മോഹന്‍ലാലിനെ നായകനാക്കി നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് ഭദ്രന്‍. 1995ല്‍ പുറത്തിറങ്ങിയ സ്ഫടികമാണ് അതില്‍ മലയാളികള്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ടത്.
പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4സ യില്‍ സ്ഫടികം റിലീസ് ചെയ്യുന്നുണ്ടെന്ന വാര്‍ത്തയേയും ഏറെ ആകാംക്ഷയോടെയാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്.
പണ്ടത്തെ മോഹന്‍ലാലിനെയും ഇപ്പോഴത്തെ മോഹന്‍ലാലിനെയും പരിശോധിക്കുമ്പോള്‍ എന്ത് വ്യത്യാസമാണ് അനുഭവപ്പെടുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഭദ്രന്‍. സ്ഫടികം റീ-റിലീസിനോട് അനുബന്ധിച്ച് നടന്ന പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹന്‍ലാലിന്റെ അടുത്ത് വരുന്ന കഥകളുടെ കുഴപ്പമാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ കാണുന്നതെന്നും മോഹന്‍ലാല്‍ ഇന്നും പഴയ മോഹന്‍ലാലാണെന്നും ഭദ്രന്‍ പറഞ്ഞു. മറ്റ് നടന്മാര്‍ക്ക് ഒന്നുമില്ലാത്ത പ്രത്യേകതകള്‍ മോഹന്‍ലാലിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”തുറന്ന് പറയുന്ന കൂട്ടത്തിലായത് കൊണ്ട് പറയാന്‍ എനിക്ക് കുഴപ്പമില്ല. അത് പറയുന്നതില്‍ എനിക്ക് പേടിയുമില്ല. മോഹന്‍ലാല്‍ എന്ന നടന്റെ ഭാഗത്ത് അല്ല കുഴപ്പം. അദ്ദേഹം തെരഞ്ഞെടുക്കുന്ന കഥകള്‍ക്കാണ് കുഴപ്പം. ഒരിക്കല്‍ കിട്ടിയ പ്രതിഭ അത് അദ്ദേഹത്തിന് നൈസര്‍ഗികമായി ജനിച്ചപ്പോള്‍ തൊട്ട് കിട്ടിയ കഴിവാണ്. വേറെ എവിടെ നിന്നും എടുത്തത് ഒന്നുമല്ല.
മറ്റ് നടന്മാര്‍ക്ക് ഒന്നുമില്ലാത്ത ഒരു പ്രത്യേകത ലാലിനുണ്ട്. ഒരു കഥ പറയുമ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ തന്നെ ഒരു കെമിസ്ട്രി ഉണ്ടാവുന്നുണ്ട്. അത് പലപ്പോഴും അദ്ദേഹം പോലും അറിയാതെയാണ് സംഭവിക്കുന്നത്. അതുകൊണ്ട് ആ കെമിസ്ട്രി എന്താണെന്ന് അദ്ദേഹത്തിന് വിവരിക്കാനും കഴിയുന്നില്ല. അതിന് അനുസരിച്ച് പെരുമാറുകയാണ്.
ആ മോഹന്‍ലാല്‍ ഇപ്പോഴും ഉണ്ട്. അങ്ങനെ ഒരു മോഹന്‍ലാല്‍ ഉള്ളത് കൊണ്ടാണ് ശരീരം സൂക്ഷിച്ച് അദ്ദേഹം നിലകൊള്ളുന്നത്. എനിക്ക് തോന്നുന്നത് അദ്ദേഹത്തിലേക്ക് നല്ല കഥകള്‍ കടന്ന് ചെല്ലുന്നില്ലെന്നാണ്. നല്ല വിഷയങ്ങളുള്ള കഥകള്‍ കടന്ന് ചെന്നാല്‍ മോഹന്‍ലാല്‍ തീര്‍ച്ചയായും പഴയ മോഹന്‍ലാല്‍ ആകും,” ഭദ്രന്‍ പറഞ്ഞു.
2023 ഫെബ്രുവരി ഒമ്പതിനാണ് സ്ഫടികം തിയേറ്ററുകളിലെത്തുക. ഡിജിറ്റല്‍ റീസ്റ്റൊറേഷന്‍ നടത്തി, പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ 4k Atmos ശബ്ദ വിന്യാസത്തില്‍ ആണ് ചിത്രം തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
കെ.പി.എ.സി ലളിത, തിലകന്‍, നെടുമുടി വേണു, രാജന്‍ പി. ദേവ് എന്നിങ്ങനെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, അന്തരിച്ച താരങ്ങള്‍ക്കുള്ള ആദരവായി കൂടിയാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതെന്ന് നേരത്തെ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു.
content highlight: director bhadran about mohanlal movies