| Tuesday, 17th January 2023, 3:27 pm

മുണ്ട് പറിച്ചിട്ടുള്ള അടി സിനിമാറ്റിക് ആണെന്ന് എന്നോട് ആരും പറയരുത്, അതൊക്കെ എന്റെ നാട്ടില്‍ നടന്നതാണ്: ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ഫടികം സിനിമയില്‍ ആടുതോമ മുണ്ട് പറിച്ച് അടിക്കുന്നത് സിനിമാറ്റിക് ആണെന്ന് തന്നോട് പറയരുതെന്ന് സംവിധായകന്‍ ഭദ്രന്‍. അതൊന്നും സിനിമാറ്റിക് അല്ലെന്നും തന്റെ നാട്ടില്‍ അങ്ങനെ അടിക്കുന്നവര്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച റൈയ്ബാന്‍ ഗ്ലാസിനെക്കുറിച്ച് തന്റെ മനസില്‍ ഉണ്ടായിട്ടുള്ള ചിത്രം ആര്‍ക്കും അറിയില്ലെന്നും എല്ലാവരും വിചാരിച്ചത് ആടുതോമക്ക് ഒരു ഗമ കിട്ടാന്‍ വേണ്ടിയാണ് ഗ്ലാസ് ഉപയോഗിച്ചതെന്നാണെന്നും അദ്ദേഹം പറഞ്ഞു.

”മുണ്ട് പറിച്ചിട്ടുള്ള അടി സിനിമാറ്റിക് ആണെന്ന് എന്നോട് പറയരുത്. ഇതൊന്നും സിനിമാറ്റിക് അല്ല. ഇതൊക്കെ ഞങ്ങളുടെ നാട്ടിമ്പുറത്ത് ഓരോരുത്തര് ചെയ്തിട്ടുള്ളതാണ്. അതില്‍ നിന്നും ചെറിയ ഹാങ്ങോവര്‍ എടുത്തിട്ടാണ് സിനിമയില്‍ കാണിച്ചിരിക്കുന്ന്ത്.

ഇതൊക്കെ ജീവിതത്തില്‍ വളരെ സ്വഭാവികമായിട്ടുള്ള കാര്യങ്ങളാണ്. റൈയ്ബാന്‍ ഗ്ലാസിനെക്കുറിച്ച് എന്റെ മനസില്‍ ഉണ്ടായിട്ടുള്ള ചിത്രം ആര്‍ക്കെങ്കിലും അറിയുമോ. മോഹന്‍ലാല്‍ ആടുതോമയാണ് ഒരു റൈയ്ബാണ്‍ ഗ്ലാസ് ഇരിക്കട്ടെയെന്ന് വിചാരിച്ചിട്ടല്ല ഞാന്‍ സിനിമയില്‍ അതുകാണിച്ചത്. ഒരു ഗമ ഉണ്ടാവട്ടെയെന്ന് വിചാരിച്ചിട്ട് ഒന്നും അല്ല അത് ഉപയോഗിച്ചത്.

അതായത് റൈയ്ബാന്‍ ബ്രാന്‍ഡിനോളം മിടുക്കനാവേണ്ടവനായിരുന്നു ആടുതോമ. അതായിരുന്നു കാരണം അല്ലാതെ മറ്റൊന്നുമല്ല. അത്രക്കും മിടുക്കനായ കുട്ടിയായിരുന്നു തോമ. സിനിമ ഇറങ്ങിയ കാലത്ത് ആ ഗ്ലാസ് സാധാരണക്കാരല്ല വെച്ചുകൊണ്ടിരുന്നത്. പകരം മിലിട്ടറി ഓഫീസര്‍മാര്‍, പൊലീസ് ഓഫീസര്‍മാരൊക്കെയാണ്. അന്നേ അതിനെക്കുറിച്ച് എനിക്ക് നല്ല അറിവുണ്ട്,” ഭദ്രന്‍ പറഞ്ഞു.

4 കെ റീമാസ്റ്ററിംഗ് നടത്തി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 9 നാണ്. റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ‘ഞാന്‍ ആടുതോമ’ എന്ന ഡയലോഗും, ഇത് എന്റെ പുത്തന്‍ റൈയ്ബാന്‍ ഗ്ലാസ് എന്ന ഡയലോഗും ടീസറിലുണ്ട്.

content highlight: director badran  about spadikam

We use cookies to give you the best possible experience. Learn more