| Saturday, 18th September 2021, 4:58 pm

ടൊവിനോയുടെ പരിക്ക്, കൊവിഡ്, മരണം, സെറ്റിലെ പ്രശ്‌നങ്ങള്‍; ഇത്രയൊക്കെ പ്രതിസന്ധികളിലൂടെ കടന്നുപോയൊരു ചിത്രം മുമ്പ് ചെയ്തിട്ടില്ല: ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ഞിരാമായണം, ഗോദ, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകന്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഫൈനല്‍ മിക്‌സിങ്ങും കഴിഞ്ഞ് നെറ്റ്ഫ്‌ളിക്‌സിന് കൈമാറിയെന്ന് ബേസില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇത്രയും നീണ്ട കാലയളവ് ഒരു സിനിമയ്ക്കായി ചെലവഴിച്ചത് കൊണ്ടുതന്നെ ഇത് കേവലമൊരു സാധാരണ സിനിമയല്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുമെന്നും വളരെ കഷ്ടപ്പെട്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കിയതെന്നും ബേസില്‍ പറഞ്ഞിരുന്നു.

കൊവിഡ് സാഹചര്യമുണ്ടാക്കിയ അനിശ്ചിതത്വങ്ങള്‍ ചിത്രീകരണം കൂടുതല്‍ കടുപ്പമുള്ളതാക്കിയെന്നും പക്ഷേ ടീമിലെ എല്ലാ അംഗങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിലൂടെ തങ്ങള്‍ അത് പൂര്‍ത്തിയാക്കിയെന്നുമായിരുന്നു ബേസില്‍ പറഞ്ഞത്. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണവേളയില്‍ തങ്ങള്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് ബേസില്‍.

‘111 ദിവസം നീണ്ടതായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഇതിനിടയിലായിരുന്നു രണ്ടുതവണ കൊവിഡ് മൂലമുള്ള ലോക്ക്ഡൗണ്‍ വന്നത്. ഈ സമയങ്ങളില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായി. ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തതായിരുന്നു ആദ്യത്തെ പ്രശ്‌നം. സെറ്റില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൊവിഡ് വന്നു. ഞങ്ങളോടൊപ്പമുണ്ടായിരുന്ന രണ്ടുപേരുടെ വിയോഗം ഞങ്ങളെ തളര്‍ത്തി.

സംവിധായകനും എഴുത്തുകാരനുമായ പി. ബാലചന്ദ്രന്‍ സാറും വയനാട്ടില്‍ നിന്നുള്ള അച്ചന്‍കുഞ്ഞു ചേട്ടനും. രണ്ടുപേരുടെയും ഡബ്ബിങ് പോലും പൂര്‍ത്തിയാക്കും മുമ്പായിരുന്നു ഇത്. നായകന്‍ ടൊവീനോയ്ക്ക് പരിക്ക്, ഇത്രയുമൊക്കെ പ്രതിസന്ധികളിലൂടെ കടന്നുപോയൊരു ചിത്രം മുമ്പ് ഞാന്‍ ചെയ്തിട്ടില്ല, ബേസില്‍ പറയുന്നു.

ഒട്ടേറെ പരിമിതികളുണ്ടെങ്കിലും കൊവിഡ് കാലത്തും സിനിമയ്ക്കു വേണ്ട ഒരു ഘടകങ്ങളിലും ഞങ്ങള്‍ വിട്ടുവീവ്ച ചെയ്തിട്ടില്ല. മൂന്ന് വര്‍ഷത്തോളം നിര്‍മ്മാതാവും ഒപ്പമുണ്ടായിരുന്നു. ഈ സിനിമയിലുള്ള വിശ്വാസം കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കൊവിഡ് മറ്റൊരു തരത്തില്‍ ഞങ്ങള്‍ക്ക് അനുഗ്രഹമായിട്ടുമുണ്ട്. ചിത്രീകരണം ഇത്രയും നീണ്ടുപോയതിനാല്‍ പല സമയങ്ങളിലായി ടൊവീനോയുടെ പല തരത്തിലുള്ള ഗെറ്റപ്പുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു. അത് സിനിമയ്‌ക്കൊരു നേട്ടമാണ്.

മണപ്പുറത്തിട്ട സെറ്റ് പൊളിച്ചതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കു ചിത്രീകരണം മാറ്റിയത് വലിയ ഗുണമായി. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ചൊരു ലൊക്കേഷനാണ് അവിടെ ലഭിച്ചത്, ബേസില്‍ പറഞ്ഞു.

വിദേശങ്ങളിലൊക്കെ അഞ്ഞൂറുകോടിയിലേറെ മുടക്കിയുള്ള സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ കണ്ട് വിസ്മയിച്ചിട്ടുള്ളവര്‍ക്കിടയിലേക്ക് ഞങ്ങളുടെ പരിമിതിയില്‍ നിന്നുകൊണ്ട് ഒരു തനി നാടന്‍ സൂപ്പര്‍ ഹീറോ ചിത്രമായി ഒരുക്കിയിരിക്കുകയാണ് മിന്നല്‍ മുരളിയെന്നും ബേസില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director basil Joseph About Minnal Murali Shooting

We use cookies to give you the best possible experience. Learn more