|

മമ്മൂട്ടി ആവാഹിക്കുന്ന ഒരു ശക്തിയുണ്ട്, അതൊരു ഭയങ്കര പ്രസരണമാണ്: ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചില വേഷങ്ങളില്‍ മമ്മൂട്ടി വന്ന് നിന്ന് കഴിഞ്ഞാല്‍ ആ പ്രദേശം മുഴുവന്‍ പ്രസരിക്കുമെന്ന് സംവിധായകന്‍ ഭദ്രന്‍. മമ്മൂട്ടി വെറും ഷര്‍ട്ടും മുണ്ടും ഇട്ട് വരുന്നതിനെക്കുറിച്ചല്ല താന്‍ പറയുന്നതെന്നും സിനിമയിലെ കഥാപാത്രങ്ങളായി മുന്നിലെത്തുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.

ചില വേഷപകര്‍ച്ചയിലൂടെ സ്‌ക്രീനിലേക്ക് വന്ന് നിന്ന് കഴിഞ്ഞാല്‍ അയാള്‍ അവാഹിക്കുന്ന ശക്തി പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ഭദ്രന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”മമ്മൂട്ടിയൊക്കെ ഒരു ബ്ലോക്കില്‍ അങ്ങ് കേറി നിന്നാല്‍ ആ പ്രദേശം മുഴുവന്‍ പ്രസരണം ചെയ്യുകയല്ലെ. ചില വേഷങ്ങളില്‍ മമ്മൂട്ടി വന്ന് നിന്ന് കഴിഞ്ഞാല്‍ അങ്ങനെയാണ്. മമ്മൂട്ടിയെന്ന വ്യക്തി ഷര്‍ട്ടും മുണ്ടും ഇട്ട് വരുന്നതല്ല ഞാന്‍ പറയുന്നത്.

ചില വേഷപകര്‍ച്ചയിലൂടെ സ്‌ക്രീനിലേക്ക് വന്ന് നിന്ന് കഴിഞ്ഞാല്‍ അയാള്‍ ആവാഹിക്കുന്ന ഒരു ശക്തിയുണ്ട്. അതൊരു ഭയങ്കര പ്രസരണമാണ്. അതുതന്നെയാണ് മോഹന്‍ലാലിനുമുള്ളത്,” ഭദ്രന്‍ പറഞ്ഞു

നേരത്തെ മോഹന്‍ലാലിനെക്കുറിച്ചും ഭദ്രന്‍ സംസാരിച്ചിരുന്നു. പൃഥ്വിരാജ് ഒരിക്കലും മോഹന്‍ലാലിന് പകരക്കാരനാവില്ലെന്നും വെള്ളിത്തിര സിനിമ താന്‍ സംവിധാനം ചെയ്തപ്പോള്‍ മോഹന്‍ലാലിനെയൊക്കെ പോലെ നന്നായി വരാന്‍ സാധ്യതയുള്ള ഒരു ഗ്രാഫ് താന്‍ പൃഥ്വിരാജില്‍ കാണുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും ഭദ്രന്‍ പറഞ്ഞു.

”വെള്ളിത്തിര സിനിമ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിന് പകരക്കാരനായിട്ട് ഒരു നടനെ കൊണ്ടു വരുന്നു എന്ന് പറഞ്ഞാണ് പൃഥ്വിരാജിനെ പരിചയപ്പെടുത്തിയത്. പക്ഷെ ആളുകള്‍ മനസിലാക്കുന്ന വേഡ് കപ്പാസിറ്റിയില്‍ അല്ല ഞാന്‍ അത് പറഞ്ഞത്.

ഒരിക്കലും മോഹന്‍ലാലിന് പൃഥ്വിരാജ് ഒരു പകരക്കാരനാവില്ല. അതെങ്ങനെ ആവാനാണ്. ഞാന്‍ അന്ന് പറഞ്ഞത് ആ രീതിയിലല്ല. മോഹന്‍ലാലിനെയൊക്കെ പോലെ നന്നായി വരാന്‍ സാധ്യതയുള്ള ഒരു ഗ്രാഫ് ഞാന്‍ പൃഥ്വിരാജില്‍ കാണുന്നുണ്ടെന്നാണ് പറഞ്ഞത്.

അത് ശരിയാണ്. അവന്റെ സെക്കന്റ് ഫിലിമായിരുന്നു വെള്ളിത്തിര. അയാള്‍ക്ക് എങ്ങനെ മോഹന്‍ലാല്‍ ആവാന്‍ കഴിയും. തലകുത്തി നിന്നാല്‍ പോലും പൃഥ്വിരാജിന് മോഹന്‍ലാലിനെ പോലെയാകാന്‍ കഴിയില്ല. അതുപോലെ പൃഥ്വിരാജിന് മമ്മൂട്ടിയാവാനും കഴിയില്ല,” ഭദ്രന്‍ പറഞ്ഞു.

28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭദ്രന്‍ സംവിധാനം നിര്‍വഹിച്ച സ്ഫടികം വീണ്ടും തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 4 കെ ഡോള്‍ബി അറ്റ്‌മോസില്‍ ഇറങ്ങിയ ചിത്രം തിയറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്.

content highlight: director badran about mammootty