| Wednesday, 31st August 2022, 1:12 pm

'പ്രിയംവദ കാതരയാണോ' എന്ന എന്റെ ഷോട്ട് ഫിലിം കണ്ട് മെസ്സേജ് അയച്ച ആദ്യ സിനിമാക്കാരന്‍ അദ്ദേഹമായിരുന്നു: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലേക്കുള്ള തന്റെ വരവിനെ കുറിച്ചും സിനിമയിലെ തന്റെ മെന്ററെ കുറിച്ചും മനസുതുറന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. ഷോട്ട് ഫിലിം എടുത്ത് നടന്ന കാലത്ത് തനിക്ക് സിനിമയില്‍ അവസരം തന്നത് വിനീത് ശ്രീനിവാസനാണെന്നും തന്റെ ഒരു ഷോട്ട് ഫിലിം കണ്ട് തനിക്ക് മെസ്സേജ് അയച്ച ആദ്യ സിനിമാക്കാരന്‍ വിനീതേട്ടനായിരുന്നെന്നും ബേസില്‍ ജോസഫ് പറഞ്ഞു.

‘സഞ്ജു സാംസണ് ക്രിക്കറ്റിലേക്ക് എന്‍ട്രി കൊടുത്തത് രാഹുല്‍ ദ്രാവിഡാണ്. അതുപോലെ എനിക്ക് സിനിമയിലേക്ക് ഒരു എന്‍ട്രി തന്നത് വിനീത് ശ്രീനിവാസനാണ്. ഷോട്ട് ഫിലിമൊക്കെ എടുത്ത് നടക്കുന്ന സമയത്ത് പ്രിയംവദ കാതരയാണോ എന്ന ഷോട്ട് ഫിലിമൊക്കെ ഞാന്‍ കുറേ പേര്‍ക്ക് അയച്ചു കൊടുത്തു.

അത് കണ്ട് സിനിമയില്‍ നിന്ന് റെസ്‌പോണ്ട് ചെയ്ത ആദ്യത്തെ ആള്‍ വിനീതേട്ടനാണ്. അദ്ദേഹം അങ്ങനെയാണ് തിര എന്ന സിനിമയിലേക്ക് എന്നെ അസിസ്റ്റന്റ് ഡയരക്ടറായി വിളിക്കുന്നത്. ആ ഷോട്ട് ഫിലിം ആദ്യമായി കാണുന്നത് ശരിക്കും അജുവേട്ടനാണ്. (അജു വര്‍ഗീസ്). പുള്ളിയാണ് വിനീതേട്ടനോട് കാണാന്‍ പറയുന്നത്.

അങ്ങനെ പുള്ളി അത് കണ്ട് എനിക്ക് മെസ്സേജ് അയച്ചപ്പോള്‍ അതിന്റെ ഇടയിലൂടെ ഞാന്‍ നൈസ് ആയി സഹസംവിധായകനായി നിര്‍ത്താന്‍ വല്ല സാധ്യതയും ഉണ്ടോ എന്ന് ചോദിച്ചു. തട്ടത്തിന്‍ മറയത്ത് ഇറങ്ങിയതേയുള്ളൂവെന്നും അടുത്ത സിനിമ ചെയ്യാന്‍ സമയമെടുക്കുമെന്നും നോക്കിയിട്ട് പറയാമെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ ഒരു എട്ട് മാസം കഴിഞ്ഞപ്പോള്‍ പുള്ളി എനിക്ക് മെസ്സേജ് അയച്ചു. അസിസ്റ്റന്റ് ആവാന്‍ ഇപ്പോഴും താത്പര്യം ഉണ്ടോ എന്നായിരുന്നു ആ മെസ്സേജ്.

പുള്ളിക്കാരന്‍ എന്നെ ഇതുവരെ മറന്നില്ലേ എന്നാണ് ആദ്യം തോന്നിയത്. സാധാരണ സിനിമയില്‍ നിന്നുള്ളവര്‍ക്ക് മെസ്സേജ് അയച്ചാല്‍ നോക്കാം എന്നൊക്കെ പറഞ്ഞ് പലരും പോകാറാണ് പതിവ്. ഇതിപ്പോള്‍ എട്ട് മാസം കഴിഞ്ഞിട്ടും എന്നെ മറക്കുകയും ചെയ്തില്ല. ഇങ്ങോട്ട് മെസ്സേജ് അയക്കുകയും ചെയ്തു.

നാളെ തന്നെ വരാം. രാജിക്കത്ത് കൊടുക്കട്ടെ എന്ന് ഞാന്‍ ചോദിച്ചു. രാജിവെക്കേണ്ട. നമുക്കൊന്ന് മീറ്റ് ചെയ്യാമെന്ന് പുള്ളി പറഞ്ഞു. അങ്ങനെ ഞാന്‍ തിരുവനന്തപുരത്ത് നിന്ന് ചെന്നൈയില്‍ പോയി. വിനീതേട്ടന്‍ അവിടെ കാറുമെടുത്താണ് വന്നത്. ഒരു ടീ ഷര്‍ട്ടും ത്രീ ഫോര്‍ത്തുമൊക്കെയിട്ട്. വീട്ടില്‍ ഇടുന്ന ഡ്രസ്സൊക്കെയിട്ടാണ് വന്നത്.

അങ്ങനെ എന്നേയും കൂട്ടി തലപ്പാക്കട്ടി റെസ്റ്റോറന്റില്‍ പോയി ബിരിയാണിയും മട്ടണ്‍ കറിയുമൊക്കെ കഴിച്ചു. കുറേ നേരം സിനിമയെ കുറിച്ച് സംസാരിച്ചു. അങ്ങനെ തിരയില്‍ ഞാന്‍ ജോയിന്‍ ചെയ്തു. എന്നെ സംബന്ധിച്ച് സിനിമയിലും അല്ലാതെയുമൊക്കെ എന്റെയൊരു മെന്റര്‍ ആണ് അദ്ദേഹം.

സഞ്ജുവിന് ദ്രാവിഡിനെപ്പോലെയാണ് എനിക്ക് വിനീതേട്ടന്‍. ഇപ്പോഴാണെങ്കില്‍ അദ്ദേഹം ടീമിന്റെ കോച്ചു കൂടിയാണ്. പുള്ളിയെ സംബന്ധിച്ച് ദ്രാവിഡ് അവിടെ നില്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണ്. അതുപോലെ സിനിമയിലെ എന്റെ രാഹുല്‍ ദ്രാവിഡ് വിനീതേട്ടനാണ്, ബേസില്‍ ജോസഫ് പറഞ്ഞു.

അതേസമയം ബേസില്‍ നായകനായ പാല്‍തു ജാന്‍വര്‍ ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. നവാഗതനായ സംഗീത് പി.രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫഹദ് ഫാസില്‍ ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ജോണി ആന്റണി, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlight: Director Basil Joseph About his mentor in malayalam cinema

We use cookies to give you the best possible experience. Learn more