'മുട്ടനാടിന്റെ ചോരകുടിച്ചതോ റെയ്ബാന്‍ ഗ്ലാസ് വച്ചതോ അല്ല സ്ഫടികം എന്ന ചിത്രത്തിന്റെ മഹത്വം': ഭദ്രന്‍
Malayalam Cinema
'മുട്ടനാടിന്റെ ചോരകുടിച്ചതോ റെയ്ബാന്‍ ഗ്ലാസ് വച്ചതോ അല്ല സ്ഫടികം എന്ന ചിത്രത്തിന്റെ മഹത്വം': ഭദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th December 2020, 2:11 pm

ലോകമെമ്പാടുമുള്ള മലയാളികളുടെ സിരകളില്‍ ചോരയോട്ടം കൂട്ടിയ കഥാപാത്രമായിരുന്നു സ്ഫടികത്തിലെ മോഹന്‍ലാലിന്റെ ആടുതോമയെന്ന കഥാപാത്രം. എന്നാല്‍ മുട്ടനാടിന്റെ ചോരകുടിച്ചതോ റെയ്ബാന്‍ ഗ്ലാസ് വച്ചതോ അല്ല ആ ചിത്രത്തിന്റെ മഹത്വമെന്നും മറിച്ച് അതിനിടയില്‍ കിടക്കുന്ന ബേസ് തന്നെയാണ് ചിത്രത്തിന്റെ മഹത്വമെന്നും പറയുകയാണ് സംവിധായകന്‍ ഭദ്രന്‍

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്പന്റെ കൈ വെട്ടുന്ന മകന്‍, മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന നായകന്‍, തുണി പറിച്ചടിക്കുന്ന മകന്‍ ഇതെല്ലം ഞാന്‍ ഉണ്ടാക്കിയ കഥാസന്ദര്‍ഭങ്ങളാണ്, പക്ഷേ ഇതെല്ലം ഒരു വലിയ കഥയുടെ പശ്ചാത്തലത്തിന്റെ ആവശ്യകതയായരുന്നു.

ഇങ്ങനെയൊക്കെ ചെയ്താല്‍ ജനം സ്വീകരിക്കുമോ എന്ന് അന്ന് പലരും ചോദിച്ചിരുന്നെന്നും പക്ഷേ കാഴ്ചക്കാരുടെ വികാരം എന്താണെന്ന് തനിക്ക് അറിയാമായിരുന്നെന്നും ഭദ്രന്‍ പറയുന്നു.

മലയാളിക്ക് ആ കഥാപാത്രത്തോട് താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞു. ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് കൂടി ആ ഒരു ആവേശം മനസ്സിലാക്കികൊടുക്കാനായി ഞങ്ങള്‍ ആ ചിത്രം ഒന്നുകൂടി തിയറ്ററിലേക്ക് കൊണ്ടുവരികയാണെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു.

മോഹന്‍ലാല്‍ ഒരു കഥാപാത്രം കൈയില്‍ കിട്ടിയാല്‍ അതിനുവേണ്ടി മാക്‌സിമം ചെയ്യാന്‍ പറ്റുന്നത് ചെയ്യുന്ന നടനാണ്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയിലെ ‘നിലാ പൈതലേ’ എന്ന ഗാനത്തില്‍ ഒരു റിഹേഴ്‌സല്‍ പോലും ഇല്ലാതെയാണ് മോഹന്‍ലാല്‍ ഒരു കുട്ടിയേയും വച്ച് മോട്ടോര്‍ സൈക്കിളില്‍ ഓടിച്ച്, ബാസ്‌കറ്റ് ബാള്‍ റിങിനകത്ത് ഇട്ടത്.

ആര്‍ക്കു കഴിയും അങ്ങനെ.സിനിമ 75 ശതമാനവും ഭാവനയാണ്, പക്ഷേ അത് സത്യമാണെന്ന് തോന്നിക്കുന്നിടത്താണ് വിജയം, അതാണ് ഹീറോയിസം. അങ്ങനെയാണ് അവരോടു ആരാധന തോന്നുന്നത്.’

‘ആ കാലത്ത് താരങ്ങള്‍ കഥാപാത്രത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ച ചെയ്യാനും തയ്യാറായിരുന്നു. ഇന്നിപ്പോള്‍ സിനിമക്ക് വേണ്ടിയുള്ള പഠനം കുറവാണ്, ഒരു സ്മാര്‍ട്ട് ഫോണുണ്ടെങ്കില്‍ ആര്‍ക്കും സിനിമ എടുക്കാം എന്ന അവസ്ഥയാണ്.

ഏതു നല്ല സിനിമ കണ്ടാലും ഞാന്‍ ആ സംവിധായകനെ വിളിക്കാറുണ്ട്. ഞാന്‍ എന്തും ‘ഡെയര്‍ ഡെവിള്‍’ ആയി ചെയ്യുന്ന ഒരാളാണ്. എത്രയോ വര്‍ഷത്തെ മനനത്തിനു ശേഷമാണ് ഒരു സിനിമ ചെയ്യുന്നത്. ഓരോ ഷോട്ടും മനസ്സിലിട്ടു അഴിച്ചും പണിഞ്ഞും പാകപ്പെടുത്തിയതിനു ശേഷമാണ് ഷൂട്ട് തുടങ്ങുന്നതെന്നു ഭദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Badran About The Movie Spadikam