| Sunday, 10th April 2022, 4:29 pm

വിദേശ ഷോയ്ക്കിടെ കാവ്യയേയും ദിലീപിനേയും തമ്മില്‍ കണ്ട കാര്യം പറഞ്ഞതാണ് നടി ആക്രമിക്കപ്പെടാന്‍ കാരണം; കുറ്റവാളികളെ ശിക്ഷിക്കണം, അതേത് പേട്ടനാണെങ്കിലും: ബൈജു കൊട്ടാരക്കര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കാവ്യ മാധവനും ദിലീപും വിദേശത്ത് ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോഴുണ്ടായ സംഭവങ്ങള്‍ പഞ്ഞതാണ് നടി ആക്രമിക്കപ്പെടാന്‍ കാരണമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് ബൈജു കൊട്ടാരക്കര ഇക്കാര്യം പറഞ്ഞത്.

‘കേസ് തുടങ്ങുന്നത് കാവ്യ മാധവനും ദിലീപും വിദേശത്ത് ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോള്‍ അവിടെ കണ്ട ചില കാര്യങ്ങള്‍ ആക്രമണത്തിന് ഇരയായ കുട്ടി വിളിച്ച് പറഞ്ഞതോടെയാണ്. മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയുമെല്ലാം സുഹൃത്തുക്കളാണ്. ഇതിന് ശേഷമാണ് ആ കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചത്.

മഞ്ജു വാര്യരില്‍ നിന്ന് പൊലീസിന് അറിയാന്‍ ഒരുപാട് വിവരങ്ങളുണ്ട്. നടി എന്താണ് വിളിച്ചുപറഞ്ഞത്, വിളിച്ച് പറഞ്ഞ ഡേറ്റ്, സമയം, അമേരിക്കയിലെയും ദുബായിലെയും ഷോയ്ക്ക് പോയപ്പോള്‍ വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ എന്നിവയെല്ലാം മഞ്ജുവില്‍ നിന്ന് അറിയാം.

അതുപോലെ അബാദ് പ്ലാസയില്‍ റിഹേഴ്സല്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ ദിലീപ് പിടിച്ച് തള്ളിയിരുന്നു. അന്ന് പിടിച്ചുമാറ്റിയത് സിദ്ദിഖും ഇടവേള ബാബുവും ചേര്‍ന്നാണ്. ഈ കാര്യങ്ങളെല്ലാം വെച്ചാണ് തിങ്കളാഴ്ച കാവ്യയെ ചോദ്യം ചെയ്യേണ്ടത്. ഇപ്പോള്‍ തന്നെ കാവ്യയ്ക്ക് രാമന്‍പിള്ള ക്ലാസ് കൊടുത്ത് തുടങ്ങിയിട്ടുണ്ടാവുമല്ലോ.

ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത് പൊലീസ് ക്ലബിലേക്ക് അല്ല. രഹസ്യമായ ഒരു സ്ഥലത്തായിരുന്നു, സ്ഥലം പറയാന്‍ ദിലീപിനോടാണ് പറഞ്ഞത്. അങ്ങനെയാണ് അങ്കമാലിയിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് ദിലീപിനെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും. അതുപോലെയാണ് ഇപ്പോള്‍ കാവ്യയ്ക്കും പറഞ്ഞിരിക്കുന്നത്. സാക്ഷിയായിട്ടാണ് വിളിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവരാത്ത കാര്യങ്ങളുണ്ട്. ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകള്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതില്‍ നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്.

മലയാള സിനിമയില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്. ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം സിനിമാ മേഖലയിലുണ്ട്. അവരുടെ കൈയില്‍ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ അവര്‍ സമ്മതിക്കില്ല. അവര്‍ തന്നെയാണ് സിനിമയെ നിയന്ത്രിക്കുന്നത്. എതിര്‍ക്കുന്നവരെ അവര്‍ പൂര്‍ണമായും മാറ്റി നിര്‍ത്തും. അതിന് ഇരകളാണ് ഞാനും വിനയനുമൊക്കെ, പല നടിമാരും ഇരകളായിട്ടുണ്ട്.

എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ നമ്മള്‍ സിനിമയിലുണ്ടാകില്ല. അവര്‍ കൂട്ടത്തോടെ ആക്രമിക്കും. ദിലീപിന് ഗുല്‍ഷനുമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങള്‍ ദേശീയ ഏജന്‍സികള്‍ അന്വേഷിക്കണം. മാന്യന്മാരായ പല നടന്‍മാരും ഗുല്‍ഷന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടിട്ടുണ്ട്. ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ കൂട്ടാളിയ്ക്കൊപ്പമാണെന്ന് അവര്‍ ഓര്‍ക്കുന്നില്ല. എല്ലാ കാര്യത്തിലും വ്യക്തമായ അന്വേഷണം നടക്കണം. മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണം.

പണി അറിയുന്നവര്‍ സിനിമയില്‍ വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുത്. പണമുണ്ടെങ്കില്‍ എന്ത് വൃത്തികേടും കാണിച്ചുകൂട്ടാമെന്ന അവസ്ഥയാണ്. മലയാള സിനിമ തകരാതിരിക്കാന്‍ കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണം. അത് ഏത് കാവ്യനീതിയാണെങ്കിലും പേട്ടനാണെങ്കിലും ശരി, എങ്കില്‍ മാത്രമേ മലയാള സിനിമയ്ക്ക് നീതി ലഭിക്കൂ,’ ബൈജു കൊട്ടാരക്കര പറഞ്ഞു.

Content Highlights: Director Baiju Kottarakkara says about Dileep and Kavya Madhavan

We use cookies to give you the best possible experience. Learn more