മമ്മൂട്ടിയുടെ ചില റോളുകള്‍ മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കില്ലെന്നും അത് മമ്മൂട്ടി അഭിനയിച്ചാല്‍ മാത്രമേ മികച്ചതാകൂ എന്നും സംവിധായകന്‍ ഭദ്രന്‍. വടക്കന്‍ വീരഗാഥ പോലുള്ള ചിത്രങ്ങളില്‍ മോഹന്‍ലാലിനെ സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘അയ്യര്‍ ദി ഗ്രേറ്റ് പോലെ ഒരു സിനിമയില്‍ മോഹന്‍ലാലിന് അഭിനയിച്ചൂടേ, നെടുമുടി വേണുവിന് അഭിനയിച്ചൂടേ, പക്ഷേ പറ്റില്ല. ചില കഥാപാത്രങ്ങള്‍ മമ്മൂട്ടി അവതരിപ്പിച്ചാല്‍ മാത്രമേ വെടിപ്പുണ്ടാവൂ. ഹരിഹരന്‍ സാറിന്റെ വടക്കന്‍ വീരഗാഥയിലെ വേഷം ആര് അവതരിപ്പിക്കുമെന്നാണ് പറയുന്നത്?
എവിടെയൊക്കെയോ തുടക്കത്തില്‍ കൊട്ടിഘോഷിച്ച മോഹന്‍ലാലിനെ കുറിച്ച് ഞാന്‍ പറയട്ടെ, വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ സങ്കല്‍പിക്കാന്‍ പോലും കഴിയില്ല. ഇത് ഞാന്‍ മമ്മൂട്ടിക്ക് കൊടുക്കുന്ന കോംപ്ലിമെന്റായിട്ടൊന്നും കാണേണ്ട കാര്യമില്ല. അതാണ് സത്യം.
അങ്ങനെ ചില വേഷങ്ങള്‍ ചെയ്യാന്‍ അയാള്‍ക്ക് മാത്രമേ പറ്റൂ. അയ്യര്‍ ദി ഗ്രേറ്റിലെ സൂര്യനാരായണനെ മോഹന്‍ലാലിന് കണ്‍സീവ് ചെയ്യാന്‍ പറ്റത്തില്ലന്നേ. അതൊരു സത്യമല്ലേ. ഒരു വേഷം ഒരാളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ആ പകര്‍ച്ച അയാള്‍ അനുഭവിക്കണ്ടേ. അങ്ങനെ അനുഭവിക്കുന്നതാണല്ലോ നമ്മള്‍ ഷൂട്ട് ചെയ്യേണ്ടത്,’ ഭദ്രന്‍ പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം ഒരു സിനിമയുടെ ആലോചനക്കിടെ നടന്ന രസകരമായ സംഭവങ്ങളെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു.
‘മമ്മൂട്ടിയുടെ കാര്യം പറയുമ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്നത്, കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യണം എന്ന തയ്യാറെടുപ്പിലായിരുന്നു. ഞാന്‍ ഒന്നുരണ്ട് മാസം മമ്മൂട്ടിയുമായി ചിന്തിച്ചുനടന്നു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞ ഒരു ഡയലോഗുണ്ട്.
‘മമ്മൂട്ടി ഇസ് ദി സെയിം ഓള്‍ഡ് മമ്മൂട്ടി. നോ ചെയ്ഞ്ച്’ എന്ന് പുള്ളി പറയുകയാണ്. അടുത്ത സെന്റെന്‍സാണ് ‘ബെറ്റര്‍ യൂ ചെയ്ഞ്ച്’. അപ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു ‘വൈ ഷുഡ് ഐ ചെയ്ഞ്ച്’.
ഞാന്‍ എന്തിനാണ് ചെയ്ഞ്ച് ചെയ്യുന്നത്. ഞാനെന്റെ ഡ്യൂട്ടിയില്‍ നൂറ് ശതമാനവും കോണ്‍ഷ്യസ് ആയിട്ട്, സിനിമ എന്നത് നമുക്ക് പിള്ള കളിക്കാനുള്ളതല്ല, സിനിമ എന്നത് ഒരു ഓപ്പര്‍ച്യുണിറ്റിയാണ്, ആ അവസരം കാര്യക്ഷമമായി ഉപയോഗിക്കണം എന്ന തികഞ്ഞ ബോധ്യത്തിലാണ് ഞാനുള്ളത്,’ ഭദ്രന്‍ പറഞ്ഞു.
ഈ കാര്‍ക്കശ്യം ഒരുപാട് സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Director Bhadran about Mammootty