| Sunday, 29th December 2024, 8:50 pm

സൂര്യയും ഞാനും തമ്മില്‍ പ്രശ്‌നമുണ്ടായതുകൊണ്ടല്ല ആ ചിത്രം ഡ്രോപ്പായത്: ബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് ബാല. കണ്ടുശീലിച്ച രീതികളില്‍ നിന്ന് വ്യത്യസ്തമായി റോ ആയിട്ടുള്ള കഥകളാണ് ബാലയുടെ സിനിമകള്‍ കൂടുതലും സംസാരിക്കാറുള്ളത്. ആദ്യചിത്രമായ സേതുവിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബാല, നാന്‍ കടവുള്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡും സ്വന്തമാക്കി. സൂര്യ, വിക്രം, ആര്യ എന്നിവരുടെ കരിയറിലെ നാഴികക്കല്ലായിട്ടുള്ള കഥാപാത്രങ്ങളെല്ലാം പിറന്നത് ബാലയുടെ ചിത്രങ്ങളിലൂടെയായിരുന്നു.

പിതാമകന് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമായിരുന്നു വണങ്കാന്‍. കന്യാകുമാരിയുടെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റും ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് സൂര്യ ഒരുഘട്ടത്തില്‍ പിന്മാറുകയും ആ വേഷത്തിലേക്ക് അരുണ്‍ വിജയ് എത്തുകയും ചെയ്തു.

എന്നാല്‍ സൂര്യ മനഃപൂര്‍വം പിന്മാറിയതല്ലെന്ന് പറയുകയാണ് സംവിധായകന്‍ ബാല. താന്‍ എപ്പോഴും ലൈവ് ലൊക്കേഷനുകളെ ആശ്രയിക്കുന്നയാളാണെന്ന് ബാല പറഞ്ഞു. വണങ്കാന്റെ പ്രധാന ലൊക്കേഷന്‍ കന്യാകുമാരിയിലായിരുന്നെന്നും ടൂറിസത്തിന്റെ പീക്ക് സീസണിലാണ് അവിടെ ഷൂട്ട് ചെയ്യാന്‍ പോയതെന്നും ബാല കൂട്ടിച്ചേര്‍ത്തു.

സൂര്യയെപ്പോലൊരു സ്റ്റാര്‍ അവിടെ ഉണ്ടെന്നറിഞ്ഞ് സ്ഥലം കാണാന്‍ വന്നവരെല്ലാം ലൊക്കേഷനിലെത്തിയിരുന്നെന്നും പലപ്പോഴും അത് യൂണിറ്റിന് ബുദ്ധിമുട്ടായെന്നും ബാല പറഞ്ഞു. ആ ഒരു കാരണം കൊണ്ട് തങ്ങള്‍ക്ക് മറ്റൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞ് മാറിയതാണെന്നും സൂര്യയോ താനോ അതില്‍ നിന്ന് പിന്മാറിയതല്ലെന്നും ബാല കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും തങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നും ബാല പറഞ്ഞു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു ബാല.

‘വണങ്കാന്റെ കഥ ഒരിക്കലും മാറ്റേണ്ടിവന്നിട്ടില്ല. മാത്രമല്ല, സൂര്യ ഈ സിനിമയില്‍ നിന്ന് പിന്മാറിയതല്ല. എനിക്ക് ലൈവ് ലൊക്കേഷനുകളോടാണ് താത്പര്യം. പക്ഷേ, കന്യാകുമാരി പോലൊരു ടൂറിസ്റ്റ് സ്‌പോട്ടില്‍ സൂര്യയെപ്പോലൊരു സ്റ്റാറിനെ വെച്ച് സിനിമ ചെയ്യുന്ന സമയത്ത് എപ്പോഴും ക്രൗഡായിരുന്നു. അവരെ മാനേജ് ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെട്ടു.

അങ്ങനെ ഒരു അവസ്ഥ വന്നപ്പോള്‍ നമുക്ക് മറ്റൊരു സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അല്ലാതെ ഞാനോ സൂര്യയോ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയിട്ടില്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധം ഇപ്പോഴും തുടരുന്നുണ്ട്. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ അതിനെ വിമര്‍ശിക്കാനുള്ള എല്ലാ അധികാരവും സൂര്യക്കുണ്ട്,’ ബാല പറഞ്ഞു.

Content Highlight: Director Bala saying he don’t have problems with Suriya

We use cookies to give you the best possible experience. Learn more