എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന സിനിമയുടെ ഷൂട്ടിന് ശേഷം മോഹന്‍ലാലിന്റെയൊപ്പം വേളാങ്കണ്ണി യാത്ര പോയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഭരതന്‍. അന്ന് ഒരു ആക്‌സിഡന്റ് സംഭവിക്കേണ്ടതായിരുന്നു എന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലായിരുന്നു അന്ന് വണ്ടിയോടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഒരു നടനും സംവിധായകനും തമ്മിലുള്ള ബന്ധമല്ല ഇരുവരും തമ്മിലുള്ളതെന്നും പരസ്പരം ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്നും ഭദ്രന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന സിനിമയിലൂടെ ഞാനും ലാലും ശരിക്കും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. നടനും സംവിധായകനും തമ്മിലുള്ള ബന്ധമായിരുന്നില്ല ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. സ്ഥിരം കള്ളുകുടിയൊക്കെ നടത്തുന്ന തെറ്റായ കൂട്ടുകെട്ടോ ഒന്നുമായിരുന്നില്ല ഞങ്ങളുടേത്. വളരെ സുതാര്യമായ സൗഹൃദത്തിലൂടെയാണ് സിനിമ തുടങ്ങിയതും തീര്‍ത്തതുമെല്ലാം.
സിനിമ കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ച് വേളാങ്കണ്ണിക്ക് പോയി. ആ ദിവസങ്ങളില്‍ ഞങ്ങള്‍ എല്ലാവരും നോയമ്പായിരുന്നു. പള്ളിയില്‍ നിന്നും ഇറങ്ങി കഴിഞ്ഞ് ഞങ്ങള്‍ നെയ്‌ച്ചോറും തണുത്ത ബിയറും കഴിച്ചു. ഇതൊക്കെ കഴിഞ്ഞ് ഞങ്ങള്‍ തിരിച്ച് വരുകയായിരുന്നു. കാര്‍ ഓടിച്ചത് ലാലായിരുന്നു. ഞാനും സിനിമയുടെ നിര്‍മാതാക്കളും വണ്ടിയിലുണ്ടായിരുന്നു.
ഞങ്ങള്‍ എല്ലാം ചെറുതായിട്ടൊന്ന് ഉറങ്ങി. ഏതോ ഒരു വണ്ടിക്ക് സൈഡ് കൊടുത്തപ്പോള്‍ റൈറ്റ് സൈഡിലെ വീല്‍ മണ്ണിനടിലായി. അവിടെ വണ്ടിയൊന്ന് പാളി. ഒരു വിധത്തില്‍ ലാല്‍ വണ്ടി റോഡിലേക്ക് കയറ്റി. കണ്ണ് തുറന്ന് വരുമ്പോള്‍ ഇതാണ് ഞങ്ങള്‍ കാണുന്നത്. ആ വണ്ടിയങ്ങോട്ട് എടുത്തപ്പോള്‍ മിലിട്ടറി ട്രക്ക് കാറിന് നേരെ ഇടിക്കാന്‍ പാകത്തില്‍ വന്നു.
ശരിക്കും ഞാനൊക്കെ അലറി പോയി. അവിടുന്ന് വണ്ടിയൊന്ന് സൈഡിലേക്ക് മാറ്റി. ലോറി വേഗം പാഞ്ഞുപോയി. ഒരു രണ്ട് മൂന്ന് വണ്ടികള്‍ക്കിടയിലൂടെ പിന്നെ അയാള്‍ കാണിച്ച കസര്‍ത്ത് എനിക്ക് ഓര്‍ക്കാന്‍ വയ്യ. ശരിക്കും ഞാനങ്ങോട്ട് ഇല്ലാതായി പോയി,’ ഭദ്രന്‍ പറഞ്ഞു.
content highlight: director badran share a experience with mohanlal