍ ക്ലോസപ്പില്‍ എലിയുടെ കണ്ണിലേയ്ക്ക് ചെന്ന് അതിന്റെ പളുങ്കുപോലത്തെ കറുത്ത കണ്ണിലെ ദൈന്യതയും പിടപ്പും ഒപ്പിയെടുക്കുക എന്നുള്ളതായിരുന്നു.’
‘ജീവന്‍ തുടിക്കുന്ന ആ ഷോട്ട് എലിയുടെ മോഡല്‍ വച്ച് ചെയ്താല്‍ കിട്ടില്ല. ഞാന്‍ അത് പറഞ്ഞപ്പോള്‍ സുരേഷ് സന്തോഷത്തോടെയാണ് ചെയ്യാന്‍ റെഡി ആയത്. ഞങ്ങള്‍ എലിയെ കൊണ്ട് വന്നു ചൂടുവെള്ളവും ഡെറ്റോളും ഉപയോഗിച്ച് ഉരച്ചു കഴുകി വൃത്തിയാക്കിയിട്ടാണ് ഉപയോഗിച്ചത്. തീഹാര്‍ ജയിലിന്റെ അവസ്ഥ വളരെ മോശമായിരുന്നു. വൃത്തികെട്ട അന്തരീക്ഷം, ആ പശ്ചാത്തലത്തില്‍ ഒരു കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി എന്ത് വിട്ടുവീഴ്ചക്കും തയ്യാറായ സുരേഷ്‌ഗോപിയുടെ മഹത്വമാണ് എടുത്തു പറയേണ്ടത്.’ ഭദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞു.
വളരെ സ്‌നേഹമുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്നും മലയാള സിനിമയിലെ ഏറ്റവും ഇമ്പമുള്ള ‘ചേട്ടാ’ വിളി സുരേഷിന്റേതാണെന്നും ഭദ്രന്‍ പറഞ്ഞു.
മുന്‍ കാലങ്ങളില്‍ താരങ്ങള്‍ കഥാപാത്രത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ച ചെയ്യാനും തയ്യാറായിരുന്നെന്നു ഇന്നിപ്പോള്‍ സിനിമക്ക് വേണ്ടിയുള്ള പഠനം കുറവാണെന്നും ഭദ്രന്‍ പറയുന്നു.
ഒരു സ്മാര്‍ട്ട് ഫോണുണ്ടെങ്കില്‍ ആര്‍ക്കും സിനിമ എടുക്കാം എന്ന അവസ്ഥയാണ്. എന്നാല്‍ പണ്ട് ഒരു റോളിഫ്‌ലക്‌സിന്റെ കാമറയോ യാഷികയുടെ കാമറയൊക്കെ കാണുമ്പൊള്‍ അതില്‍ തൊടാന്‍ തന്നെ ഞങ്ങള്‍ക്ക് പേടിയായിരുന്നു. ഇന്നിപ്പോള്‍ ചെറുപ്പക്കാര്‍ നല്ല സാങ്കേതിക മികവുള്ളവരാണ്, ടെക്‌നോളജി വഴി എല്ലാം കറക്റ്റ് ചെയ്യാന്‍ കഴിയും എന്നാല്‍ ടെക്‌നോളോജിയോടൊപ്പം നമ്മെ വിസ്മയിപ്പിക്കുന്ന കഥാസാരങ്ങള്‍ കുറവാണെന്നും ഭദ്രന്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക