Entertainment news
മിന്നലടിച്ച് നായകനും വില്ലനുമുണ്ടായത് ഓക്കെ, എന്നുകരുതി എല്ലാം കുറുക്കന്‍മൂലയില്‍ നടക്കില്ലല്ലോ; മിന്നല്‍ മുരളി രണ്ടാം ഭാഗത്തിന്റെ ലൊക്കേഷനെക്കുറിച്ച് ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 08, 06:54 am
Tuesday, 8th February 2022, 12:24 pm

മലയാളത്തില്‍ പുറത്തിറങ്ങി ഗ്ലോബല്‍ ഹിറ്റായി മാറിയ ചിത്രം മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് മനസുതുറന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്.

മനോരമ ന്യൂസ് ചാനലില്‍ ‘നേരെ ചൊവ്വേ’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബേസില്‍.

രണ്ടാം ഭാഗം തീര്‍ച്ചയായും പുറത്തിറങ്ങണമെന്നാണ് അണിയറപ്രവര്‍ത്തകരെല്ലാം ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ലൊക്കേഷന്‍ കുറുക്കന്‍മൂല ആയിരിക്കില്ല എന്നുമാണ് അഭിമുഖത്തില്‍ ബേസില്‍ പറയുന്നത്.

”എന്തായാലും മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം ഉണ്ടാകണം എന്ന് തന്നെയാണ് ഞങ്ങളെല്ലാവരും ആഗ്രഹിക്കുന്നത്. എപ്പോഴാണ്, എങ്ങനെയാണ് എന്നൊന്നും തീരുമാനമായിട്ടില്ല.

കുറുക്കന്‍മൂല ഒരു കുഞ്ഞു ഗ്രാമമാണ്. എല്ലാ സംഭവങ്ങളും അവിടെത്തന്നെ നടക്കാനുള്ള ബുദ്ധിമുട്ടുകളുണ്ട്.

മിന്നലടിച്ച് നായകനും വില്ലനുമുണ്ടായത് ഓക്കെ. അത് അംഗീകരിക്കാം. എന്നുകരുതി കുറുക്കന്‍മൂല അങ്ങനത്തെ ഒരു സ്‌പേസ് അല്ല.

എല്ലാ ഫാന്റസിയും അവിടെ സംഭവിക്കില്ല. അതുകൊണ്ട് കുറുക്കന്‍മൂലയുടെ വെളിയിലേക്ക് പോകേണ്ടി വരും,” ബേസില്‍ പറയുന്നു.

ടൊവിനോ തോമസ് എന്തായാലും സിനിമയിലെ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നും രണ്ടാം ഭാഗം വലിയ വെല്ലുവിളിയാണ് തരുന്നതെന്നും ബേസില്‍ ജോസഫ് പറഞ്ഞു.

”ടൊവിനോ 100 ശതമാനം ഉണ്ടാകും. പ്രൊഡ്യൂസേഴ്‌സും ടെക്‌നിക്കല്‍ സൈഡും ഒക്കെ അങ്ങനെ തന്നെയായിരിക്കും.

ഒന്നാം ഭാഗത്തിനേക്കാള്‍ വലിയ വെല്ലുവിളിയാണ് തീര്‍ച്ചയായും രണ്ടാം ഭാഗം. കൃത്യമായി കണ്‍വിന്‍സിങ്ങായ കഥ പറയുക എന്നത് ഇനി വലിയ വെല്ലുവിളിയാണ്. ആളുകള്‍ ഇനി കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്,” ബേസില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡിസംബര്‍ 24നായിരുന്നു ടൊവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. മലയാളത്തിന് പുറമെ ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ സിനിമയായിരുന്നു മിന്നല്‍ മുരളി.

ഗ്ലോബല്‍ ലെവലില്‍ തന്നെ നെറ്റ്ഫ്ളിക്സിന്റെ ടോപ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ച സിനിമക്ക് വേണ്ടി റിലീസിന് മുന്‍പെ നടത്തിയ പ്രൊമോഷന്‍ വീഡിയോകളും വൈറലായിരുന്നു.


Content Highlight: Director Basil Joseph about Minnal Murali second part