| Thursday, 8th July 2021, 5:10 pm

ഇപ്പോഴും ടിവിയില്‍ കാണുമ്പോള്‍ ബോറടിപ്പിക്കാത്ത ചിത്രങ്ങളാണ് മികച്ച സിനിമകള്‍; അതിനെ കരിവാരിത്തേച്ചുകൊണ്ട് ആര്‍ക്കും ഒന്നും നേടാനാകില്ല: ബാലചന്ദ്രമേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളചലച്ചിത്രരംഗത്ത് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോന്‍. കുടുംബപ്രേക്ഷകര്‍ നെഞ്ചിലേറ്റിയ നിരവധി ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

അതോടൊപ്പം ശോഭന, പാര്‍വതി, ശാന്തികൃഷ്ണ, ആനി, കാര്‍ത്തിക തുടങ്ങി നിരവധി നായികമാരെയും മലയാളത്തിന് സമ്മാനിച്ചത് ബാലചന്ദ്രമേനോനാണ്.

തന്റെ സിനിമകള്‍ ലക്ഷ്യമിടുന്ന ഓഡിയന്‍സ് കുടുംബങ്ങളാണെന്ന് പറയുകയാണ് അദ്ദേഹം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

‘സിനിമ റിലീസായാല്‍ തിയേറ്ററില്‍ ഡാന്‍സ് കളിക്കുന്ന ഓഡിയന്‍സ് അല്ല എനിക്കുള്ളത്. എന്റെ ഓഡിയന്‍സ് എന്ന് പറയുന്നത് അച്ഛന്‍, അമ്മ, അപ്പൂപ്പന്‍, കുട്ടികള്‍ എന്നിവരടങ്ങുന്ന സമ്പന്നമായ സംസ്‌കാരമുള്ള കുടുംബങ്ങളാണ്.

അവര്‍ ഒളിച്ചിരുന്ന്, പാത്തിരുന്ന് ഒതുങ്ങിയിരുന്നേ സിനിമ കാണത്തൊള്ളു. അല്ലാതെ ബാലചന്ദ്രന്‍ മേനോന്‍ എന്ന് പറഞ്ഞ് വിസിലടിക്കത്തൊന്നുമില്ല. അതിന്റെ അര്‍ത്ഥം വിസിലടിക്കുന്നിടത്താണ് ആരാധകര്‍ കൂടുതല്‍ എന്ന് കരുതരുത്.

എന്റെ ഏപ്രില്‍ 18ഉം കാര്യം നിസ്സാരവും മനസ്സില്‍ നട്ട ഓരോ വിത്താണ്. അത് വൃക്ഷമായി വളരും. ഓരോ തലമുറ കഴിഞ്ഞ് പോകും. ഈ പടങ്ങള്‍ ഇന്നും കാണാം. ഇപ്പോഴും ടിവിയില്‍ വരുമ്പോള്‍ ബോറടിപ്പിക്കാത്ത സിനിമകളാണ് മികച്ച ചിത്രങ്ങള്‍.

അതിന്റെ പുറത്ത് കരിവാരി തേച്ചുകൊണ്ട് ആര്‍ക്കും ഒന്നും നേടാന്‍ കഴിയില്ല. അത് ചരിത്രം തെളിയിക്കും,’ ബാലചന്ദ്രമേനോന്‍ പറഞ്ഞു.

29ലധികം ചിത്രങ്ങള്‍ അദ്ദേഹം സ്വന്തമായി തിരക്കഥയഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയില്‍ 2018-ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ വ്യക്തി കൂടിയാണ് ബാലചന്ദ്രമേനോന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Director Balachandra Menon Talks About His Films

We use cookies to give you the best possible experience. Learn more