| Friday, 17th December 2021, 11:42 pm

ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടനാണല്ലോയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടുകഴിഞ്ഞപ്പോള്‍ മനസ്സില്‍ നിന്നത്: സംവിധായകന്‍ ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷൈന്‍ ടോം ചാക്കോയുടെ അഭിനയത്തികവിനെ പ്രശംസിച്ച് കുറിപ്പെഴുതി മലയാളസിനിമയുടെ ഹിറ്റ് സംവിധായകന്‍ ഭദ്രന്‍.

ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പ് ഷൈനിന്റെ ഫോട്ടോയോട് കൂടിയാണ് ഭദ്രന്‍ പങ്കുവെച്ചത്. ഷൈന്‍ സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമാരംഗത്തില്‍ നിന്നുള്ള ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ അഭിനയമികവിനേയും കഴിവിനെയും എടുത്തുപറഞ്ഞ് പ്രശംസിക്കുന്നുമുണ്ട് പോസ്റ്റില്‍.

ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ചെയര്‍മാന്‍ ആയിരിക്കെ കണ്ട സിനിമകളില്‍ പലതിലും ഷൈന്‍ ടോം ചാക്കോയുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചിട്ടുണ്ടെന്നാണ് ഭദ്രന്‍ പറയുന്നത്.

ഒരു നടന്‍ എന്ന നിലയില്‍ താന്‍ പറയേണ്ട ഡയലോഗുകള്‍ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ശരീരഭാഷയിലും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ശബ്ദക്രമീകരണത്തിലും പറയുന്നതില്‍ ഷൈന്‍ സമര്‍ത്ഥനാണെന്നും സംവിധായകന്‍ പറഞ്ഞുവെക്കുന്നു.

”മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടില്‍ പുകയുന്ന മുറിബീഡിയ്ക്ക് ഒരു ലഹരിയുണ്ട്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ചെയര്‍മാന്‍ ആയി ഇരിക്കെ, ഏറെ സിനിമകള്‍ കാണുകയുണ്ടായി. പലതിലും ഷൈന്‍ ടോം ചാക്കോയുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു.


താന്‍ പറയേണ്ട ഡയലോഗുകള്‍ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേര്‍ന്ന് നില്‍ക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, a genuine actor will form. ഇയാള്‍ ഇക്കാര്യത്തില്‍ സമര്‍ത്ഥനാണ്,” ഭദ്രന്‍ പറയുന്നു.

ഷൈന്‍ ടോം ചാക്കോയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം കുറുപ്പിലെ ഭാസിപ്പിള്ള എന്ന കഥാപാത്രത്തെക്കുറിച്ചും പോസ്റ്റില്‍ പ്രത്യേകം പറയുന്നുണ്ട്.

”ഏറ്റവും ഒടുവില്‍ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടുകഴിഞ്ഞപ്പോള്‍ മനസ്സില്‍ നിന്നത്.

മോനേ കുട്ടാ, നൈസര്‍ഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങള്‍ കാഴ്ചയില്‍ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങള്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്ത റോ മെറ്റീരിയല്‍ ആണെന്ന് ഓര്‍ക്കുക,” പോസ്റ്റില്‍ കുറിച്ചു.

സ്ഫടികം, ഒളിംപ്യന്‍ അന്തോണി ആദം, വെള്ളിത്തിര തുടങ്ങി നിരവധി ഹിറ്റുകള്‍ മലയാളസിനിമക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഭദ്രന്‍.

ദുല്‍ഖര്‍ സല്‍മാന്‍ നാകനായ കുറുപ്പ് ആണ് ഷൈനിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനായ അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വത്തിലും ഷൈന്‍ ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിലെ ഷൈനിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും നേരത്തെ അമല്‍ നീരദ് പുറത്തുവിട്ടിരുന്നു. ‘ഷൈന്‍ ഓണ്‍ യു ക്രേസി ഡയമണ്ട്’ എന്നായിരുന്നു പീറ്റര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് അമല്‍ നീരദ് കുറിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Bhadran about Shine Tom Chacko’s acting excellence

We use cookies to give you the best possible experience. Learn more