| Tuesday, 12th January 2021, 12:54 pm

ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞ് എന്റെ കൈപിടിച്ച് മോഹന്‍ലാലിന്റെ അമ്മ പറഞ്ഞു, എന്തുരസമായിരിക്കുന്നു ലാലുമോന്റെ വേഷം: ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1982ല്‍ ശങ്കര്‍, മേനക, മോഹന്‍ലാല്‍ ടീമിന്റെ ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു”വിലൂടെ സ്വതന്ത്ര സംവിധായകനായ വ്യക്തിയാണ് ഭദ്രന്‍.

തുടര്‍ന്ന് ‘ചങ്ങാത്തം’, ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, ഇടനാഴിയില്‍ ഒരു കാലൊച്ച, അയ്യര്‍ ദ ഗ്രേറ്റ്, അങ്കിള്‍ ബണ്‍, സ്ഫടികം, യുവതുര്‍ക്കി, ഒളിമ്പ്യന്‍ അന്തോണി ആദം, വെള്ളിത്തിര, ഉടയോന്‍, എന്നിങ്ങനെ ‘ജൂതനി’ല്‍ എത്തിനില്‍ക്കുകയാണ് ഭദ്രന്റെ സംവിധാന സപര്യ.

മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം കൂടി ഭദ്രന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തന്റെ ആദ്യ സിനിമ മുതല്‍ മോഹന്‍ലാല്‍ തനിക്കൊപ്പമുണ്ടെന്ന് പറയുകയാണ് ഭദ്രന്‍.

എന്നും വില്ലന്‍ കഥാപാത്രം ചെയ്തിരുന്ന മോഹന്‍ലാലിന് ഒരു വ്യത്യസ്തവേഷമായിരുന്നു ‘എന്റെ മോഹങ്ങള് പൂവണിഞ്ഞു’ എന്ന ചിത്രത്തില്‍ താന്‍ നല്‍കിയതെന്നും ചിത്രം കണ്ട ലാലിന്റെ അമ്മയ്ക്ക് ഏറെ സന്തോഷമായെന്നും ഭദ്രന്‍ വനിത മാഗസിനില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

‘എന്റെ ആദ്യ സിനിമ മുതല്‍ മോഹന്‍ലാല്‍ ഉണ്ട്. സ്ഥിരമായി വില്ലന്‍ വേഷം ചെയ്യുന്ന കാലത്താണ് എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ശങ്കറിന്റെ കൂട്ടുകാരനായി അഭിനയിച്ചത്. ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞ് എന്റെ കൈപിടിച്ച് മോഹന്‍ലാലിന്റെ അമ്മ പറഞ്ഞു, എന്തുരസമായിരിക്കുന്നു ലാലുമോന്റെ വേഷം’, ഭദ്രന്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ കണ്ണില്‍ ഒരു കുസൃതിത്തിളക്കമുണ്ടെന്നും അതുകൊണ്ട് മോഹന്‍ലാല്‍ അല്ലാതെ മറ്റൊരാളെ സ്ഫടികം എന്ന ചിത്രത്തില്‍ തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും ഭദ്രന്‍ പറയുന്നു.

സര്‍വഗുണ സമ്പന്നന്‍മാരായ നായക കഥാപാത്രങ്ങളുടെ കാലത്ത് പോക്കിരിയും തന്നിഷ്ടക്കാരനുമായ ആടുതോമയെ ജനങ്ങള്‍ക്ക് ഇഷ്ടമാകുമോ എന്നൊരു സംശയം ആദ്യത്തെ നിര്‍മാതാവിന് ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവ് സിനിമയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് തോന്നിയതിന് പിന്നാലെയാണ് ഗുഡ്‌നൈറ്റ് മോഹനെ സമീപിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഥയുടെ ത്രെഡ് കേട്ടപ്പോള്‍ തന്നെ മോഹന് അതിന്റെ സാധ്യത പിടികിട്ടി. സ്ഫടികം റിലീസായ ദിവസം ആദ്യം തീരുമാനിച്ച നിര്‍മാതാവ് തനിക്ക് അടുത്ത സിനിമയ്ക്കുള്ള അഡ്വാന്‍സ് തന്നുവെന്നത് മറ്റൊരു കഥയാണെന്നും ഭദ്രന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Badran About His First Movie With Mohanlal

We use cookies to give you the best possible experience. Learn more