കണ്ടുശീലിച്ച രീതികളില്‍ നിന്ന് വ്യത്യസ്തമായി റോ ആയിട്ടുള്ള കഥകള്‍ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്നവയാണ് ബാലയുടെ സിനിമകള്‍. ആദ്യചിത്രമായ സേതുവിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബാല, നാന്‍ കടവുള്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡും സ്വന്തമാക്കി. സൂര്യ, വിക്രം, ആര്യ എന്നിവരുടെ കരിയറിലെ നാഴികക്കല്ലായിട്ടുള്ള കഥാപാത്രങ്ങളെല്ലാം പിറന്നത് ബാലയുടെ ചിത്രങ്ങളിലൂടെയായിരുന്നു.
സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു വണങ്കാന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും അനൗണ്‍സ്‌മെന്റുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് സൂര്യക്ക് പകരം അരുണ്‍ വിജയ്‌യെ നായകനാക്കിയാണ് ബാല വണങ്കാന്‍ പൂര്‍ത്തിയാക്കിയത്. സൂര്യയോടൊപ്പം മമിത ബൈജുവും ചിത്രത്തിന്റെ ഭാഗമായിരുന്നു.
ബാല തല്ലിയതുകൊണ്ട് മമിത ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്ന് മമിത തന്നെ സ്ഥിരീകിരച്ചിരുന്നു. ഇപ്പോഴിതാ സെറ്റില്‍ എന്താണ് സംഭവിച്ചതെന്ന് വിശദമാക്കുകയാണ് സംവിധായകന്‍ ബാല. മമിതയെ തന്റെ മകളെപ്പോലെയാണ് കാണുന്നതെന്ന് ബാല പറഞ്ഞു. സ്വന്തം മകളെ ആരെങ്കിലും തല്ലുമോ എന്നും ആരോ പടച്ചുവിട്ട കഥയാണ് അതെന്നും ബാല കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ നിന്ന് വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു ആ സിനിമയുടേതെന്ന് ബാല പറഞ്ഞു.
തന്റെ സിനിമയില്‍ ആര്‍ട്ടിസ്റ്റുകള്‍ മേക്കപ്പ് ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്നും എന്നാല്‍ ഇക്കാര്യം ആ മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ മമിതക്ക് സാധിച്ചില്ലെന്നും ബാല കൂട്ടിച്ചേര്‍ത്തു. ഷോട്ടിന് വേണ്ടി വന്നപ്പോള്‍ മമിത മേക്കപ്പ് ഇട്ടത് കണ്ട് തനിക്ക് ദേഷ്യം വന്നെന്നും മേക്കപ്പ് കളഞ്ഞിട്ട് വരാന്‍ പറഞ്ഞിട്ട് തമാശക്ക് കൈയോങ്ങിയെന്നും ബാല പറഞ്ഞു. ഇതാണ് താന്‍ മമിതയെ തല്ലിയെന്ന തരത്തില്‍ മാറിയതെന്നും ബാല കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു ബാല.
‘മമിതയെ ഞാന്‍ തല്ലിയതുകൊണ്ടാണ് അവര്‍ വണങ്കാനില്‍ നിന്ന് മാറിയതെന്നുള്ള വാര്‍ത്തകള്‍ പല ചാനലിലും കണ്ടിരുന്നു. എന്താ ഇപ്പോള്‍ ഞാനതിന് പറയുക? മമിതയെ എന്റെ മകളെപ്പോലെയാണ് കാണുന്നത്. സ്വന്തം മകളെ ആരെങ്കിലും തല്ലുമോ. ആരോ പടച്ചുവിട്ട കഥയാണത്. എന്താണ് ഉണ്ടായതെന്ന് വിശദമായി പറയാം. ആ സിനിമയില്‍ മുംബൈയില്‍ നിന്ന് വന്ന ഒരാളായിരുന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റ്.
എന്റെ സിനിമയില്‍ ആര്‍ട്ടിസ്റ്റുകളാരും മേക്കപ്പ് ചെയ്യുന്നത് എനിക്കിഷ്ടമല്ല. പക്ഷേ വെറുതേ ഇരിക്കുകയാണെന്ന് കരുതി അവര്‍ മമിതയെ മേക്കപ്പ് ചെയ്തു. മമിതക്ക് ഇക്കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിച്ചില്ല. ഷോട്ട് എടുക്കേണ്ട സമയത്ത് മമിതയെ വിളിച്ചപ്പോള്‍ അവള്‍ മേക്കപ്പ് ചെയ്തിട്ട് വരുന്നതാണ് കണ്ടത്. ‘ആരോട് ചോദിച്ചിട്ടാ മേക്കപ്പ് ചെയ്തത്? പോയി കഴുകിയിട്ട് വാ’ എന്ന് പറഞ്ഞ് തമാശക്ക് കൈയോങ്ങി. അതാണ് പിന്നീട് ‘ബാല മമിതയെ തല്ലി’ എന്ന രീതിയില്‍ പ്രചരിച്ചത്,’ ബാല പറഞ്ഞു.
Content Highlight: Director Bala about the controversy with Mamitha Baiju