| Saturday, 20th March 2021, 4:27 pm

മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സ് റിലീസിനോ? പോസ്റ്ററിന് പിന്നാലെ വിശദീകരണവുമായി ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹിറോ ചിത്രമായ മിന്നല്‍ മുരളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ റിലീസിനെ കുറിച്ച് ആരാധകര്‍ക്കിടയില്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. പോസ്റ്ററിലും ടോവിനോയടക്കമുള്ളവരുടെ പോസ്റ്റിലും നെറ്റ്ഫ്‌ളിക്‌സിന്റെ പേര് കടന്നുവന്നതാണ് ചിലരെ ആശങ്കപ്പെടുത്തിയത്.

ഓണത്തിന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ച ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമോയെന്ന സംശയങ്ങളാണ് ആരാധകരുയര്‍ത്തിയത്. ഇപ്പോള്‍ ഇതിന് മറുപടിയായെത്തിയിരിക്കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്.

മിന്നല്‍ മുരളി തിയേറ്റര്‍ റിലീസായി തന്നെയാണ് എത്തുകയെന്ന് വിവിധ ഭാഷകളിലുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ബേസില്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. റിലീസിന് ശേഷമായിരിക്കും ചിത്രം നെറ്റ്ഫ്‌ളികിസിലെത്തുക.

മോഹന്‍ലാലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. മിന്നല്‍ മുരളിയുടെ സൂപ്പര്‍ഹീറോ വേഷത്തില്‍ നില്‍ക്കുന്ന ടോവിനോയാണ് മോഷന്‍ പോസ്റ്ററില്‍. ബേസില്‍ ജോസഫാണ് മിന്നല്‍ മുരളി സംവിധാനം ചെയ്യുന്നത്. മനു ജഗത് കലയും അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളിയുടെ നിര്‍മ്മാണം.

മറ്റു ഭാഷകളിലും ചിത്രം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മര്‍മപ്രധാനമായ ക്ലൈമാക്സ് സംഘട്ടനരംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഏപ്രില്‍ പത്തോട് കൂടി ബാക്കിയുള്ള ഭാഗങ്ങളും ചിത്രീകരണം പൂര്‍ത്തിയാകും. ചിത്രം ഓണം റിലീസായി തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിന്നല്‍ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിറും സംഗീതം ഷാന്‍ റഹ്മാനുമാണ്. ചിത്രത്തിലെ രണ്ടു വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ലാഡ് റിംബര്‍ഗാണ്. വി.എഫ്.എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി.എഫ്.എക്‌സ് സൂപ്പര്‍വൈസ് ചെയ്യുന്നത് ആന്‍ഡ്രൂ ഡിക്രൂസാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Director Basil Joseph about Minnal Murali and Netflix

We use cookies to give you the best possible experience. Learn more