കൊച്ചി: ദിലീപിനെ അനുകൂലിച്ചും എതിര്‍ത്തും സംസാരിക്കുന്നവരെ നേരിടാന്‍ കൊച്ചിയില്‍ വന്‍ സൈബര്‍ ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാകിസ്ഥാന്‍ ഐ.പി അഡ്രസുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സൈബര്‍ ഗുണ്ടായിസം നടത്തുന്നതെന്നും ഇവര്‍ക്കെതിരെ താന്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
”ദിലീപിനെതിരെയുള്ള വാര്‍ത്തകള്‍ക്ക് താഴെ സോഷ്യല്‍മീഡിയ പേജുകളില്‍ വരുന്ന കമന്റ്സ് വായിച്ചു നോക്കണം. ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതും എതിരെ പറയുന്നവരെ തെറി വിളിക്കുന്നതും വ്യാജന്‍മാരാണെന്ന് മനസിലാകും. വ്യാജ ഐ.ഡികളും നൂറ് കണക്കിന് കമന്റുകളും. കൊച്ചിയില്‍ ഒരു സൈബര്‍ ഗുണ്ടാ വിംഗുണ്ട്. ഇവര്‍ക്ക് അസോസിയേഷന്‍ വരെയുണ്ട്. ദിലീപിന്റെ പി.ആര്‍ വര്‍ക്ക് ചെയ്യുന്നതും ഇവരാണ്,” അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ക്കെതിരെ ഇത്തത്തിലുള്ള സംഘങ്ങള്‍ വ്യാജപ്രചരണം നടത്താറുണ്ടെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
‘റിലീസ് ചെയ്യുന്ന സിനിമകള്‍ക്കെതിരെയും ഇവര്‍ പ്രചരണം നടത്തുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ മോശമാണെന്ന് പറയും. ദിലീപിന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ സൂപ്പറെന്ന് പറയും. ഇതാണ് ഇവരുടെ രീതി,”ബൈജു കൊട്ടാരക്കര പറഞ്ഞു.
ഇത്തരം സംഘങ്ങള്‍ക്കെതിരെ താന്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പാകിസ്ഥാന്‍ ഐ.ഡികള്‍ ഉപയോഗിച്ചാണ് ഇവര്‍ സൈബര്‍ ഗുണ്ടായിസം കാണിക്കുന്നത്. ഒരിക്കല്‍ എന്റെയൊരു പേജ് ഒരു മെയില്‍ ഐ.ഡി ഉപയോഗിച്ച് ഈ സംഘം ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാകിസ്ഥാന്‍ ഐ.പി വെച്ചാണ് ഇത് ബ്ലോക്ക് ചെയ്തതെന്ന് കണ്ടെത്തി. ഇക്കാര്യത്തില്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയിട്ടുണ്ട്,’ ബൈജു പറഞ്ഞു.
ദിലീപിന് വേണ്ടി ഒരുപാട് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘ഇവര്‍ക്ക് പല ഗ്രൂപ്പുകളുണ്ട്. ഇതില്‍ എല്ലാം ദിലീപ് പാവാ ഡാ, മറ്റവന്‍ കുഴപ്പക്കാരനാണ് എന്ന കമന്റുകളാണ്. ദിലീപിനെ നല്ലവനാക്കി കാണിച്ച് കേസ് വഴി തിരിച്ചു വിടാനാണ് ഇവര്‍ ശ്രമിക്കുന്നത്,” ബൈജു പറഞ്ഞു.
അതേസമയം, ദിലീപും മറ്റ് പ്രതികളും ഉപയോഗിച്ച ആറ് ഫോണുകളും കോടതിക്ക് മുന്‍പാകെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ കൈമാറണമെന്നാണ് കോടതി പറഞ്ഞത്. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍ നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
ഫോണ്‍ നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് ഇന്നും ദിലീപിന്റെ അഭിഭാഷന്‍ ഉയര്‍ത്തിയത്. എന്നാല്‍ ഫോണ്‍ നല്‍കില്ലെന്ന് പ്രതികള്‍ക്ക് പറയാനാവില്ലെന്ന് കോടതി പറഞ്ഞു.
ഫോണ്‍ ഏല്‍പ്പിച്ചിരിക്കുന്ന ഏജന്‍സി ഏതാണെന്ന് കോടതി ചോദിച്ചു. ഫോണ്‍ മുംബൈയില്‍ ആണ് ഉള്ളതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഏജന്‍സിക്കും ഫോണ്‍ കൈമാറില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഏത് ഏജന്‍സി ഫോണ്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം തീരുമാനിക്കുന്നത് മറ്റൊരു കേസിലും കണ്ടിട്ടില്ലാത്ത കാര്യമാണെന്ന് പ്രോസിക്യൂഷനും തിരിച്ചടിച്ചു.
മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ആദ്യം ഫോണിന്റെ കാര്യത്തില്‍ തീരുമാനമാകട്ടെയെന്നായിരുന്നു കോടതിയുടെ നിലപാട്. സ്വന്തം നിലയ്ക്ക് പ്രതി ഫോണ്‍ പരിശോധനയ്ക്ക് അയച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
Content Highlights: Director Baiju Kottarakkara says that cyber goons are working for Dileep