| Tuesday, 15th March 2022, 12:22 pm

ഇന്നാണെങ്കില്‍ ആ പേരൊന്നും ഇടാന്‍ ധൈര്യമുണ്ടാവില്ല; അന്ന് ആലോചിക്കുമ്പോള്‍ അത് ഓക്കെ ആയിരുന്നു: ബേസില്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധാനവും അഭിനയവും ഒരേ പോലെ കൊണ്ടുപോകുക, ചെയ്യുന്ന പ്രൊജക്ടുകളിലെല്ലാം സ്വന്തമായി ഒരു സിഗ്നേച്ചര്‍ പതിപ്പിക്കുക. അല്‍പ്പം റിസ്‌കല്ലേ എന്ന് തോന്നുമെങ്കിലും അനായാസമായി അത്തരമൊരു റിസ്‌ക് ഏറ്റെടുത്ത് വിജയിപ്പിച്ച വ്യക്തിയാണ് ബേസില്‍ ജോസഫ്.

ജാന്‍ എ മന്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ തന്നെ മിന്നല്‍ മുരളി പോലുള്ള മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം സംവിധാനം ചെയ്ത് പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടുന്ന സംവിധായകനായി മാറാന്‍ ബേസിലിനായിട്ടുണ്ട്.

സിനിമയില്‍ എത്തുന്നതിന് മുന്‍പും ഷോര്‍ട്ട് ഫിലിം സംവിധാനവും നിര്‍മാണവും അഭിനയവുമൊക്കെയായി സജീവമായിരുന്നു ബേസില്‍ ജോസഫ്. സിനിമയിലേക്കുള്ള ചവിട്ടുപടിയായിട്ടായിരുന്നു ഇതിനേയെല്ലാം ബേസില്‍ കണ്ടിരുന്നത്.

എന്നാല്‍ അക്കാലത്ത് ഷോര്‍ട്ട് ഫിലിമുകള്‍ക്കൊക്കെ ബേസില്‍ ഇടുന്ന ചില പേരുകള്‍ക്കും പ്രത്യേകതകളുണ്ടായിരുന്നു. ഒരു തുണ്ടു പടം, പ്രിയംവദ കാതരയാണ് തുടങ്ങിയവയായിരുന്നു ചില പേരുകള്‍.

എഞ്ചിനീയറായി ഇന്‍ഫോസിസില്‍ വര്‍ക്ക് ചെയ്യുന്ന കാലത്തും ഇത്തരത്തിലുള്ള പേരുകള്‍ ഇടാനുള്ള ധൈര്യം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ഇപ്പോഴാണെങ്കില്‍ ആ ധൈര്യം ഉണ്ടാവില്ലെന്നായിരുന്നു ബേസിലിന്റെ മറുപടി.

ആ സമയത്ത് ഒരു രസം. ഒരു തുണ്ടു പടം എന്ന് പറഞ്ഞാല്‍ വേറൊന്നും ഇല്ല ഒരു ഷോര്‍ട്ട് ഫിലിം. ഒരു തുണ്ട് പടം. അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. പ്ലീസ്, നിങ്ങള്‍ തെറ്റിദ്ധരിച്ചത് എന്റെ തെറ്റല്ല (ചിരി) എന്നായിരുന്നു ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞത്.

പ്രിയംവദ കാതരയാണോ എന്നത് ഒരു ഷോര്‍ട്ട് സ്‌റ്റോറിയുടെ പേരായിരുന്നു. അതിലെ പേരാണ് ഷോര്‍ട്ട് ഫിലിമിലേക്ക് എടുക്കുന്നത്. അന്ന് ആലോചിക്കുമ്പോള്‍ അത് ഓക്കെ ആയിരുന്നു. ഇന്നാണെങ്കില്‍ ഒരുപക്ഷേ അത് ചെയ്യില്ല. ഇന്ന് അങ്ങനെ ഒരു പേരിടാന്‍ ധൈര്യപ്പെടില്ല, ബേസില്‍ പറഞ്ഞു.

ജാന്‍ എ മന്‍ പോലുള്ള ഒരു സിനിമയുടെ ഭാഗമാകാന്‍ തയ്യായാറതിനെ കുറിച്ചം അഭിമുഖത്തില്‍ ബേസില്‍ ജോസഫ് പറയുന്നുണ്ട്. ‘ജാന്‍ എ മന്നില്‍ നല്ല കുറേ ടെക്‌നീഷ്യന്‍മാരുണ്ട്. ചിദംബരവും ഗണപതിയും സപ്‌നേഷും ജോണും ഉള്‍പ്പെടെ ടെക്‌നിക്കലി സൗണ്ട് ആയിട്ടുള്ള നിരവധി പേര്‍. പിന്നെ ഭയങ്കര ഐഡിയയാണ് അവര്‍ മുന്നോട്ടു വെച്ചത്.

ചെറിയൊരു ലൊക്കേഷനില്‍ നടക്കുന്ന ഒരു സംഭവമാണ് ചിത്രം കാണിക്കുന്നത്. ഈ ഐഡിയ എക്‌സിക്യൂട്ടീവ് ചെയ്ത് എടുക്കുക എന്നത് അത്ര എളുപ്പമല്ല. അര മണിക്കൂര്‍ കഴിയുമ്പോള്‍ നമുക്ക് ബോര്‍ അടിക്കും. പ്രത്യേകിച്ച് ഒറ്റ ലൊക്കേഷന്‍ ആവുമ്പോള്‍. എന്നാല്‍ ഇവര്‍ക്ക് അതിനെ രണ്ടേകാല്‍ മണിക്കൂറിലേക്ക് പുള്‍ ഓഫ് ചെയ്യാന്‍ സാധിച്ചു. അതുപോലെ കോമഡിയൊക്കെ റിയലിസ്റ്റിക് ആയിട്ടാണ് ഇവര്‍ കണ്‍സീവ് ചെയ്തിരിക്കുന്നത്.

മൊത്തത്തില്‍ വൃത്തിയായിട്ട് വര്‍ക്ക് ചെയ്യാന്‍ പറ്റി. കഥ കേട്ടപ്പോള്‍ ഉള്ളതിനേക്കാള്‍ എത്രയോ മുകളിലാണ് ചിത്രം വന്നത്. പാലും പഴവും ഗണപതിയല്ലാത്ത ഉഗ്രനായിട്ട് എഴുതാന്‍ പറ്റുന്ന ഗണപതിയെയാണ് ജാന്‍ എ മന്നില്‍ കണ്ടത്. അതുപോലെ അര്‍ജുനും സിദ്ധാര്‍ത്ഥ് മേനോനും ബാലുവര്‍ഗീസുമെല്ലാം കിടിലനായി. എല്ലാവരും ഒത്തുചേര്‍ന്നൊരു വിജയം അതാണ് ജാന്‍ എ മന്‍, ബേസില്‍ പറഞ്ഞു.

Content Highlight: Director Basil Joseph About His Old Short Films Names and Jan E Man Movie

We use cookies to give you the best possible experience. Learn more