സിനിമയില്‍ സില്‍ക്കിന്റെ ക്ലീവേജ് കാണുന്നത് സെന്‍സര്‍ ബോഡിന് പ്രശ്നമായി, എനിക്ക് അവരെ സംവിധാനം പഠിപ്പിക്കേണ്ട അവസ്ഥ വരെ വന്നു: ഭദ്രന്‍
Entertainment news
സിനിമയില്‍ സില്‍ക്കിന്റെ ക്ലീവേജ് കാണുന്നത് സെന്‍സര്‍ ബോഡിന് പ്രശ്നമായി, എനിക്ക് അവരെ സംവിധാനം പഠിപ്പിക്കേണ്ട അവസ്ഥ വരെ വന്നു: ഭദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th February 2023, 11:12 pm

മോഹന്‍ലാല്‍ നായകനായ സ്ഫടികം സിനിമയുടെ റിലീസിന് മുമ്പ് സെന്‍സര്‍ ബോഡിന്റെ ഭാഗത്ത് നിന്നും ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍. സിനിമയില്‍ സില്‍ക്ക് സ്മിതയുടെ ക്ലീവേജ് കാണുന്നത് സെന്‍സര്‍ ബോര്‍ഡ് പ്രശ്‌നമായി ചൂണ്ടി കാണിച്ചിരുന്നുവെന്നും ഭദ്രന്‍ പറഞ്ഞു.

സില്‍ക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്റെ വേഷം തന്റെ നാട്ടിലുള്ളവര്‍ ധരിക്കുന്നതാണെന്നും അങ്ങനെ ഡ്രസ് ഇടാനുള്ള കാരണം അവര്‍ വെള്ളത്തില്‍ നിന്നും മണല്‍ കോരുന്നവരാണെന്നും സെന്‍സര്‍ ബോഡിന് പറഞ്ഞ് കൊടുക്കേണ്ടി വന്നുവെന്നും ഭദ്രന്‍ പറഞ്ഞു.

ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ സ്ഫടികം സിനിമക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സ്ഫടികം റിലീസിന് മുന്‍പ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് ഒത്തിരി പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമയില്‍ സില്‍ക്കിന്റെ ക്ലീവേജ് കാണുന്നതാണ് അവര്‍ പ്രശ്നമായി ചൂണ്ടി കാണിച്ചത്.

എനിക്ക് അവരെ സംവിധാനം പഠിപ്പിക്കേണ്ട അവസ്ഥ വരെ വന്നു. ക്യാമറ പൊസിഷന്‍ കുറച്ച് കൂടി മാറ്റിയിരുന്നെങ്കില്‍ സില്‍ക്കിന്റെ ശരീരം മുഴുവന്‍ കാണിക്കുന്ന രീതിയില്‍ ചിത്രീകരിക്കാമായിരുന്നു.

എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. ഈ കഥാപാത്രം ധരിച്ചിരിക്കുന്ന വേഷം ഞങ്ങളുടെ നാട്ടിന്‍പുറത്തുള്ളതാണ്. അങ്ങനെ ഡ്രസ് ഇടുന്നവരുണ്ട്. അതിന്റെ കാരണം അവര്‍ വെള്ളത്തില്‍ നിന്നും മണല്‍ കോരുന്നവര്‍ ആയത് കൊണ്ടാണ്.

വെള്ളത്തില്‍ നിന്നും മുങ്ങി പൊങ്ങുമ്പോള്‍ കൂടുതല്‍ തുണിയുണ്ടെങ്കില്‍ വെള്ളം അവിടെ തടഞ്ഞ് നില്‍ക്കും. അതുണ്ടാവാതെ നേരെ താഴേക്ക് ഇറങ്ങി പോകാനാണ് ഇത്തരത്തില്‍ വേഷം ധരിക്കുന്നതെന്ന് ഒക്കെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥയോട് പറഞ്ഞ് കൊടുക്കേണ്ടി വന്നു. അത്തരത്തില്‍ കുറേ വിഷയങ്ങള്‍ സ്ഫടികം സിനിമയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു,” ഭദ്രന്‍ പറഞ്ഞു.

content highlight: director badran about spadikam