| Monday, 7th March 2022, 8:25 am

പൂത്തുലഞ്ഞു നില്‍ക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടില്‍ വന്നിറങ്ങിയ വെള്ളരിപ്രാവിനെ കണ്ടപോലെ: പ്രണവിനെ കുറിച്ച് ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയാണ് ഹൃദയം. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ആരാധകരുടെ മനം കീഴടക്കിയിരുന്നു.

ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഹൃദയത്തിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഭദ്രന്‍ പ്രതികരിച്ചത്. തന്നോട് എന്തുകൊണ്ട് പ്രണവിനെ കുറിച്ചും ഹൃദയം എന്ന ചിത്രത്തെ കുറിച്ചും സംസാരിക്കുന്നില്ലെന്ന് പലരും ചോദിച്ചെന്നാണ് ഭദ്രന്‍ പറയുന്നത്.

‘പ്രണവിനെ ഇഷ്ടപ്പെട്ട അനവധി ആരാധകര്‍ വാട്‌സാപ്പിലൂടെ ചോദിച്ചുകൊണ്ടേയിരിക്കുന്നു, ഒരു അഭിനേതാവിന്റെ നല്ല പെര്‍ഫോമന്‍സിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രന്‍ സര്‍ എന്തേ ഹൃദയത്തിലെ പ്രണവിനെ മറന്നു പോയി,’ അദ്ദേഹം പറയുന്നു.

എന്നാല്‍ താന്‍ മറന്ന് പോയതല്ലെന്നും എഴുതണമെന്ന് കരുതിയിരുന്നെന്നും പോസ്റ്റില്‍ പറയുന്നു.

‘സത്യസന്ധമായും മറന്നതല്ല, എഴുതണമെന്ന് അന്ന് തോന്നി, പിന്നീട് അതങ്ങ് മറന്നു പോയി,’ അദ്ദേഹം പറഞ്ഞു.

പൂത്തുലഞ്ഞ ചെമ്പകപൂമരത്തിന്റെ തണ്ടില്‍ ഇരിക്കുന്ന വെള്ളരിപ്രാവിനെ പോലെയാണ് ഹൃദയത്തിലെ പ്രണവെന്നാണ് ഭദ്രന്‍ പറയുന്നത്.

‘പൂത്തുലഞ്ഞു നില്‍ക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടില്‍ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ കണ്ടപോലെ തോന്നി, ഹൃദയത്തിലെ പ്രണവ്. എന്ത് ഗ്രേസ്ഫുള്‍ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനില്‍ നിന്നും പകര്‍ന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ജനുവരി 21ന് തിയേറ്ററുകളില്‍ എത്തിയ ഹൃദയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രണവിന്റെയും വിനീതിന്റേയും കരിയര്‍ ബെസ്റ്റ് എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്നു വന്നിരുന്നു.

ഫെബ്രുവരി 18ന് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയതിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രത്തിന്റെ പ്രീമിയര്‍.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. താന്‍ പഠിച്ചിരുന്ന കോളേജ് തന്നെയാണ് ഹൃദയത്തില്‍ കാണിച്ചതെന്ന് വിനീത് വ്യക്തമാക്കിയിരുന്നു.

ജേക്കബിന്റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ തീരുമാനം.


Content Highlights: Director Badran says about Pranav Mohanlal

We use cookies to give you the best possible experience. Learn more