മലയാളി സിനിമാ പ്രേക്ഷകര്‍ ഏറെ ആഷോഷിച്ച, ഇന്നും ആഘോഷിക്കുന്ന കഥാപാത്രമാണ് സ്ഫടികത്തിലെ ആട് തോമ. മോഹന്‍ലാലിന്റെ മാസ് കഥാപാത്രങ്ങളില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനമുള്ള ഈ കഥാപാത്രത്തെ വാര്‍ത്തെടുത്തതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഭദ്രന്‍.
മോഹന്‍ലാലിനെ മനസില്‍ കണ്ട് തന്നെ സൃഷ്ടിച്ച കഥാപാത്രമാണ് ആട് തോമയെന്നാണ് അദ്ദേഹം പറയുന്നത്. സ്ഫടികത്തിന്റെ തിരക്കഥയെഴുതുന്ന സമയത്ത് മോഹന്‍ലാലിന് പകരം മറ്റേതെങ്കിലും നടനെ ആലോചിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടിയുകയായിരുന്നു ഭദ്രന്‍. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് സ്ഫടികത്തെയും ആട് തോമയായുള്ള മോഹന്‍ലാലിന്റെ പ്രകടനത്തെയും കുറിച്ച് ഭദ്രന്‍ സംസാരിച്ചത്.
‘തിരക്കഥയെഴുതിയതിന് ശേഷമാണ് നടീനടന്മാരെ കുറിച്ച് ആലോചിച്ചതെന്ന് വലിയ ആളുകള്‍ വലിയ വര്‍ത്തമാനം പറുയന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇവിടെ അങ്ങനെ ആയിരുന്നില്ല. സ്ഫടികത്തിന്റെ ആദ്യ വാക്ക് എഴുതിയത് മുതല്‍ ലാല്‍ തന്നെയായിരുന്നു ആട് തോമ. ചാക്കോ മാഷ് തിലകന്‍ ചേട്ടനായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അവരെ മനസില്‍ കണ്ടുകൊണ്ട് തന്നെയാണ് ആ സിനിമ എഴുതിയത്,’ ഭദ്രന്‍ പറഞ്ഞു.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വ്യത്യസ്തമായ സവിശേഷതകളെ കുറിച്ചും ഭദ്രന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. അയ്യര്‍ ദി ഗ്രേറ്റില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ ചെയ്തിരുന്നെങ്കിലോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് അദ്ദേഹം മമ്മൂട്ടി-മോഹന്‍ലാല്‍ താരതമ്യം നടത്തിയത്.
‘മമ്മൂട്ടിയുടെ ഒരു പേഴ്‌സണാലിറ്റിയും ലുക്ക്‌സും അദ്ദേഹത്തിന്റെ ശബ്ദവുമുണ്ടല്ലോ. അയ്യര്‍ ദി ഗ്രേറ്റിലെ പ്രധാന ഘടകമായ പ്രെഡിക്ഷനെ അതിന്റേതായ ഗൗരവത്തില്‍ അവതരിപ്പിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും മമ്മൂട്ടിയുടെ ഇപ്പറഞ്ഞ സവിശേഷതകള്‍ക്ക് കഴിയും. അദ്ദേഹം ആ വാചകങ്ങള്‍ പറയുമ്പോഴുള്ള ആ ശക്തി അന്ന് മോഹന്‍ലാലിനില്ല.
ഇനി ആട് തോമയെ മമ്മൂട്ടി ചെയ്താലോ എന്ന് ചോദിച്ചാലും നോ എന്നാണ് എന്റെ മറുപടി. അതിനകത്ത് മോഹന്‍ലാല്‍ സ്റ്റണ്ട് ചെയ്തത് പോലെ മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റില്ല. ഇന്ന് എല്ലാ ടെക്‌നോളജിക്കല്‍ സപ്പോര്‍ട്ടുണ്ട്. അന്ന് അതൊന്നുമില്ലാത്ത കാലത്താണ് മോഹന്‍ലാല്‍ ഇക്കണ്ട പണിയെല്ലാം അതിനകത്ത് കാണിച്ച് വെച്ചിരിക്കുന്നത്. അതൊന്നും മമ്മൂട്ടിക്ക് അന്ന് ചെയ്യാനാകില്ലായിരുന്നു.
മാത്രമല്ല അതൊക്കെ ചെയ്യുമ്പോള്‍ വലിയ മെയ്‌വഴക്കം ആവശ്യമുണ്ട്. ആക്ഷന്‍ ചെയ്യുന്നതില്‍ മോഹന്‍ലാലിനോളം മെയ്‌വഴക്കമുള്ളവര്‍ അന്നുമില്ല, ഇന്നുമില്ല. ഇനിയുണ്ടാകുമെന്നും എനിക്ക് തോന്നുന്നില്ല,’ ഭദ്രന്‍ പറഞ്ഞു.
Content Highlight: Director Badran about Mammootty and Mohanlal’s action scenes