| Saturday, 3rd December 2022, 6:41 pm

മോഹന്‍ലാലിന്റെ ആദ്യ ഡയലോഗ് തന്നെ തെറിയായിരുന്നു, അത് പറയാന്‍ അദ്ദേഹത്തിന് മടിയായിരുന്നു: ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് ഭദ്രന്‍. 1995ല്‍ പുറത്തിറങ്ങിയ സ്ഫടികമാണ് അതില്‍ മലയാളികള്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ടത്. മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന സ്ഫടികം 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസ് ചെയ്യുകയാണ്.

പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k യില്‍ സ്ഫടികം റിലീസ് ചെയ്യുന്നുണ്ടെന്ന വാര്‍ത്തയേയും ഏറെ ആകാംക്ഷയോടെയാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്.  ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റീല്‍ സംസാരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

മലയാളത്തില്‍ വലിയ തെറിയിലൂടെ സിനിമ ആരംഭിക്കുന്ന ചിത്രമാണ് സ്ഫടികമെന്നും തുടക്കത്തില്‍ തന്നെ അതില്‍ തെറി ഉപയോഗിക്കുന്നുണ്ടെന്നും ഭദ്രന്‍ പറഞ്ഞു. ആ ഡയലോഗ് പറയാന്‍ പറഞ്ഞപ്പോള്‍ അത് പറയാന്‍ മോഹന്‍ലാലിന് മടിയായിരുന്നുവെന്നും മാറ്റാന്‍ പറ്റുമോയെന്ന് തന്നോട് ചോദിച്ചിരുന്നുവെന്നും ഭദ്രന്‍ പറഞ്ഞു.

”സ്ഫടികം സിനിമയിലെ തുടക്കത്തിലെ ആദ്യ ഡയലോഗ് ഓര്‍മയുണ്ടോ? അതിന്റെ ഫസ്റ്റ് ഭാഗം ആരംഭിക്കുന്നത് വലിയൊരു തെറിയിലൂടെയാണ്. അത്തരത്തില്‍ ഒരു ഡയലോഗ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ സിനിമയാണ് സ്ഫടികം.

മലയാള സിനിമയില്‍ തന്നെ ഇങ്ങനെയൊരു ഡയലോഗ് എഴുതുന്നത് ഈ സിനിമയിലാണ്. ഇത് ഡെലിവര്‍ ചെയ്യാന്‍ ലാലിനോട് പറഞ്ഞപ്പോള്‍ ലാലിന് ഒരു സ്‌ത്രൈണതയോടെയുള്ള ഒരു ഭാവമുണ്ട്. ചിരിച്ച് കൊണ്ട് അത് വേണോ ഇതൊന്ന് മാറ്റിയാലോ എന്നൊക്കെ എന്നോട് ചോദിച്ചു.

ഇതാണ് ഞങ്ങള്‍ പാലാക്കാരുടെ സ്വഭാവമെന്നും പാലാക്കാര്‍ ഇങ്ങനെയാണെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പിന്നെ പെട്ടെന്നൊരു മാറ്റമാണ്. എന്നാല്‍ ഇത് മാറ്റണ്ടയെന്ന് പറഞ്ഞു. ലാല്‍ അതില്‍ കാണിച്ചു വെച്ചിരിക്കുന്ന ഒരു സീനിലും ഡ്യൂപ്പിനെ വെച്ചിട്ടില്ല,” ഭദ്രന്‍ പറഞ്ഞു.

2023 ഫെബ്രുവരി ഒമ്പതിനാണ് സ്ഫടികം തിയേറ്ററുകളിലെത്തുക. ഡിജിറ്റല്‍ റീസ്റ്റൊറേഷന്‍ നടത്തി, പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ 4K Atmos ശബ്ദ വിന്യാസത്തില്‍ ആണ് ചിത്രം തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

കെ.പി.എ.സി ലളിത, തിലകന്‍, നെടുമുടി വേണു, രാജന്‍ പി. ദേവ് എന്നിങ്ങനെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, അന്തരിച്ച താരങ്ങള്‍ക്കുള്ള ആദരവായി കൂടിയാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതെന്ന് നേരത്തെ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു.

content highlight: director badran about mohanlal and spadikam movie

We use cookies to give you the best possible experience. Learn more