| Wednesday, 27th October 2021, 12:31 pm

മുല്ലപ്പെരിയാര്‍ ഡീകമ്മിഷന്‍ വലിയ ദുരന്തമായിരിക്കും; കൊള്ളിവെപ്പിലേക്കും കൊലപാതകങ്ങളിലേക്കും നയിച്ചേക്കാം; സംവിധായകന്‍ ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മിഷന്‍ ചെയ്യണമെന്ന അഭിപ്രായങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ഭദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇദ്ദേഹം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

മുല്ലപ്പെരിയാര്‍ ഡീകമ്മിഷന്‍ വലിയ ദുരന്തമായിരിക്കുമെന്ന് പറഞ്ഞ ഭദ്രന്‍ തമിഴ്‌നാട്ടിലെ എട്ട് ജില്ലകളോളം മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം ഉപയോഗിക്കുമ്പോള്‍ ഡീകമ്മീഷന്‍ എന്ന ആശയം കൊള്ളിവെപ്പിലേക്കും കൊലപാതകങ്ങളിലേക്കും നയിച്ചേക്കാമെന്ന ആശങ്കയും പ്രകടിപ്പിച്ചു.

വിവേകത്തോടെയും ഇച്ഛാ ശക്തിയോടെയും ഗവണ്‍മെന്റ് കാര്യങ്ങള്‍ പഠിച്ചു ചെയ്യാനുള്ള വകതിരിവ് കാണിക്കണമെന്നും
ഡാമിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ലോകപ്രശസ്തരായ ടെക്‌നിക്കല്‍ ക്രൂ അടങ്ങിയ വലിയ കമ്പനികളെക്കൊണ്ട് നിഷ്പക്ഷമായ പഠനം നടത്തണമെന്നും സംവിധായകന്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം

മുല്ലപ്പെരിയാര്‍ കേരളത്തിന്റെ നെറുകയിലേക്ക് അസ്ത്രം പോലെ ചൂണ്ടി നില്‍ക്കുന്ന ഡമോക്ലിസിന്റെ വാള്‍ ആണെന്നുള്ള അറിവ് ഇന്നോ ഇന്നലെയോ ഉള്ളതല്ല. ആ അറിവ് ഇത്രയും സത്യസന്ധമായിരുന്നിട്ടും എന്തുകൊണ്ട് അതാത് കാലങ്ങളില്‍ മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന ഗവണ്‍മെന്റുകളോ കോടതികളോ അതിന്റെ ഭയാനകമായ വശങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നില്ല ?

ഇതൊരു വലിയ ചോദ്യചിഹ്നമാണ്.
ഞാന്‍ കോടതികളെയോ നിയമ വ്യവസ്ഥകളെയോ പഴിചാരുകയല്ല, മറിച്ച് ഇപ്പോഴുള്ള സാഹചര്യത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും?

ഇതിനെക്കുറിച്ച് വലിയ പഠനം ഉള്ള ആള്‍ക്കാരുടെ ടിവിയില്‍ വരുന്ന ഡിബേറ്റുകളുടെ മുമ്പിലിരുന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നുന്ന അഭിപ്രായം.
അതില്‍ ചിലര്‍ പറയുന്ന കാര്യങ്ങള്‍ കണക്കിലെടുത്താല്‍ ഒരു ശാശ്വതമായ പരിഹാരത്തിന് വഴിതെളിയും എന്ന് തോന്നുന്നു.

മുല്ലപ്പെരിയാര്‍ ഡീക്കമ്മീഷന്‍ ചെയ്യുക എന്ന യാഥാര്‍ഥ്യത്തെ എനിക്ക് മറിച്ച് പറയാന്‍ കഴിയില്ല. എങ്കിലും അതിന് മറ്റൊരു വശമുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്
‘തമിഴ്‌നാടിന് നമ്മള്‍ എന്തിന് വെള്ളം കൊടുക്കണം. നമ്മുടെ നാടിന്റെ സുരക്ഷിതത്വം അവഗണിച്ചുകൊണ്ട്’
എന്ന ചില അഭിപ്രായങ്ങളോട് തമിഴ്മക്കള്‍ വിയോജിക്കുക ആയിരുന്നില്ല. പകരം കലാപം അഴിച്ചു വിട്ടത് ഞാന്‍ ചെന്നൈയില്‍ താമസിക്കുമ്പോള്‍ കണ്ടതാണ്.

മലയാളികളുടെ ഒരുതരി മണ്ണുപോലും തമിഴ്‌നാട്ടില്‍ വെച്ചേക്കില്ല എന്നതായിരുന്നു അന്നത്തെ അവരുടെ ഗര്‍ജ്ജനം.
എന്റെ പല സുഹൃത്തുക്കളുടെയും സ്വര്‍ണ്ണക്കടകള്‍ ആമ താഴിട്ട് പൂട്ടി ബോംബെയ്ക്ക് കടന്നത് എനിക്കറിയാം.

ഒരു തമിഴന് കേരളത്തില്‍ ഉള്ളതിനേക്കാള്‍ എത്രയോ മലയാളികളുടെ സമ്പത്തും ജീവനും തമിഴ്‌നാട്ടില്‍ കെട്ടി കിടക്കുന്നു.
അതുകൊണ്ടുതന്നെ വളരെ സെന്‍സിറ്റീവായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയം അല്ലേ ഇത് എന്ന് എനിക്ക് തോന്നുന്നു.

തമിഴ്‌നാട്ടിലെ എട്ട് ജില്ലകളോളം മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം കൊണ്ട് സമൃദ്ധി അണിഞ്ഞ് നില്‍ക്കുമ്പോള്‍ ഒരു ഡീക്കമ്മീഷന്‍ എന്ന ആശയം കൊള്ളിവെപ്പിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കില്ലേ എന്ന് എനിക്ക് ഒരു സംശയം? എനിക്ക് അവിടുത്തെ മനുഷ്യരുടെ ഭ്രാന്തമായ സ്വഭാവ വൈകൃതങ്ങള്‍ നേരിട്ട് അറിയാം.

പകരം ഡാമിന്റെ ഇന്നത്തെ അവസ്ഥ ലോകപ്രശസ്തരായ ടെക്‌നിക്കല്‍ ക്രൂ അടങ്ങിയ വലിയ കമ്പനികളെ ക്ഷണിച്ച് ഒരു നിഷ്പക്ഷമായ പഠനം നടത്തിയാല്‍ അവരും പറയുക ഡാം ഡീകമ്മീഷന്‍ ചെയ്തുകൊള്ളുക, ഇല്ലെങ്കില്‍ ചൈനയില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും എന്ന് തന്നെയായിരിക്കും.

ഈ ഡോക്യുമെന്റ് കേരള ഗവണ്‍മെന്റിന് സുപ്രീംകോടതിയിലേക്ക് ഒരിക്കല്‍ കൂടിയുള്ള ചുവടാണ്. അങ്ങനെയൊരു സാഹചര്യം സംജാതമായാല്‍ ഇന്നലെ മാതൃഭൂമി ചാനലില്‍ നടന്ന ഡിബേറ്റില്‍ പങ്കെടുത്ത പഠന വൈഭവമുള്ള വ്യക്തി പറഞ്ഞതുപോലെ ഡാമിന്റെ ഇപ്പോഴത്തെ അനുവദനീയമായ 140 അടിയില്‍ നിന്നും കേവലം 50 അടിയാക്കി ചുരുക്കി, ഭൂഗര്‍ഭത്തിലൂടെ വലിയ ടണലുകള്‍ വഴി തമിഴ്നാടിന് ഇപ്പോള്‍ കൊടുക്കുന്നതിലും വലിയ തോതില്‍ ഉള്ള ജലസ്രോതസ്സ് ലഭിക്കില്ലേ?

അങ്ങനെ പരിമിതമായ അളവില്‍ വെള്ളം ഡാമില്‍ സൂക്ഷിച്ചാല്‍ ഈ ബലക്ഷയത്തിന്റെ പ്രശ്‌നം പരിഹരിക്കപ്പെടുകയും ഒപ്പം ആവശ്യമായ ഹൈബ്രിഡ് ടെക്‌നിക്കല്‍ എക്‌സലന്‍സ് ഉപയോഗിച്ചു ബലപ്പെടുത്താന്‍ സാധ്യമാവില്ലേ?

അത്കൊണ്ട് വിവേകത്തോടെയും ഇച്ഛാ ശക്തിയോടെയും ഗവണ്മെന്റ് കാര്യങ്ങള്‍ പഠിച്ചു ചെയ്യാനുള്ള വകതിരിവ് കാണിക്കുക!
എന്റെ കേരളത്തിലെ ജനങ്ങളുടെ ജീവനും സമ്പത്തും സംരക്ഷിക്കപ്പെട്ടതിനു ശേഷമേ രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള ചാട്ടത്തിന് പ്രസക്തിയുള്ളൂ!

ദയവ് ചെയ്ത് തമിഴ് പാട്ടുകളും, ക്ലാസ്സിക്കുകളും, സിനിമകളും അവിടുത്തെ താരങ്ങളെയും മുക്തകണ്ടം ശിരസ്സില്‍ സ്വീകരിച്ചിട്ടുള്ള മലയാളിയെ അവരില്‍ നിന്നും പിരിക്കരുത് എന്നൊരു അപേക്ഷ!
ഇതു വായിക്കുന്ന മാന്യ സഹോദരങ്ങള്‍ എന്റെ ഒരു അഭിപ്രായം ആയി മാത്രം കരുതിയാല്‍ മതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Bhadran about Mullapperiyar dam decommission

We use cookies to give you the best possible experience. Learn more