| Wednesday, 15th February 2023, 8:05 pm

രതീഷ് എന്നെ ആ ചിത്രത്തില്‍ നിന്നും പുറത്താക്കി, ചെപ്പക്കുറ്റിക്ക് അടികൊടുക്കുന്നതിന് തുല്യമായിട്ടാണ് അന്ന് സംസാരിച്ചത്: ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അയ്യര്‍ ദി ഗ്രേറ്റ് എന്ന സിനിമയില്‍ നിന്നും ചിത്രത്തിന്റെ നിര്‍മാതാവായ രതീഷ് തന്നെ പുറത്താക്കിയതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ഭദ്രന്‍. രതീഷിന് ഡിസിപ്ലിന്‍ ഇല്ലായിരുന്നുവെന്നും സിനിമക്ക് വേണ്ടി ചിലവിടാന്‍ ഫണ്ട് ചെയ്യുന്നവര്‍ കൊടുക്കുന്ന പൈസ രതീഷ് വേറെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും ഭദ്രന്‍ പറഞ്ഞു.

സിനിമ ഷൂട്ട് ചെയ്യാന്‍ വരുമ്പോള്‍ ഫണ്ടില്ലാത്ത അവസ്ഥ വന്നുവെന്നും സിനിമക്ക് വേണ്ട പലതും അദ്ദേഹം വേണ്ടെന്ന് പറയുമായിരുന്നുവെന്നും ഭദ്രന്‍ പറഞ്ഞു. കാന്‍ ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്നെ അവന്‍ പുറത്താക്കി. ആ സമയത്ത് പുറത്താക്കാമായിരുന്നു. അതുപോലെയുള്ള നിയമം ഉണ്ടായിരുന്നു. അന്ന് ആ സംഘടനയുടെ ശക്തിയും ഉറവിടവും മദ്രാസിലായിരുന്നു.

സംഘടനയുടെ ചീഫ് വരദരാജനായിരുന്നു. എയ് തനിക്ക് എന്നാ വേണം, ശരി അപ്പടിതാനെ… ഭദ്രന്‍ നീ പുറത്ത് പോകൂയെന്ന് അദ്ദേഹം എന്നോടും പറഞ്ഞു. വരദരാജനും ഞാനും തമ്മില്‍ നല്ല അടുപ്പമാണ്. എന്നിട്ട് അദ്ദേഹം രതീഷിനെ ഒരു നാല് തെറി വിളിച്ചു. രതീഷാണല്ലോ പ്രൊഡ്യൂസര്‍. എന്നെ രണ്ട് ദിവസമൊന്ന് മാറ്റി നിര്‍ത്തണം. ‘മൂന്നാമത്തെ ദിവസം അദ്ദേഹം തന്നെ ഡയറക്ട് ചെയ്‌തോട്ടെ. പ്രൊഡ്യൂസര്‍ക്ക് ഒരു ഡയറക്ടറെ മാറ്റാനുള്ള അധികാരമുണ്ടെന്ന് കാണിച്ചു കൊടുക്കണം’. എന്നായിരുന്നു രതീഷ് എന്നെക്കുറിച്ച് പറഞ്ഞത്.

ആ ഹുങ്ക് വരദരാജന് ഇഷ്ടപെട്ടില്ല. ചെപ്പക്കുറ്റിക്ക് അടികൊടുക്കുന്നതിന് തുല്യമായിട്ടാണ് വരദരാജന്‍ അന്ന് രതീഷിനോട് സംസാരിച്ചത്. അങ്ങനെ ചെയ്യാമെന്നുള്ള നിയമം ഉള്ളത് കൊണ്ട് എന്നെ പുറത്താക്കി. പക്ഷെ എന്ത് സംഭവിച്ചു, രതീഷ് ഔട്ടായി. രതീഷ് വളരെ പെക്കുലിയറായിട്ടുള്ള വ്യക്തിയാണ്. പെട്ടെന്ന് അദ്ദേഹത്തെ എല്ലാവര്‍ക്കും ഇഷ്ടപ്പെടും.

പക്ഷെ രതീഷിന് ഒരു കുഴപ്പമുണ്ട്. എനിക്ക് അത് വലിയ കുഴപ്പമായിരുന്നു. ഡിസിപ്ലിന്‍ എന്ന് പറയുന്ന ഒരു സാധനം രതീഷിനില്ല. ഇങ്ങോട്ട് വാ എന്ന് പറഞ്ഞാല്‍ അങ്ങോട്ട് പോവും. അദ്ദേഹത്തിന്റെ ഒരു ഡിസിപ്ലിന്‍ ഇല്ലായ്മ തന്നെയായിരുന്നു ആ ഒരു സിനിമയില്‍ സംഭവിച്ചത്.

സിനിമ ഷൂട്ട് ചെയ്യേണ്ട പൈസ അദ്ദേഹം വേറെ എവിടെയെങ്കിലും കളയും. ലാസ്റ്റ് സിനിമ ഷൂട്ട് ചെയ്യാന്‍ വരുമ്പോള്‍ ഫണ്ടില്ലെന്ന് പറയും. അങ്ങനെ വരുമ്പോള്‍ സിനിമക്ക് വേണ്ട പലതും വേണ്ടെന്ന് പറയും. പക്ഷെ ഞാന്‍ അത് വേണമെന്ന് നിര്‍ബന്ധം പിടിക്കും.

പോലീസുകാര്‍ക്ക് അവസാനം നോക്കുമ്പോള്‍ ഷൂസ് പോലും കിട്ടിയില്ല. കാരണം വാടകക്ക് എടുത്ത സ്ഥലങ്ങളില്‍ പൈസ കുടിശ്ശിക കിടക്കുന്നുണ്ട്. എന്നിട്ട് ഷൂസില്ലാതെ അഭിനയിപ്പിക്കാന്‍ എന്നോട് വന്ന് പറഞ്ഞു. അതിന് ഞാന്‍ സമ്മതിച്ചില്ല. കാരണം അതെങ്ങനെയാണ് പോലീസുകാരെ ഷൂസില്ലാതെ അഭിനയിപ്പിക്കുക. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളായി. പക്ഷെ അവസാനം സംവിധായകനെ പുറത്താക്കാന്‍ നോക്കിയ നിര്‍മാതാവ് പുറത്തായി,” ഭദ്രന്‍ പറഞ്ഞു.

content highlight: director badran about ratheesh

We use cookies to give you the best possible experience. Learn more